ചൈനയില്‍ നാശം വിതച്ച് കനത്ത മഴ
വിവിധയിടങ്ങളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു
ബെയ്ജിങ്: ശക്തമായ മഴയെത്തുടർന്ന് ചൈനയിൽ 11 പേർ മരിച്ചു. 27 പേരെ കാണാതായി. മഴയിൽ ഒറ്റപ്പെട്ടുപോയ ട്രയിൻ യാത്രക്കാർക്ക് സാധനങ്ങളെത്തിക്കാൻ സൈനിക ഹെലികോപ്റ്ററുകൾ വിന്യസിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച മുതൽ ചൈനയുടെ വടക്ക് ഭാഗത്ത് ഡോക്‌സൂരി ചുഴലിക്കാറ്റടിച്ചിരുന്നു. ഭീതിതമായ ചുഴലിക്കാറ്റ് ഫിലിപ്പീൻസിൽ നിന്നാണ് തെക്കൻ ഫ്യുജിയാൻ പ്രവിശ്യയിലേക്ക് കടന്നത്.
കനത്ത മഴ കാരണം നഗരവും പരിസരപ്രദേശങ്ങളും ബുദ്ധിമുട്ടുകയാണ്. ജൂലൈയിൽ ആകെ ലഭിക്കേണ്ട മഴ 40 മണിക്കൂർ കൊണ്ട് തലസ്ഥാനത്ത് പെയ്തതായാണ് കണക്ക്. വിവിധയിടങ്ങിളിൽ ഒറ്റപ്പെട്ടവർക്കായി ഭക്ഷണമെത്തിക്കാനുള്ള എയർഡ്രോപ് റെസ്‌ക്യൂ മിഷനു വേണ്ടി 26 സൈനികർ അടങ്ങിയ സൈനിക യൂണിറ്റിനെയും നാലു ഹെലികോപ്ടറുകളെയും അധികൃതർ സജ്ജമാക്കിയിട്ടുണ്ട്.
'ജൂലൈ 31 ന് ബെയ്ജിങിലെ ഫങ്ഷാൻ, മൊൻടഗ്യൂ പ്രദേശങ്ങളിൽ മഴ കാരണം ധാരാളം നാശനഷ്ടങ്ങളുണ്ടായി. ചില മേഖലകളിൽ ട്രയിൻ, റോഡ് ഗതാഗതം പൂർണമായും നിലച്ച അവസ്ഥയിലാണ്. മൂന്ന് ട്രയിനുകൾ പാതിവഴിയിൽ കുടുങ്ങിക്കിടക്കുന്നു'- ചൈന സെൻട്രൽ ടെലിവിഷൻ റിപ്പോർട്ടു ചെയ്തു.
മൊൻടഗ്യൂവിലെ ഒന്നര ലക്ഷം വീടുകളിൽ കുടിവെള്ളക്ഷാമം അനുഭപ്പെടുന്നതായി പ്രാദേശിക വാർത്താ പത്രം ബീജിങ് ഡെയ്‌ലി റിപ്പോർട്ടു ചെയ്തു. അടിയന്തര പ്രശ്‌ന പരിഹാരത്തിനായി 45 വാട്ടർ ടാങ്കറുകൾ പ്രദേശത്തെത്തിയിട്ടുണ്ട്.
ബെയ്ജിങ്ങിലും അയൽപ്രദേശമായ ഹെബെയ് പ്രവിശ്യയിലും ഇപ്പോൾ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 1988 ൽ നഗരം നിർമ്മിച്ചതിന് ശേഷം ആദ്യമായാണ് വെള്ളപ്പൊക്ക നിയന്ത്രണ റിസർവോയർ സജീവമാക്കേണ്ടി വരുന്നത് മാധ്യമങ്ങൾ അറിയിച്ചു. ചൈനയുടെ കിഴക്കൻ തീരത്ത് മറ്റൊരു ചുഴലിക്കാറ്റിന് സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ വിദഗ്ദ്ധർ അറിയിച്ചു.
ഈ വേനൽക്കാലത്ത് ചൈനയിൽ റെക്കോർഡ് താപനില രേഖപ്പെടുത്തിയിരുന്നു. 2012 ലെ പ്രളയത്തിൽ ചൈനയിൽ 79 പേർ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.
Adjust Story Font
16