Quantcast

മുസ്‍ലിം വിദ്യാർഥികളോട് കടുത്ത വിവേചനം: ഹാർവാർഡ് യൂനിവേഴ്സിറ്റിക്കെതിരെ അന്വേഷണം

വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഹൃദയഭേദകമാണെന്ന് ലീഡ് അറ്റോർണി ക്രിസ്റ്റീന ജമ്പ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    8 Feb 2024 4:53 AM GMT

harvard university
X

അമേരിക്കയിലെ പ്രമുഖ സർവകലാശാലയായ ഹാർവാർഡിലെ കാമ്പസിൽ മുസ്‍ലിം, ഫലസ്തീൻ വിദ്യാർഥികളോട് കടുത്ത വിവേചനം കാണിക്കുന്നുവെന്ന പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. ഹാർവാർഡിനെതിരെ മുസ്‍ലിം ലീഗൽ ഫണ്ട് ഓഫ് അമേരിക്ക (എം.എൽ.എഫ്.എ) നൽകിയ ഫെഡറൽ പൗരാവകാശ പരാതിയിലാണ് അന്വേഷണം.

പീഡനങ്ങളിൽനിന്നും ഭീഷണികളിൽനിന്നും സംരക്ഷിക്കുന്നതിൽനിന്ന് സ്ഥാപനം പരാജയപ്പെട്ടുവെന്ന് വിദ്യാർഥികൾ പരാതി പറയുന്നതായി എം.എൽ.എഫ്.എ വ്യക്തമാക്കുന്നു. മുസ്‌ലിംകളുടെയും മുസ്‌ലിം സംഘടനകളുടെയും പൗരാവകാശങ്ങൾ സംരക്ഷിക്കാൻ ആരംഭിച്ചതാണ് മുസ്‍ലിം ലീഗൽ ഫണ്ട് ഓഫ് അമേരിക്ക.

ഒക്ടോബർ ഏഴിലെ ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണശേഷം അമേരിക്കൻ കാമ്പസുകളിൽ ഇത്തരത്തിൽ വലിയ വിവേചനവും പീഡനങ്ങളുമാണ് നടക്കുന്നത്. കാമ്പസുകളിലെ യഹൂദവിരുദ്ധതയും ഇസ്‌ലാമോഫോബിയയും സംബന്ധിച്ച് ഹാർവാർഡിലും മറ്റു സർവകലാശാലകളിലും വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് ഹാർവാർഡിൽ പുതിയ പരാതിയുടെ പേരിൽ വീണ്ടും അന്വേഷണം പ്രഖ്യപിച്ചത്.

ഫലസ്തീൻ, അറബ്, മുസ്ലീം വിഭാഗങ്ങളും ഫലസ്തീൻ ജനതയുടെ അവകാശങ്ങളെ പിന്തുണക്കുന്നവരും കടുത്ത ഭീഷണിയും വിവേചനവുമാണ് നേരിടുന്നത്. ഇത്തരത്തിൽ ഒരു ഡസനിലധികം വിദ്യാർഥികൾക്കു വേണ്ടിയാണ് പരാതി നൽകിയത്.

ഇവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഹൃദയഭേദകമാണെന്ന് വിദ്യാർഥികളുടെ ലീഡ് അറ്റോർണിയും എം.എൽ.എഫ്.എയുടെ സിവിൽ ലിറ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് മേധാവിയുമായ ക്രിസ്റ്റീന ജമ്പ് പറഞ്ഞു. അവർ കാമ്പസിലൂടെ നടക്കുമ്പോൾ മറ്റുള്ളവർ കുറ്റപ്പെടുത്തുകയാണ്. അവരെ തീവ്രവാദികൾ എന്ന് വിളിക്കുന്നു.

സർവകലാശാലയിൽ സംഭവിക്കുന്നതിനെക്കുറിച്ച് ഇവർ ഭയപ്പാടിലാണ്. പലർക്കും ഒറ്റക്ക് ക്ലാസുകളിൽ പോകാൻ പേടിയാണ്. ഇതുകാരണം പലർക്കും പഠനം നഷ്ടപ്പെട്ടുവെന്നും ക്രിസ്റ്റീന പറഞ്ഞു. കൂടാതെ വിദ്യാർഥികളുടെ പരാതികൾ കേൾക്കാൻ യൂനിവേഴ്സിറ്റി അധികൃതർ ശ്രമിച്ചില്ലെന്നും ഇവർ ആരോപിച്ചു.

ഈ മാസം ആദ്യം ഹാർവാർഡിലെ ഇടക്കാല പ്രസിഡന്റ് അലൻ ഗാർബർ ഇസ്‌ലാമോഫോബിയക്കെതിരെയും അറബ് വിരുദ്ധ പക്ഷപാതത്തിനെതിരെയും പോരാടാൻ പ്രത്യേക പ്രസിഡൻഷ്യൽ ടാസ്‌ക് ഫോഴ്‌സ് ആരംഭിച്ചിരുന്നു. ഇത്തരത്തിൽ യഹൂദവിരുദ്ധതയ്‌ക്കെതിരെയും ടാസ്‌ക് ഫോഴ്‌സ് സർവകലാശാലയിലുണ്ട്.

‘ഞങ്ങളുടെ കാമ്പസിൽ യഹൂദവിരുദ്ധ, ഇസ്ലാമോഫോബിക് പ്രവർത്തനങ്ങളുടെ റിപ്പോർട്ടുകൾ വർധിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ്, എങ്ങനെയാണ് അത് സംഭവിക്കുന്നതെന്ന് ഞങ്ങൾ പഠിക്കുകയാണ്. അത് തടയാൻ ഞങ്ങൾ കൂടുതൽ ചെയ്യും’ -അലൻ ഗാർബർ പറഞ്ഞു.

TAGS :

Next Story