ഹിസ്ബുല്ല ആക്രമണം: ലബനാനിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 10 ഇസ്രായേൽ സൈനികർ; ഗസ്സയിൽ മൂന്ന് സൈനികരെ ഹമാസ് വധിച്ചു
വടക്കൻ ഗസ്സയിലെ ജബാലിയ അഭയാർഥി ക്യാപിലും ഖാൻ യൂനിസിലും നടത്തിയ ആക്രമണങ്ങളിൽ ഇസ്രായേൽ നിരവധി പേരെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഐഡിഎഫിനു നേരെ ഹമാസിന്റെ തിരിച്ചടിയുണ്ടാവുന്നത്
ബെയ്റൂത്ത്/ഗസ്സ: ഗസ്സയിലും ലബനാനിലും വ്യോമാക്രമണവും കൂട്ടക്കുരുതിയും തുടരുന്നതിനിടെ ഇസ്രായേലിന് വീണ്ടും തിരിച്ചടി. ലബനാനിൽ ഹിസ്ബുല്ല ആക്രമണത്തിൽ അഞ്ച് സൈനികർ കൂടി കൊല്ലപ്പെട്ടു. ഇതോടെ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം പത്തായി. തെക്കൻ ലബനാനിൽ ഹിസ്ബുല്ല ആക്രമണത്തിൽ പത്ത് സൈനികർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.
മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇത്രയും സൈനികർ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച തെക്കൻ ലബനാനിലെ ഗ്രൗണ്ട് ഓപറേഷനു വേണ്ടി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനിടെ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ച് സൈനികരുടെ പേരുകൾ നേരത്തെ ഐഡിഎഫ് പുറത്തുവിട്ടിരുന്നു. റിസർവ് സൈനികരായ മേജർ ഡാൻ മാവോറി (43), ക്യാപ്റ്റൻ അലോൻ സഫ്രായ് (28), വാറന്റ് ഓഫീസർമാരായ ഒംരി ലോതൻ (47), ഗയ് ഇദാൻ (51), മാസ്റ്റർ സർജന്റ് ടോം സെഗൽ (28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിൽ 19 പേർക്ക് പരിക്കേറ്റു. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്.
മറ്റ് രണ്ടിടങ്ങളിൽ നടന്ന ആക്രമണത്തിലാണ് അഞ്ച് പേർ കൂടി കൊല്ലപ്പെട്ടത്. ഐഡിഎഫിന്റെ പർദെസ് ഹന്ന-കർക്കൂറിൽ നിന്നുള്ള ഒകെറ്റ്സ് കെ9 സ്പെഷ്യൽ യൂണിറ്റിലെ കമാൻഡറായ ഫസ്റ്റ് ക്ലാസ് സെർജന്റ് ഗൈ ബെൻ ഹറൂഷ് ആണ് വ്യാഴാഴ്ച കൊല്ലപ്പെട്ടവരിൽ ആറാമൻ. ഇതേ ആക്രമണത്തിൽ മറ്റൊരു സൈനികന് ഗുരുതരമായി പരിക്കേറ്റു. ഇതു കൂടാതെ, തെക്കൻ ലബനാനിൽ നടന്ന മറ്റൊരു ആക്രമണത്തിൽ രണ്ടാം കാർമേലി ബ്രിഗേഡിലെ 222-ാം ബറ്റാലിയനിലെ നാല് സൈനികർ കൂടി കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും ഐഡിഎഫ് വക്താവ് അറിയിച്ചു.
