Quantcast

ആണവ യുദ്ധത്തിന്റെ നിഴലിൽ; പൗരൻമാർക്ക് മുന്നറിയിപ്പുമായി യൂറോപ്യൻ രാജ്യങ്ങൾ

ഭക്ഷണവും വെള്ളവും കരുതി തയ്യാറായിരിക്കാൻ പൗരന്മാർക്ക് മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Updated:

    2024-11-20 09:48:35.0

Published:

20 Nov 2024 4:01 AM GMT

ആണവ യുദ്ധത്തിന്റെ നിഴലിൽ; പൗരൻമാർക്ക് മുന്നറിയിപ്പുമായി യൂറോപ്യൻ രാജ്യങ്ങൾ
X

യൂറോപ്പ്: റഷ്യ തങ്ങളുടെ ആണവനയം തിരുത്തിയതിന് പിന്നാലെ ആണവയുദ്ധത്തിന്റെ നിഴലിലാണ് യൂറോപ്പ്. ചൊവ്വാഴ്ചയാണ് തങ്ങളുടെ അണ്വായുധങ്ങൾ ഉപയോഗിക്കാനുള്ള നയങ്ങൾ മയപ്പെടുത്തി പുടിൻ ഉത്തരവിറക്കിയത്. ഇതിന് പിന്നാലെ യുക്രൈൻ അമേരിക്കൻ നിർമിത മിസൈലുകൾ റഷ്യയ്ക്ക് നേരെ പ്രയോഗിച്ചതും നാറ്റോ രാജ്യങ്ങളടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളെ വിറപ്പിച്ചിട്ടുണ്ട്. പല യൂറോപ്യൻ രാജ്യങ്ങളും തങ്ങളുടെ പൗരൻമാർക്ക് എങ്ങനെ ആണവയുദ്ധത്തെ നേരിടാം എന്നത് കുറിച്ച് ലഘുലേഖകളും കൈമാറിയിട്ടുണ്ട്.

ആണവയുദ്ധത്തിന്റെ മുന്നറിയിപ്പ് വന്നാൽ ഉടൻ സുരക്ഷിതമായ ഇടത്ത് അഭയം തേടാനാണ് സ്വീഡൻ തങ്ങളുടെ പൗരന്മാരോട് പറയുന്നത്. ഓരോ വീടുകളിലേക്കും സ്വീഡൻ ഇതിനോടകം യുദ്ധത്തെ നേരിടാനുള്ള മുൻകരുതലുകൾ കുറിച്ച ലഘുലേഖകൾ അയച്ചുകഴിഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അഞ്ച് തവണയാണ് സ്വീഡൻ ഇത്തരം ലഘുലേഖ രാജ്യത്തിലെ എല്ല വീടുകളിലേക്കും അയക്കുന്നത്.

ഒരു സമ്പൂർണ സായുധ യുദ്ധത്തിനായി ഒരാഴ്ച തയ്യാറെടുത്തിരിക്കാനാണ് പൗരന്മാരോട് നോർവേ അറിയിക്കുന്നത്.

രാജ്യത്തെ എല്ലാ പൗരൻമാർക്കും ഇ-മെയിൽ അയച്ചാണ് ഡെൻമാർക്ക് യുദ്ധത്തിക്കുറിച്ച് ജാഗരൂകരാവാൻ മുന്നറിയിപ്പ് നൽകിയത്. യുദ്ധം പ്രഖ്യാപിച്ചാൽ മൂന്ന് ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും മരുന്നും കരുതാൻ മെയിലിൽ പറയുന്നുണ്ട്.

ഏത് സംഭവങ്ങളും പ്രശ്‌നങ്ങളും നേരിടാൻ സജ്ജരായിരിക്കുകയാണ് തങ്ങളെന്നാണ് തങ്ങളുടെ ഔദ്യോഗിക ഓൺലൈൻ ബ്രോഷറിൽ ഫിൻലൻഡ് കുറിച്ചത്.

റഷ്യക്കുള്ളിൽ യുഎസിന്റെ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രൈന് ദിവസങ്ങൾക്ക് മുൻപാണ് അമേരിക്ക അനുമതി നൽകിയത്. റഷ്യയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ജോ ബൈഡൻ യുക്രൈന് അനുമതി നൽകിയത്. ഇതിന് പിന്നാലെയായിരുന്നു റഷ്യ തങ്ങളുടെ ആണവനയം തിരുത്തിയത്.

