Quantcast

ഹമാസിന്റെ ഒക്‌ടോബർ ഏഴ് ആക്രമണം: ഇസ്രായേൽ മിലിട്ടറി ഇന്റലിജൻസ് മേധാവി രാജിവച്ചു

ആക്രമണത്തെ തുടർന്ന്‌ സ്ഥാനമൊഴിയുന്ന ആദ്യത്തെ മുതിർന്ന ഉദ്യോഗസ്ഥനാണ് മേജർ ജനറൽ അഹരോൺ ഹലീവ

MediaOne Logo

Web Desk

  • Updated:

    2024-04-22 14:08:01.0

Published:

22 April 2024 12:54 PM GMT

Hamass October 7 attack: Israels military intelligence chief resigns
X

ടെൽ അവീവ്: ഇസ്രായേൽ മിലിട്ടറി ഇന്റലിജൻസ് മേധാവി മേജർ ജനറൽ അഹരോൺ ഹലീവ രാജിവച്ചു. ഹമാസിന്റെ ഒക്‌ടോബർ ഏഴ് ആക്രമണത്തിലുണ്ടായ ഇന്റലിജൻസ് വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. വിഷയത്തിൽ സ്ഥാനമൊഴിയുന്ന ആദ്യത്തെ മുതിർന്ന ഉദ്യോഗസ്ഥനാണ് മേജർ ജനറൽ അഹരോൺ ഹലീവ. 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഇന്റലിജൻസ് ഡയറക്ടറേറ്റ് മേധാവി തിങ്കളാഴ്ച രാജിവച്ചതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.

ഹമാസ് ആക്രമണത്തിൽ 1170 പേർ കൊല്ലപ്പെട്ടെന്നാണ് ഇസ്രായേൽ അധികൃതരെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇപ്പോൾ ഇസ്രായേൽ ആക്രമണങ്ങളിൽ 34,097 പേർ കൊല്ലപ്പെട്ടതായാണ് ഫലസ്തീൻ അതോറിറ്റിയുടെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇവരിൽ അധികവും കുട്ടികളും സ്ത്രീകളുമാണെന്നും ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഗസ്സയിൽ സമ്പൂർണ വെടിനിർത്തൽ വേണമെന്ന ഹമാസ് ആവശ്യം സ്വീകാര്യമല്ലെന്നും ഗസ്സയിൽ ആക്രമണത്തിന്റെ അടുത്ത ഘട്ടം ഉടൻ ആരംഭിക്കാൻ സൈനിക മേധാവി അനുമതി നൽകിയെന്നും ഇസ്രായേൽ സേനാ വക്താവ്. ഹമാസിന്റെ സൈനിക സംവിധാനത്തിന് കനത്ത പ്രഹരം ഏൽപിക്കുന്നതാകും തുടർ ആക്രമണ പദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചു. റഫയോട് ചേർന്ന് കൂടുതൽ യുദ്ധ സന്നാഹങ്ങളും ഇസ്രായേൽ ആരംഭിച്ചു. യുദ്ധകാര്യ മന്ത്രിസഭാ യോഗം ഹമാസിന്റെ ഉപാധികൾക്ക് വഴങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചു. വെടിനിർത്തൽ ചർച്ച അട്ടിമറിച്ചത് ഇസ്രായേൽ തന്നെയാണെന്ന് ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മാഈൽ ഹനിയ്യ ഇസ്താംബുളിൽ പറഞ്ഞു.

അതേസമയം, റഫക്കു നേരെ കരയാക്രമണത്തിനുള്ള മുന്നൊരുക്കം ഇസ്രായേൽ ശക്തമാക്കി. അൽനാസർ ആശുപത്രി വളപ്പിൽ കൂടുതൽ കൂട്ടക്കുഴിമാടങ്ങൾക്കായി തെരച്ചിൽ തുടരുകയാണ്. ജറൂസലേമിൽ ഫലസ്തീൻ പോരാളികളുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് പേർക്ക് പരിക്കേറ്റതായി ഇസ്രായേൽ അറിയിച്ചു.

വെസ്റ്റ്ബാങ്കിലെ അതിക്രമത്തിന്റെ പേരിൽ ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്ന് നെതന്യാഹു അമേരിക്കയെ അറിയിച്ചു. ഇസ്രായേലിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള കടന്നുകയറ്റം പൊറുപ്പിക്കില്ലെന്ന് മന്ത്രി ഗാൻറ്സിന്റെ മുന്നറിയിപ്പ് നൽകി. സിറിയയിലെ ഖറബ് അൽ ജിർറിലെ യു.എസ് സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ട് ഇറാഖിലെ മൂസിലിൽ നിന്നുണ്ടായ റോക്കറ്റാക്രമണം പ്രതിരോധിച്ചതായി യു.എസ് സെൻട്രൽ കമാന്റ്. 5 റോക്കറ്റുകളാണ് വെടിവെച്ചിട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാഖിലെ ഹിസ്ബുല്ല വിഭാഗം ഏറ്റെടുത്തു.

ഖാൻ യൂനുസിലെ രണ്ട് കൂട്ടക്കുഴിമാടങ്ങളിൽ നിന്ന് പുറത്തെടുത്ത ഇരുന്നൂറിലേറെ മൃതദേഹങ്ങളിൽ പലതിൽ നിന്നും അവയവങ്ങൾ കവർന്നതായി കണ്ടെത്തി.

TAGS :

Next Story