റിസർവ് ഉദ്യോഗസ്ഥരായ ചീഫ് വാറൻ്റ് ഓഫീസർ മൊർദെചൈ ഹൈം അമോയൽ, വാറൻ്റ് ഓഫീസർ ഷ്മുവൽ ഹരാരി, സ്റ്റാഫ് സർജന്റ് മേജർ ഷ്ലോമോ അവിയാഡ് നെയ്മാൻ, സർജൻ്റ് മേജർ ഷുവേൽ ബെൻ നടാൽ എന്നിവരാണ് കൊല്ലപ്പെട്ട മറ്റു നാല് സൈനികർ. ഒരു ഭൂഗർഭ അറയിൽനിന്ന് പുറത്തുകടന്ന് വെടിയുതിർക്കുകയും ഗ്രനേഡുകൾ എറിയുകയും ചെയ്താണ് ഹിസ്ബുല്ല സംഘം ഈ നാലു സൈനികരെ കൊലപ്പെടുത്തിയത്. സൈനികരുടെ മരണത്തിൽ രാജ്യം മുഴുവൻ ദുഖിക്കുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ഇസ്രായേലിനു നേരെ ആക്രമണം കടുപ്പിക്കുമെന്ന് ഹിസ്ബുല്ല അറിയിച്ചതിനു പിന്നാലെയാണ് കൊല്ലപ്പെടുന്ന ഐഡിഎഫ് സേനാംഗങ്ങളുടെ എണ്ണം വർധിക്കുന്നത്.
ഇതു കൂടാതെ, ഗസ്സയിൽ ജബാലിയയിൽ ഇസ്രായേൽ സൈനിക വാഹനങ്ങൾക്കു നേരെ ഹമാസിന്റെ സൈനികവിഭാഗമായ അൽഖസ്സാം ബ്രിഗേഡ്‌സ് നടത്തിയ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. നിരവധി സൈനികർക്ക് പരിക്കേറ്റു. 460ാം ആംഡ് ബ്രിഗേഡിന്റെ 196ാം ബറ്റാലിയനിലെ ക്യാപ്റ്റൻ ബറാക് ഇസ്രായേൽ സാഗൻ (22), സർജന്റ് ഇദോ ബെൻ സ്വി (21), സർജന്റ് ഹിലേൽ ഒവാഡിയ (22) എന്നിവരാണ് കൊല്ലപ്പെട്ടത്. സാഗൻ കമാൻഡറും ബെൻ സ്വിയും ഒവാഡിയയും കേഡറ്റുകളുമായിരുന്നു. വടക്കൻ ഗസ്സയിലെ ജബാലിയയിൽ ഇന്ന് പുലർച്ചെ ഇവർ സഞ്ചരിച്ചിരുന്ന ടാങ്കിന് നേരെ നടന്ന ബോംബാക്രമണത്തിലാണ് മൂവരും കൊല്ലപ്പെട്ടത്.
വടക്കൻ ഗസ്സയിലെ ജബാലിയ അഭയാർഥി ക്യാപിലും ഖാൻ യൂനിസിലും നടത്തിയ ആക്രമണങ്ങളിൽ ഇസ്രായേൽ നിരവധി പേരെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഐഡിഎഫിനു നേരെ ഹമാസിന്റെ തിരിച്ചടിയുണ്ടാവുന്നത്. ജബാലിയ അഭയാർഥി ക്യാപിൽ 12 കെട്ടിടങ്ങൾ തകർത്ത് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 100ലേറെ പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഖാൻ യൂനിസിലെ അഭയാർഥി ക്യാപിൽ 38 പേരാണ് കൊല്ലപ്പെട്ടത്. ഒരു കുടുംബത്തിലെ 14 കുട്ടികളുൾപ്പെടെയുള്ളവർക്കാണ് ഇവിടെ ജീവൻ നഷ്ടമായത്.
