ചെങ്കടലിൽ വീണ്ടും കപ്പലിന് നേരെ ഹൂത്തികളുടെ റോക്കറ്റാക്രമണം
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നവംബറിൽ ആരംഭിച്ചതാണ് ചെങ്കടലിലെ ഹൂത്തികളുടെ കപ്പലാക്രമണം
ജിദ്ദ: ചെങ്കടലിൽ വീണ്ടും കപ്പലിന് നേരെ ഹൂത്തികളുടെ റോക്കറ്റാക്രമണം. യെമൻ തീരത്ത് ചെങ്കടിലിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലിന് നേരെയാണ് ചൊവ്വാഴ്ച രാത്രി റോക്കറ്റാക്രമണമുണ്ടായത്. ഹൂത്തി അധീനതയിലുള്ള ഹുദൈദ തീരത്ത് നിന്ന് ഏകദേശം 110 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്നത്. എന്നാൽ കപ്പലിന് പുറത്തായി റോക്കറ്റ് പൊട്ടിത്തെറിച്ചുവെന്ന് മിഡ് ഈസ്റ്റിലെ ഷിപ്പിംഗിന് മേൽനോട്ടം വഹിക്കുന്ന ബ്രിട്ടീഷ് സൈന്യത്തിന്റെ യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ റിപ്പോർട്ട് ചെയ്തു. കപ്പലും ജീവനക്കാരും സുരക്ഷിതരാണെന്നും അടുത്ത പോർട്ട് ഓഫ് കോളിലേക്ക് പോകുകയാണെന്നും യുകെഎംടിഒ വ്യക്തമാക്കി.
ഗ്രീക്ക് ഉടമസ്ഥതയിലുള്ള മാർഷൽ ദ്വീപുകളുടെ പതാകയുള്ള ഒരു ചരക്ക് കപ്പലിനെയാണ് ലക്ഷ്യമിട്ടതെന്നാണ് സൂചന. ആ സമയത്ത് പനാമ പതാകയുള്ള യുഎഇ ഉടമസ്ഥതയിലുള്ള മറ്റൊരു കെമിഹൂക്കൽ ടാങ്കറും സമീപത്തുണ്ടായിരുന്നു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നവംബറിൽ ആരംഭിച്ചതാണ് ചെങ്കടലിലെ ഹൂത്തികളുടെ കപ്പലാക്രമണം. കഴിഞ്ഞയാഴ്ച, ഏദൻ കടലിടുക്കിൽ ഒരു കപ്പലിന് സാരമായ കേടുപാടുകൾ വരുത്തുകയും ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന ഒരു അമേരിക്കൻ ഡ്രോൺ താഴെയിടുകയും ചെയ്തിരുന്നു. ഗസ്സക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നത് വരെ അന്തർവാഹിനി ആയുധങ്ങൾപ്പെടെ ഉപയോഗിച്ച് ആക്രമണം തുടരുമെന്നും ഹൂത്തികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഹൂത്തികൾക്കെതിരെ അമേരിക്കയുടെ നേതൃത്വത്തിൽ വ്യോമാക്രമണം തുടരുന്നതിനിടിയിലാണ് ചെങ്കടലിൽ ഹൂത്തികൾ വീണ്ടും ആക്രമണം ശക്തമാക്കിയത്.
Adjust Story Font
16