Quantcast

ഹസൻ നസ്‌റുല്ലയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തിൽ ഒരു പോറലുമില്ലെന്ന് റിപ്പോര്‍ട്ട്

ബെയ്‌റൂത്തിലുണ്ടായിരുന്ന ഒരു ഇറാൻ ചാരനാണ് ഹസൻ നസ്‌റുല്ലയുടെ സാന്നിധ്യത്തെ കുറിച്ച് ഇസ്രായേലിനു വിവരം കൈമാറിയതെന്ന തരത്തിൽ വാർത്തകൾ വരുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-09-29 17:09:05.0

Published:

29 Sep 2024 5:08 PM GMT

Body of Hezbollah leader Hassan Nasrallah recovered
X

ബെയ്‌റൂത്ത്: ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുല്ല തലവൻ സയ്യിദ് ഹസൻ നസ്‌റുല്ലയുടെ മൃതദേഹം കണ്ടെത്തി. ലബനാൻ തലസ്ഥാനമായ ബെയ്‌റൂത്ത് നഗരത്തിന്റെ ദക്ഷിണ പ്രാന്തങ്ങളിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് മൃതദേഹം കണ്ടെടുത്തത്. ലബനാൻ സുരക്ഷാ-മെഡിക്കൽ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ 'റോയിട്ടേഴ്‌സ്' ആണ് വാർത്ത പുറത്തുവിട്ടത്.

ഹസൻ നസ്‌റുല്ലയുടെ ഭൗതികദേഹത്തിൽ ഒരു പോറലോ പരിക്കോ ഒന്നുമില്ലെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഒന്നും ബാക്കിയില്ലാത്ത വിധം ശരീരം ഛിന്നഭിന്നമായതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇതു തള്ളുന്നതാണു പുറത്തുവരുന്ന വിവരങ്ങൾ. മിസൈൽ ആക്രമണത്തിലുണ്ടായ സ്‌ഫോടനത്തിന്റെ ശക്തമായ ആഘാതത്തിലായിരിക്കാം മരണം സംഭവിച്ചതെന്നാണു കരുതപ്പെടുന്നത്. അതേസമയം, എങ്ങനെയാണ് അദ്ദേഹം മരിച്ചതെന്ന് ഹിസ്ബുല്ല വ്യക്തമാക്കിയിട്ടില്ല. മരണാനന്തര ചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ സെപ്റ്റംബർ 27നു രാത്രി ബെയ്‌റൂത്തിൽ വൻ നാശംവിതച്ച ഇസ്രായേൽ മിസൈൽ ആക്രമണത്തിലാണ് ഹസൻ നസ്‌റുല്ല കൊല്ലപ്പെടുന്നത്. ബെയ്‌റൂത്തിലെ ഹിസ്ബുല്ല ആസ്ഥാനം ലക്ഷ്യമാക്കിയായിരുന്നു ഇസ്രായേൽ ആക്രമണം. ആസ്ഥാനം പൂർണമായി തകർന്നതായാണു വിവരം. ആക്രമണത്തിൽ വലിയ ബഹുനില കെട്ടിടങ്ങൾ തകർന്നടിഞ്ഞിട്ടുണ്ട്. ഇതിനിടയിൽ വലിയ ഗർത്തം രൂപപ്പെട്ടതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.

