തെല്‍ അവീവില്‍ ഹിസ്ബുല്ല മിസൈല്‍ വര്‍ഷം; ഏറ്റവും വലിയ വിമാനത്താവളവും സൈനികതാവളവും ലക്ഷ്യമിട്ട് ആക്രമണം
ബെൻ ഗുരിയോൻ എയർപോർട്ടിനു സമീപത്തുള്ള സൈനികതാവളം ആക്രമിച്ചതായി ഹിസ്ബുല്ല അവകാശപ്പെട്ടിട്ടുണ്ട്
ആക്രമണം ഭയന്ന് വിമാനത്താവളത്തിലെ റോഡില്‍ ഒളിച്ചിരിക്കുന്ന യാത്രക്കാര്‍
തെൽ അവീവ്: ഇസ്രായേലിലെ ഏറ്റവും വലിയ വിമാനത്താവളത്തിൽ വീണ്ടും ഹിസ്ബുല്ല ആക്രമണം. ബെർ ഗുരിയോൻ വിമാനത്താവളത്തിലാണ് മിസൈൽ ആക്രമണം. തെൽ അവീവിൽ വിമാനത്താവളത്തോട് ചേർന്നുള്ള സൈനികതാവളം ആക്രമിച്ചെന്നാണ് ഹിസ്ബുല്ല അറിയിച്ചത്. ആഴ്ചകൾക്കുമുൻപ്, ബെഞ്ചമിൻ നെതന്യാഹു യുഎസ് സന്ദർശനം കഴിഞ്ഞു മടങ്ങുംവഴിയും ബെൻ ഗുരിയോൻ വിമാനത്താവളം ലക്ഷ്യമിട്ട് ഹിസ്ബുല്ല വ്യോമാക്രമണം നടന്നിരുന്നു.
കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കിടെ പത്ത് മിസൈലുകൾ തെൽ അവീവ് ലക്ഷ്യമാക്കി എത്തിയെന്ന് 'ദി വാൾസ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഒരു മിസൈൽ വിമാനത്താവളത്തിലെ തുറസ്സായ സ്ഥലത്ത് പതിച്ചതായാണു വിവരം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബെൻ ഗുരിയോൻ വിമാനത്താവളത്തിൽനിന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇവിടത്തെ വാഹന പാർക്കിങ് കേന്ദ്രത്തിൽ വലിയ ഗർത്തം രൂപപ്പെടുകയും ചെയ്തതായി 'ദി ടെലഗ്രാഫ്' റിപ്പോർട്ട് ചെയ്യുന്നു.
ഇന്നു രാവിലെ മുതൽ തെൽ അവീവ് ഉൾപ്പെടെ ഇസ്രായേൽ നഗരങ്ങൾ ലക്ഷ്യമിട്ട് ഹിസ്ബുല്ല ആക്രമണം നടക്കുന്നുണ്ട്. മധ്യ-വടക്കൻ ഇസ്രായേൽ മേഖലയിലെല്ലാം റോക്കറ്റ് വർഷമാണ്. ഇവിടങ്ങളിലെല്ലാം രാവിലെ മുതൽ നിരന്തരം അപായ സൈറണുകൾ മുഴങ്ങുന്നുണ്ട്. ഇതിനിടയിലാണ് അപ്രതീക്ഷിതമായി തെല്‍ അവീവും രാജ്യത്തെ പ്രധാന വിമാനത്താവളവും ലക്ഷ്യമിട്ട് ആക്രമണം നടക്കുന്നത്.
ഇസ്രായേലിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം കൂടിയാണ് ബെൻ ഗുരിയോൻ. പ്രതിവർഷം രണ്ടു കോടിയിലേറെ പേരാണ് ഇതുവഴി യാത്ര ചെയ്യുന്നത്. എന്നാൽ, ഗസ്സയിൽ ആക്രമണം ആരംഭിച്ച ശേഷം നിരവധി വിമാന കമ്പനികള്‍ ബെന്‍ ഗുരിയോനിലേക്കുള്ള സർവീസ് റദ്ദാക്കിയിരുന്നു. ഇന്നത്തെ ഹിസ്ബുല്ല ആക്രമണം വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. പതിവുപോലെ പ്രവര്‍ത്തനം തുടരുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
എന്നാൽ, വ്യോമാക്രമണത്തിൽനിന്നു ഭയന്നു യാത്രക്കാർ റോഡിൽ ഒളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭാഗികമായി തകർന്ന കാറുകളുടെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. വ്യോമപ്രതിരോധ സംവിധാനം തകർത്ത റോക്കറ്റിന്റെ അവശിഷ്ടങ്ങൾ പതിച്ചാണു കാറിനു കേടുപാടുകൾ സംഭവിച്ചതെന്നാണ് ഇസ്രായേൽ സൈന്യത്തിന്‍റെ വിശദീകരണം.
ബെൻ ഗുരിയോൻ ലക്ഷ്യമിട്ടുള്ള ആക്രമണം അപൂർവമായാണു ലക്ഷ്യം കൈവരിക്കുന്നതെന്ന് 'ടെലഗ്രാഫ്' റിപ്പോർട്ട് സൂചിപ്പിക്കുന്നു. പത്ത് മിസൈലുകൾ ലബനാനിൽനിന്ന് എത്തിയതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും തർത്തെന്നാണ് ഐഡിഎഫ് അവകാശവാദം.
കഴിഞ്ഞ സെപ്റ്റംബർ അവസാനത്തിലായിരുന്നു ഇതിനുമുൻപ് ബെൻ ഗുരിയോൻ വിമാനത്താവളത്തിനുനേരെ വ്യോമാക്രമണമുണ്ടായത്. നെതന്യാഹു യുഎസ് പര്യടനം കഴിഞ്ഞു വിമാനത്താവളത്തിൽ ഇറങ്ങിയ സമയത്തായിരുന്നു ആക്രമണം. സംഭവത്തിന്റെ നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
ഇതിനുശേഷം ഒക്ടോബർ 16ന് ഇസ്രായേൽ തീരനഗരമായ സീസറിയയിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതിയിൽ ഡ്രോൺ ആക്രമണവും നടന്നു. സംഭവസമയത്ത് അദ്ദേഹവും കുടുംബവും സ്ഥലത്തുണ്ടായിരുന്നില്ലെങ്കിലും കെട്ടിടത്തിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വടക്കൻ ഇസ്രായേലിലെ മെറ്റൂലയിൽ നെതന്യാഹു സന്ദർശനത്തിനെത്തുന്നതിന് ഏതാനും മിനിറ്റുകൾക്കു മുൻപും ഡ്രോൺ ആക്രമണം നടന്നിരുന്നു.
Summary: Missile from Lebanon hits Israel’s main airport, Ben Gurion Airport in central Israel
Adjust Story Font
16