Quantcast

ജനസംഖ്യ കുറയുന്നു; പ്രത്യുൽപ്പാദനം പ്രോത്സാഹിപ്പിക്കാൻ പുതിയ മന്ത്രാലയവുമായി റഷ്യ

യുക്രൈൻ യുദ്ധത്തിന്റെ ഫലമായി ജനസംഖ്യയിലുണ്ടായ തകർച്ച പരിഹരിക്കാൻ വ്യത്യസ്തമായ ആശയങ്ങളാണ് അധികൃതർ മുന്നോട്ടുവെച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2024-11-12 14:38:50.0

Published:

12 Nov 2024 2:35 PM GMT

പുടിൻ
X

മോസ്കോ: രാജ്യത്തെ ജനന നിരക്കിലുണ്ടായ ഇടിവ് പരിഹരിക്കാനുള്ള പദ്ധതികൾക്കായി പുതിയ മന്ത്രാലയത്തിന് രൂപം നൽകാൻ റഷ്യ. യുക്രൈൻ അധിനിവേശത്തിന് ശേഷം റഷ്യയിൽ ജനസംഖ്യാ നിരക്ക് വൻ തോതിൽ കുറഞ്ഞിരുന്നു. ജനങ്ങളെ പ്രത്യുല്‍പ്പാദനത്തിന് പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ഒരു മന്ത്രാലയംതന്നെ രൂപവത്കരിക്കാന്‍ റഷ്യ ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകൾ വരുന്നത്.

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വിശ്വസ്തയും റഷ്യൻ പാർലമെന്റിലെ കുടുംബ സംരക്ഷണം, പിതൃത്വം, മാതൃത്വം, കുട്ടികളുടെ ജീവിതം എന്നീ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കമ്മിറ്റിയുടെ ചെയർപേഴ്സണുമായ നിന ഒസ്ടാനിന 'മിനിസ്ട്രി ഓഫ് സെക്‌സ്' എന്ന ആശയത്തെക്കുറിച്ചുള്ള ശിപാര്‍ശകള്‍ പരിഗണിച്ചുതുടങ്ങിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനസംഖ്യയിലുണ്ടായ തകർച്ച പരിഹരിക്കുന്നതിനായി വ്യത്യസ്തമായ ആശയങ്ങളാണ് അധികൃതർ മുന്നോട്ടുവെച്ചിരിക്കുന്നത്.

രാത്രി 10 മുതല്‍ പുലർച്ചെ രണ്ട് വരെ ഇന്റർനെറ്റും വൈദ്യുതിയും വിച്ഛേദിക്കുക, കുട്ടികളെ പരിപാലിക്കുന്നതിനായി സ്ത്രീകൾക്ക് പെൻഷൻ ഇനത്തിൽ പണം നൽകുക, ആദ്യ കണ്ടുമുട്ടലിന് പങ്കാളികൾക്ക് 5,000 റൂബിള്‍സ് (4,395 രൂപ) നല്‍കുക എന്നിവ നിർദേശങ്ങളിൽ ഉൾപ്പെടുന്നു. ഹോട്ടലുകളിൽ വിവാഹ രാത്രികൾക്കായി ധനസഹായം നൽകുന്നതും പരിഗണനയിലുണ്ട്. പദ്ധതിയുടെ ഭാഗമായി മോസ്കോയിൽ പൊതുമേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കായി ലൈംഗികതയെയും ആർത്തവത്തെയും കുറിച്ചുള്ള ഒരു ചോദ്യാവലിയും അധികൃതർ നൽകിയിട്ടുണ്ട്.

അതേസമയം, ജനന നിരക്ക് കൂട്ടാൻ രാജ്യത്ത് വിവിധയിടങ്ങളിൽ അധികൃതർ മറ്റ് പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. ഖബറോവ്സ്കിൽ 18 നും 23 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഒരു കുട്ടിയുടെ ജനനത്തിന് 900 പൗണ്ട് (97,311 രൂപ) ലഭിക്കും. ചെല്യാബിൻസ്കിൽ ആദ്യം ജനിക്കുന്ന കുട്ടിക്ക് 8,500 പൗണ്ട് (9,19,052 രൂപ) നൽകുന്ന പദ്ധതിയുമുണ്ട്.

മൂന്നുവര്‍ഷത്തോളമായി തുടരുന്ന യുക്രൈൻ യുദ്ധത്തിന്റെ ഫലമായി വലിയൊരു വിഭാഗം ജനസംഖ്യയാണ് റഷ്യയ്ക്ക് നഷ്ടമായത്. ഇതിനുപിന്നാലെ ജനസംഖ്യ കൂട്ടുന്നതിനായി പ്രവര്‍ത്തിക്കണമെന്ന നിർദേശവുമായി പുടിൻ രംഗത്തുവരികയും ചെയ്തിരുന്നു.

TAGS :

Next Story