അതേസമയം, വടക്കൻ ഇസ്രായേലിലെ സൈനിക താവളത്തെ ലക്ഷ്യമിട്ട് തങ്ങൾ ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങൾ നടത്തിയതായി ഹിസ്ബുല്ല വ്യക്തമാക്കി. സഫാദിന് കിഴക്ക് സ്ഥിതി ചെയ്യുന്ന സൈനികതാവളത്തിനു നേർക്കാണ് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകളുടെ കൂട്ട ആക്രമണം നടത്തിയതെന്ന് ഹിസ്ബുല്ല പ്രസ്താവനയിൽ പറഞ്ഞു. ഇവിടേക്ക് റോക്കറ്റ് വർഷം നടത്തിയതിനു പിന്നാലെയായിരുന്നു ഇത്. ഇതു കൂടാതെ, തെക്കൻ ലബനാനിലെ മർവാഹിനിലേക്ക് നീങ്ങുന്ന ഇസ്രായേൽ സേനയെ ലക്ഷ്യമിട്ട് രണ്ട് ടാങ്ക് വേധ മിസൈലുകൾ ഉപയോഗിച്ചതായും ഹിസ്ബുല്ല പറയുന്നു. മറ്റൊരു മിസൈൽ മെർകവ ടാങ്കിൽ ഇടിച്ചെന്നും ആക്രമണത്തിൽ ടാങ്കർ കത്തിയെന്നും സൈനികർ കൊല്ലപ്പെട്ടെന്നും പരിക്കേറ്റെന്നും ഹിസ്ബുല്ല കൂട്ടിച്ചേർത്തു.
കഴിഞ്ഞയാഴ്ചയും അഞ്ച് ഇസ്രായേൽ സൈനികർ ലബനാനിലെ ഹിസ്ബുല്ല ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഗോലാനി ബ്രിഗേഡിലെ സൈനികരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ അറിയിച്ചിരുന്നു. മേജർ ഒഫെക് ബച്ചാർ, ക്യാപ്റ്റൻ എലാദ് സിമാൻ, സ്ക്വാഡ് ലീഡർ എൽയാഷിഫ് ഐറ്റൻ വിഡെർ, സ്റ്റാഫ് സെർജന്റ് യാകോവ് ഹിലേൽ, യെഹുദാഹ് ദ്രോറർ യഹാലോലം എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മറ്റൊരു ഓഫീസർക്കും രണ്ട് സൈനികർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഗസ്സയിൽ ക്രൂരമായ ആക്രമണം തുടരുന്നതിനിടെ കഴിഞ്ഞമാസം 30ലേറെ പേരുടെ മരണത്തിനിടയാക്കിയ പേജർ, വാക്കിടോക്കി സ്ഫോടനത്തിലൂടെയാണ് ഇസ്രായേൽ ലബനാനിലും ആക്രമണം ആരംഭിക്കുന്നത്. ഇതിനു മറുപടിയെന്നോണം ഹിസ്ബുല്ല മിസൈൽ ആക്രമണം നടത്തുകയും പിന്നാലെ ഇസ്രായേൽ ലബനാനിൽ വ്യോമാക്രമണവും കരയാക്രമണവും ശക്തമാക്കുകയുമായിരുന്നു. ഇസ്രായേൽ ആക്രമണത്തിൽ ആയിരത്തോളം പേരാണ് ലബനാനിൽ കൊല്ലപ്പെട്ടത്. 5000ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിലും ലബനാനിലുമായി കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 800ന് അടുത്തായി. ഇവരിൽ ആറ് കേണൽമാരും 10 ലഫ്. കേണൽമാരും നിരവധി മേജർമാരുമുൾപ്പെടുന്നു. കഴിഞ്ഞയാഴ്ച ഗസ്സയിൽ ഐഡിഎഫിന്റെ ഉന്നത കമാൻഡർ കേണൽ എഹ്സാൻ ദഖ്സ ഗസ്സയിലെ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മറ്റൊരു ബറ്റാലിയൻ കമാൻഡറും രണ്ട് ഓഫീസർമാരും ഉൾപ്പെടെ മൂന്ന് സൈനികർക്ക് പരിക്കേറ്റതായും ഐഡിഎഫ് അറിയിച്ചിരുന്നു. പ്രധാനമന്ത്രി നെതന്യാഹുവിന്റെ വസതിക്കു നേരെ ഹിസ്ബുല്ല നടത്തിയ ഡ്രോൺ ആക്രമണത്തിനു പിന്നാലെയാണ് ഇസ്രായേലിന് വീണ്ടും കനത്ത തിരിച്ചടിയുണ്ടായത്.
Adjust Story Font
16