സംഭവം നടന്നു മണിക്കൂറുകൾക്കുശേഷമാണ് ഹസൻ നസ്‌റുല്ലയുടെ മരണം ഹിസ്ബുല്ല ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. നസ്‌റുല്ല രക്തസാക്ഷിയായിരിക്കുന്നുവെന്നായിരുന്നു പ്രഖ്യാപനം. ഹിസ്ബുല്ല കമാൻഡറായ അലി കരാകിയും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ബെയ്‌റൂത്തിലെ ദാഹിയ ജില്ലയിലാണ് ഹിസ്ബുല്ല ആസ്ഥാനം സ്ഥിതി ചെയ്തിരുന്നത്. ആറുനിലയുള്ള കെട്ടിട സമുച്ചയം നിലനിന്നിരുന്ന സ്ഥലത്താണ് വലിയ ഗർത്തം രൂപപ്പെട്ടിട്ടുള്ളതെന്നാണ് ഇസ്രായേൽ മാധ്യമമായ 'ജറൂസലം പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണം നടക്കുന്നതിന് ഏതാനും മണിക്കൂറുകൾക്കുമുൻപ് ഇറാൻ റെവല്യൂഷനറി ഗാർഡ് കമാൻഡർ അബ്ബാസ് നിൽപൊറൂഷാനും ലബനാനിലെ ഖുദ്‌സ് സേനാ കമാൻഡർക്കുമൊപ്പം ഒരേ വാഹനത്തിലാണ് ഹസൻ നസ്‌റുല്ല ആസ്ഥാനത്തെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. അബ്ബാസും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇവർക്കൊപ്പം 20 ഹിസ്ബുല്ല അംഗങ്ങളും കൊല്ലപ്പെട്ടതായാണ് ഐഡിഎഫ് അവകാശപ്പെടുന്നത്.

ഇസ്രായേൽ രഹസ്യാന്വേഷണ സംഘത്തിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹിസ്ബുല്ല ആസ്ഥാനം ലക്ഷ്യമാക്കി ആക്രമണം നടത്തിയതെന്നാണ് നേരത്തെ ഐഡിഎഫ് വെളിപ്പെടുത്തിയത്. ആസ്ഥാനം കേന്ദ്രമായി ഹിസ്ബുല്ലയുടെ മുതിർന്ന കമാൻഡ് സംഘം ഇസ്രായേലിനെതിരായ ആക്രമണത്തിനു നേതൃത്വം നൽകുകയായിരുന്നുവെന്നും ഈ വിവരം അറിഞ്ഞാണ് മിസൈൽ വിക്ഷേപിച്ചതെന്നുമായിരുന്നു ഐഡിഎഫ് വാദിച്ചത്.

എന്നാൽ, ബെയ്‌റൂത്തിലുണ്ടായിരുന്ന ഒരു ഇറാൻ ചാരനാണ് ഹസൻ നസ്‌റുല്ലയുടെ സാന്നിധ്യത്തെ കുറിച്ച് കൈമാറിയതെന്ന തരത്തിൽ ഇപ്പോൾ വാർത്തകൾ വരുന്നുണ്ട്. ഹിസ്ബുല്ലയുടെ ഭൂഗർഭതാവളത്തിൽ അദ്ദേഹം ഉണ്ടെന്നായിരുന്നു വിവരം നൽകിയത്. ഇവിടെ സംഘത്തിന്റെ പ്രമുഖരായ നിരവധി നേതാക്കളുമുണ്ടെന്നും റിപ്പോർട്ട് ലഭിച്ചിരുന്നുവെന്നാണു സൂചന. നേരത്തെ, നിരവധി ഹിസ്ബുല്ല നേതാക്കളുടെ മരണത്തിനും നൂറുകണക്കിനു പേരുടെ ഗുരുതര പരിക്കിനുമിടയാക്കിയ പേജർ ആക്രമണത്തിനു പിന്നിലും മൊസാദ് ചാരന്മാരുടെ പങ്ക് ആരോപിക്കപ്പെട്ടിരുന്നു. ഹിസ്ബുല്ലയ്ക്കകത്തുള്ള ചാരന്മാർ നൽകിയ വിവരമാണ് ഇത്തരമൊരു ആക്രമണത്തിന് ഇസ്രായേലിനെ സഹായിച്ചതെന്നായിരുന്നു പ്രചാരണം.

ഇറാൻ പിന്തുണയുള്ള രാഷ്ട്രീയ പാർട്ടിയും സായുധ വിഭാഗവുമായ ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറലാണ് ഹസൻ നസ്‌റുല്ല. കഴിഞ്ഞ 32 വർഷമായി ഇദ്ദേഹമാണ് സംഘടനയെ നയിക്കുന്നത്. 1992 ഫെബ്രുവരിയിലാണ് ഹസൻ നസ്‌റുല്ല ചുമതലയേൽക്കുന്നത്.

Summary: Body of Hezbollah leader Hassan Nasrallah recovered 'in tact' from attack site in Beirut: Reports

TAGS :

Next Story