യു.എസ്, ബ്രിട്ടൻ താക്കീത് തള്ളി ഹൂത്തികൾ; ഇതുവരെ ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാനായില്ലെന്ന് ഇസ്രായേൽ സൈനിക വക്താവ്
സയണിസ്റ്റ് രാജ്യത്തിന്റെ കപ്പൽ സേവകരായി ആരു വന്നാലും ആക്രമണം നടത്തുമെന്നും ഹൂത്തികൾ വ്യക്തമാക്കി.
ചെങ്കടലിൽ ഇസ്രായേൽ കപ്പലുകളുടെ സേവനത്തിനായി രംഗത്തിറങ്ങുന്ന രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഹൂത്തികൾ. ഇതിൽ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന അമേരിക്കയുടെയും ബ്രിട്ടന്റേയും താക്കീത് ഹൂത്തികൾ തള്ളി. അമേരിക്കൻ യുദ്ധക്കപ്പലിനു നേർക്ക് ഇന്നലെ ആക്രമണം നടത്തിയ ഹൂത്തികൾക്ക് പെന്റഗണും ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയവും കടുത്ത മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഗസ്സയിൽ ആക്രമണം തുടരുന്നിടത്തോളം ചെങ്കടൽ വഴി ഇസ്രായേൽ കപ്പലുകൾ അനുവദിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നാണ് ഹൂത്തികളുടെ നിലപാട്.
സയണിസ്റ്റ് രാജ്യത്തിന്റെ കപ്പൽ സേവകരായി ആരു വന്നാലും ആക്രമണം നടത്തുമെന്നും ഹൂത്തികൾ വ്യക്തമാക്കി. ഇസ്രായേൽ അല്ലാത്ത മറ്റൊരു രാജ്യത്തിന്റെ കപ്പലുകൾക്കും ചെങ്കടലിൽ ആക്രമണം ഉണ്ടാകില്ല. ഇക്കാര്യം മറച്ചുപിടിച്ച് അമേരിക്ക നടത്തുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമെന്നും ഹൂത്തികൾ പറഞ്ഞു.
ആക്രമണം 97ാം ദിവസത്തിലെത്തിയിട്ടും ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാനായില്ലെന്ന് ഇസ്രായേൽ സൈനിക വക്താവ് സ്ഥിരീകരിച്ചു. എല്ലാ സൈനിക നടപടിയും ഉപയോഗിച്ച് അതിനാണ് ശ്രമം തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗസ്സയിലെ എല്ലാ ഭാഗങ്ങളിലും ആക്രമണം നടത്താതെ ഹമാസിനെ തുരത്തുക എളുപ്പമല്ലെന്നാണ് സൈന്യം നൽകുന്ന വിശദീകരണം. ഹമാസിനെ സമ്പൂർണമായി അമർച്ച ചെയ്യുക അസാധ്യമാണെന്ന് ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭയിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞതായി ഇസ്രായേൽ ചാനൽ 13 റിപ്പോർട്ട് ചെയ്തു.
വെസ്റ്റ് ബാങ്കിലെ പോരാളികളെ അമർച്ച ചെയ്യാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഇസ്രായേൽ ബന്ദിമോചനവുമായി ബന്ധപ്പെട്ട് ഖത്തർ മുന്നോട്ടുവച്ച പുതിയ നിർദേശം ചർച്ച ചെയ്യാമെന്ന് ഇന്നലെ ചേർന്ന യുദ്ധകാര്യ മന്ത്രിസഭ തീരുമാനം കൈക്കൊണ്ടതായി ഇസ്രായേൽ മാധ്യമങ്ങൾ. എന്നാൽ മുമ്പുള്ളതിൽ നിന്ന് ഭിന്നമല്ല പുതിയ നിർദേശമെന്നും ഇസ്രായേൽ മന്ത്രിമാരെ ഉദ്ധരിച്ച് മാധ്യമങ്ങൾ. അതേസമയം ബന്ദിമോചനവുമായി ബന്ധപ്പെട്ട് പുതുതായി ഒരു നിർദേശവും തങ്ങളുടെ പരിഗണനയിൽ ഇല്ലെന്ന് ഹമാസ് പറയുന്നു.
ആക്രമണം പൂർണമായും നിർത്തുക എന്നതുൾപ്പെടെ പോരാളികൾ മുന്നോട്ടുവച്ച ഉപാധികളുടെ പുറത്തല്ലാതെ ബന്ദിമോചനം നടപ്പില്ലെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാൻ പറഞ്ഞു. തെക്കൻ ലബനാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇന്നലെ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇതിനിടെ, ഇർബിൽ വിമാനത്താവളത്തിലെ യു.എസ് സൈനിക കേന്ദ്രത്തിനു നേർക്ക് ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസ് വിഭാഗം ഡ്രോൺ ആക്രമണം നടത്തി. ഗസ്സയിലെ യുദ്ധം തീർന്നാൽ ലബനാനെ എന്തു ചെയ്യണം എന്നറിയാമെന്ന് ഇസ്രായേൽ സൈനിക മേധാവി പറഞ്ഞു.
അതേസമയം, ഗസ്സയിലും ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. ഇന്നലെ മാത്രം 147 പേരാണ് കൊല്ലപ്പെട്ടത്. ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 23,357 ആയി. 59,410 പേർക്കാണ് പരിക്ക്. നുസൈറത്ത് അഭയാർഥി ക്യാമ്പിനു നേർക്കും രൂക്ഷമായ ആക്രമണം തുടർന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ നികുതി വർധിപ്പിക്കാൻ ഉടൻ തീരുമാനിക്കണമെന്ന് ഇസ്രായേൽ സെൻട്രൽ ബാങ്ക് മേധാവി നെതന്യാഹുവിനോട് നിർദേശിച്ചതായ റിപ്പോർട്ടും പുറത്തുവന്നു.
Adjust Story Font
16