കഴിഞ്ഞദിവസം റഷ്യയ്ക്ക് നേരെ ആറ് അമേരിക്കൻ നിർമിത ദീർഘദൂര മിസൈലുകളാണ് (എടിഎസിഎംഎസ്) യുക്രൈൻ പ്രയോഗിച്ചത്. മിസൈലുകൾ റഷ്യ നിർവീര്യമാക്കി. അമേരിക്ക യുദ്ധത്തിലേക്ക് പ്രവേശിച്ചാൽ മൂന്നാം ലോകമഹായുദ്ധമെന്ന് റഷ്യൻ മുന്നറിയിപ്പിനിടെയാണ് അമേരിക്കയുടെ മിസൈൽ പ്രയോഗാനുവാദം. ബ്രയാൻസ്‌ക് മേഖലയിലായിരുന്നു യുക്രൈൻ ആക്രമണം നടത്തിയത്. ഉപയോഗിച്ചത് അമേരിക്കൻ മിസൈലുകളാണോ എന്ന് യുക്രൈൻ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇവ അമേരിക്കൻ മിസൈലുകൾ തന്നെയാണെന്നാണ് റഷ്യയുടെ വാദം.

ആണവശേഷിയില്ലാത്ത ഏതെങ്കിലും രാജ്യവുമായി ചേർന്ന് ആണവശേഷിയുടെ രാജ്യം നടത്തുന്ന ആക്രമണം റഷ്യക്കെതിരായ സംയുക്ത നീക്കമായി കാണും. റഷ്യക്കോ സഖ്യകക്ഷിയായ ബെലാറസ് അടക്കമുള്ള രാഷ്ട്രങ്ങൾക്കോ എതിരായ തുടർച്ചയായ ആക്രമണങ്ങൾ ആണവായുധം ഉപയോഗിക്കാൻ നിർബന്ധിതമാക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി.

ലോകത്തെ ഏറ്റവും വലിയ ആണവ ശക്തികളിലൊന്നാണ് റഷ്യ. ആണവായുധങ്ങളിൽ 88 ശതമാനവും നിയന്ത്രിക്കുന്നത് യുഎസും റഷ്യയുമാണ്. യുക്രൈൻ യുദ്ധം തുടങ്ങുന്നതിന് മുമ്പ് റഷ്യയുടെ ആണവനയം പുടിൻ പരിഷ്‌കരിച്ചിരുന്നു. രാജ്യത്തിന് നേരെ ആണവ ആക്രമണം ഉണ്ടാവുകയോ മറ്റേതെങ്കിലും ആക്രമണം രാജ്യത്തിന്റെ നിലനിൽപ്പിന് ഭീഷണിയാവുന്ന സാഹചര്യമുണ്ടാവുകയോ ചെയ്താൽ ആണവായുധം പ്രയോഗിക്കാമെന്നാണ് റഷ്യയുടെ നിലപാട്.

2011 ഫെബ്രുവരി അഞ്ചിന് റഷ്യയും യുഎസും തമ്മിൽ ആണവകരാർ ഒപ്പുവെച്ചിരുന്നു. 2026 ഫെബ്രുവരി നാല് വരെയാണ് ഇതിന്റെ കാലാവധി. ഇത് കഴിഞ്ഞാൽ പുതിയ കരാർ ഒപ്പുവെക്കുന്നതിന് മുമ്പ് യൂറോപ്യൻ രാജ്യങ്ങളുടെ ആണവശേഷി സംബന്ധിച്ച കണക്കുകൾ വേണമെന്ന് റഷ്യ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് പ്രതികരിക്കാൻ യുഎസ് ഇതുവരെ തയ്യാറായിട്ടില്ല.

റഷ്യയുടെ ആണവാക്രമണം ലോകമഹായുദ്ധത്തിലൂടെ തന്നെയേ അവസാനിക്കൂ എന്ന് തന്നെയാണ് യുദ്ധവിദഗ്ധരുടെ നിരീക്ഷണം. ആണവയുദ്ധമുണ്ടായാൽ യുദ്ധം പ്രഖ്യാപിച്ചതിന് പുറമെ മറ്റ് രാജ്യങ്ങൾക്കും ഗുരുതരമായ പ്രശ്നമുണ്ടാകുമെന്നതാണ് വിഷയത്തിൻ്റെ ഗൌരവം വർധിപ്പിക്കുന്നത്.

TAGS :

Next Story