''യുക്രൈനുമായുള്ള സംഘർഷം ആണവ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് കരുതുന്നില്ല'': റഷ്യൻ വിദേശകാര്യ മന്ത്രി
പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തിന്റെയും ചില ആക്രമണാത്മക പരാമർശങ്ങളുടെയും അടിസ്ഥാനത്തിൽ റഷ്യൻ സൈന്യത്തോട് അതീവ ജാഗ്രത പുലർത്താൻ പുടിൻ ആവശ്യപ്പെട്ടിരുന്നു
യുക്രൈനുമായുള്ള സംഘർഷം ആണവ യുദ്ധത്തിലേക്ക് നീങ്ങും എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്. ആണവയുദ്ധത്തിന് തുടക്കമിടാൻ കഴിയുമോയെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ലാവ്‌റോവ്. ആണവ വിഷയം ചർച്ചകളിലേക്ക് വലിച്ചെറിഞ്ഞത് പാശ്ചാത്യ രാജ്യങ്ങളാണെന്നും നാറ്റോയിലെയും യൂറോപ്യൻ യൂണിയനിലെയും അംഗ രാജ്യങ്ങൾ തട്ടിപ്പുകാരാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുൻ സോവിയറ്റ് ബാൾട്ടിക് രാജ്യങ്ങളായ ലിത്വാനിയ, ലാത്വിയ, എസ്‌തോണിയ, യൂറോപ്യൻ യൂണിയൻ-നാറ്റോ അംഗ രാജ്യങ്ങൾ എന്നിവർക്കെതിരെ റഷ്യൻ ആക്രമണത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. റഷ്യ ഇനി ഒരിക്കലും പാശ്ചാത്യ രാജ്യങ്ങളെ ആശ്രയിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. 1991-ലെ സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് റഷ്യയുടെ സമ്പദ്വ്യവസ്ഥ ഇപ്പോൾ നേരിടുന്നത്. യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യയ്‌ക്കെതിരെ ഒട്ടുമിക്ക രാജ്യങ്ങളും സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നു.
റഷ്യയ്ക്കും അമേരിക്കയ്ക്കും ആണവായുധങ്ങളുടെ വലിയ ആയുധശേഖരമുണ്ട്. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തിന്റെയും ചില ആക്രമണാത്മക പരാമർശങ്ങളുടെയും അടിസ്ഥാനത്തിൽ റഷ്യൻ സൈന്യത്തോട് അതീവ ജാഗ്രത പുലർത്താൻ പുടിൻ ആവശ്യപ്പെട്ടിരുന്നു. റഷ്യയുടെ സുരക്ഷ ഉറപ്പാക്കാൻ യുക്രൈനിൽ 'പ്രത്യേക സൈനിക ഓപ്പറേഷൻ' അനിവാര്യമാണെന്ന് പുടിൻ വ്യക്തമാക്കി. തങ്ങളുടെ നിലനിൽപ്പിനും അമേരിക്കയ്ക്കും വേണ്ടി റഷ്യക്കെതിരെ പോരാടുകയാണെന്നാണ് യുക്രൈന്റെ വാദം. എന്നാൽ റഷ്യൻ അധിനിവേശത്തെ അപലപിച്ച് നിരവധി രാജ്യങ്ങൾ രംഗത്തു വന്നിരുന്നു. റഷ്യയും യുക്രൈനും വിഷയത്തിൽ സംയമനം പാലിക്കണമെന്ന് ചൈനയും ആവശ്യപ്പെട്ടു.
അതേസമയം റഷ്യക്കു മുന്നിൽ കീഴടങ്ങാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ വ്യക്തമാക്കി. വെടിനിർത്തൽ കരാർ അംഗീകരിക്കുന്ന കാര്യത്തിൽ യുക്രൈനും റഷ്യയും പുരോഗതി കൈവരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി അന്റാലിയയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ദിമിട്രോ കുലേബയുടെ പ്രതികരണം.'ഞങ്ങൾ നയതന്ത്രത്തിന് തയ്യാറാണ്, ഞങ്ങൾ നയതന്ത്ര തീരുമാനങ്ങൾ തേടുകയും സമാധാനം ആഗ്രഹിക്കുകയും ചെയ്യുന്നു, എന്നാൽ റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ ഞങ്ങൾ സുസജ്ജമാണെന്നും യുക്രൈൻ വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.
Adjust Story Font
16