ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ; ഗിന്നസില്‍ ഇടം പിടിച്ച് ടോബികീത്ത്
2001 ജനുവരി 9ന് ജനിച്ച ടോബികീത്ത്‌ന് ഇപ്പോൾ 21 വയസ് പ്രായമുണ്ട്
പലതരം ഗിന്നസ് റെക്കോർഡുകളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോൾ പുതിയതായി ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ച ടോബികീത്ത് എന്ന നായയാണ് ഇൻസ്റ്റാഗ്രാമിലെ താരം. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന പദവിയാണ് ടോബികീത്ത്‌ന് ലഭിച്ചിരിക്കുന്നത്. ചിവാഹുവ ഇനത്തിൽ പെട്ട നായയാണ് ടോബികീത്ത്.
2001 ജനുവരി 9ന് ജനിച്ച ടോബികീത്ത്‌ന് ഇപ്പോൾ 21 വയസ് പ്രായമുണ്ട്. 20 വയസ്സ് തികയുമ്പോൾ ടോബികീത്ത് ജീവിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയായിരിക്കുമെന്നാണ് ഇതിന്‍റെ സംരക്ഷകര്‍ കരുതിയിരുന്നത്. എന്നാല്‍ പിന്നീട്, 2022 മാർച്ച് 16-നാണ് ഗിന്നസ് വേൾഡ് റെക്കോർഡുകൾ ടോബികീത്ത്നെ തേടി വരുന്നത്.
അമേരിക്കയിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിലാണ് ടോബി വളരുന്നത്. പ്രോട്ടീനുകൾ, പച്ചക്കറികൾ, അരി എന്നിവ അടങ്ങിയ സമീകൃതാഹാരമാണ് തന്റെ നായ്ക്കൾക്ക് നൽകുന്നതെന്ന് അതിന്‍റെ സംരക്ഷക ഗ്രീനേക്കേഴ്‌സിലെ ഗിസെല ഷോർ എപ്പോഴും ഉറപ്പാക്കിയിട്ടുണ്ട്. എന്നാല്‍ അതിനെ ആദ്യമായി ദത്തെടുത്തപ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ഇവര്‍ പറയുന്നു.
ജനിച്ച് ഏതാനും മാസങ്ങൾ മാത്രം പ്രായമുള്ളപ്പോഴാണ് നായയെ ഇവർ ദത്തെടുത്തത്. സാധാരണ ഈ ഇനത്തിൽപെട്ട നായകൾ 12 മുതൽ 18 വയസ് വരെയാണ് ജീവിക്കാറുള്ളത്. എന്നാൽ ടോബിക്കീത്ത് 21 വയസിലും ജീവിക്കുന്നത് അത്ഭുതകരമാണെന്ന് ഇവർ പറയുന്നു.
പീനട്ട് ബട്ടർ എന്നായിരുന്നു ആദ്യം നൽകിയ പേരെന്നും പിന്നീട് താനാണ് ടോബികീത്ത് എന്ന പേര് നൽകിയതെന്നും ഗിസെല ഷോർ പറയുന്നു. ടോബീകിത്തിന് ഇത്തരത്തിലൊരംഗീകാരം കിട്ടിയപ്പോൾ വളരെ അധികം സന്തോഷം തോന്നിയെന്നും ഈ റെക്കോർഡ് ഞങ്ങള്‍ അവന് നൽകിയ സ്‌നേഹത്തിന്റെ സാക്ഷ്യമാണെന്നും അവർ പറയുന്നു.
Adjust Story Font
16