സമ്പൂർണ യുദ്ധവിരാമം; ഇസ്രായേൽ നിലപാട് ദോഹ വെടിനിർത്തൽ ചർച്ചക്ക് തിരിച്ചടിയാകുന്നു
ആദ്യഘട്ട വെടിനിർത്തൽ രണ്ടു മാസം കൂടി ദീർഘിപ്പിക്കുകയെന്ന യുഎസ് നിർദേശത്തിൽ ഉറച്ചു നിൽക്കുകയാണ് ഇസ്രായേൽ

തെൽ അവിവ്: സമ്പൂർണ യുദ്ധവിരാമത്തിന് തയാറാകാത്ത ഇസ്രായേൽ നിലപാട് ദോഹ വെടിനിർത്തൽ ചർച്ചക്ക് തിരിച്ചടിയാകുന്നു. ആദ്യഘട്ട വെടിനിർത്തൽ രണ്ടു മാസം കൂടി ദീർഘിപ്പിക്കുകയെന്ന യുഎസ് നിർദേശത്തിൽ ഉറച്ചു നിൽക്കുകയാണ് ഇസ്രായേൽ. അതേസമയം അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ് വിറ്റ്കോഫ് ഇന്ന് ദോഹയിലെത്തും. അതിനിടെ ഗസ്സയിലും വെസ്റ്റ് ബാങ്കിലുമായി ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 10 ഫലസ്തീൻകാർ കൊല്ലപ്പെട്ടു.
ആദ്യഘട്ട വെടിനിർത്തൽ രണ്ടു മാസം കൂടി ദീർഘിപ്പിക്കുന്നതിനോടാണ് തങ്ങൾക്ക് താൽപര്യമെന്ന നിലപാടാണ് ഇസ്രായേൽ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചത്. 10 ബന്ദികളെ കരാറിന്‍റെ ആദ്യനാളിലും ബാക്കിയുള്ളവരെ അവസാന ദിവസവും കൈമാറുകയെന്ന പുതിയ നിർദേശവും നെതന്യാഹു സർക്കാർ മുന്നോട്ടുവെച്ചതായി ഇസ്രായേൽ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി റിപ്പോർട്ട് ചെയ്തു. സമ്പൂർണ യുദ്ധവിരാമത്തിലൂടെ മുഴുവൻ ബന്ദികളെയും മോചിപ്പിക്കുകയെന്ന നിലപാടിൽ ഹമാസ് ഉറച്ചു നിൽക്കുകയാണ്. ഏറെ ഗൗരവത്തോടെയാണ് ദോഹ ചർച്ചയിൽ തങ്ങളുടെ ഇടപെടലെന്ന് ഹമാസ് പ്രതികരിച്ചു.
ഇരുപക്ഷവും തമ്മിൽ ഭിന്നത തുടരുന്ന സാഹചര്യത്തിൽ ഇന്ന് ദോഹയിൽ എത്തുന്ന അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ് വിറ്റ്കോഫിന്റെ ഇടപെടൽ നിർണായകമാകും. ബന്ദികളുടെ മോചനമാണ് പ്രധാനമെന്ന് കഴിഞ്ഞ ദിവസം സ്റ്റിവ് വിറ്റ്കോഫ് വ്യക്തമാക്കിയിരുന്നു. ദോഹയിൽ ചർച്ച തുടരുന്നതിനിടെ, ഫലസ്തീനികൾക്കെതിരായ ആക്രമണം രൂക്ഷമാക്കുകയാണ് ഇസ്രായേൽ സേന.
സേനയുടെ വെടിവെപ്പിൽ മധ്യ, തെക്കൻ ഗസ്സയിൽ ആറുപേരും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിനിൽ നാലുപേരും കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിനിർത്തൽ കരാർ ലംഘിച്ച് നിരോധിത മേഖലയിലേക്ക് പ്രവേശിച്ചവരെയാണ് വെടിവെച്ചതെന്ന് സേന ന്യായീകരിച്ചു. വൈദ്യുതിയും കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും തടഞ്ഞ് ഗസ്സക്കുമേൽ ഇസ്രായേൽ പട്ടിണി അടിച്ചേൽപിക്കുകയാണെന്ന് ഖത്തറും ജോർഡനും ആരോപിച്ചു.കുടിവെള്ള വിതരണം വിച്ഛേദിച്ചതോടെ ഗസ്സയിലെ ജനങ്ങളുടെ ദുരിതം കൂടുതൽ രൂക്ഷമായതായി യുനിസെഫ് അറിയിച്ചു. ഇന്നു മുതൽ ചെങ്കടലിലൂടെ പോകുന്ന ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്കുനേരെ ആക്രമണം പുനരാരംഭിക്കുമെന്ന് യമനിലെ ഹൂതി വിമതർ മുന്നറിയിപ്പ് നൽകി.
Adjust Story Font
16