യുക്രൈനിൽ നിന്ന് ഇന്ത്യൻ വിദ്യാർഥികൾ ഉടൻ മടങ്ങണമെന്ന് ഇന്ത്യൻ എംബസി
ഇരുപതിനായിരത്തോളം ഇന്ത്യക്കാർ യുക്രൈനിലുണ്ടാകുമെന്നാണ് കണക്ക്. ഇതിൽ അധികവും വിദ്യാർഥികളാണ്.
യുദ്ധഭീതി നിലനിൽക്കുന്ന യുക്രൈനിൽ നിന്ന് ഇന്ത്യൻ വിദ്യാർഥികൾ ഉടൻ മടങ്ങണമെന്ന് ഇന്ത്യൻ എംബസി. വിദ്യാർഥികളുടെ സുരക്ഷ പരിഗണിച്ചാണ് നിർദേശം. ഇന്ത്യയിലേക്ക് മടങ്ങാൻ കൂടുതൽ വിമാന സർവീസുകളും സജ്ജമാക്കിയിട്ടുണ്ട്.
നേരത്തെ മൂന്ന് വന്ദേഭാരത് സർവീസ് വിമാനങ്ങൾ യുക്രൈനിലേക്ക് പ്രഖ്യാപിച്ചിരുന്നു. അതിൽ ആദ്യ വിമാനം ഇന്ന് രാത്രി പത്തിന് ഡൽഹിയിൽ തിരിച്ചെത്തും. ഇന്ന് രാവിലെയാണ് ഈ വിമാനം ഉക്രൈനിലേക്ക് പുറപ്പെട്ടത്. ഇതുകൂടാതെ ഫെബ്രുവരി 26,26 മാർച്ച്് 6 തീയതികളിലും പ്രത്യേക വിമാനങ്ങൾ ഉക്രൈനിലേക്ക് സർവീസ് നടത്തുമെന്നും ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്.
ഇരുപതിനായിരത്തോളം ഇന്ത്യക്കാർ ഉക്രൈനിലുണ്ടാകുമെന്നാണ് കണക്ക്. ഇതിൽ അധികവും വിദ്യാർഥികളാണ്. ഇവരെ ആദ്യ പരിഗണന നൽകി നാട്ടിലെത്തിക്കാനാണ് സർക്കാർ നീക്കം.
ഇന്ത്യക്കും യുക്രൈനുമിടയിൽ വിമാനസർവീസുകൾക്കുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കിയതിന് പിന്നാലെയാണ് തീരുമാനം. ഓരോ വിമാനക്കമ്പനിക്കും പരമാവധി യാത്രക്കാരുടെ എണ്ണം നിശ്ചയിക്കുന്നതിനുള്ള ഉടമ്പടികളും മരവിപ്പിച്ചിട്ടുണ്ട്.
അതേസമയം യുക്രൈനിലെ വിമത മേഖലകൾ നിയന്ത്രണത്തിലാക്കാൻ റഷ്യയൊരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇതിൻറെ ഭാഗമായി യുക്രൈനിലെ വിമത പ്രദേശങ്ങളായ ഡോണെറ്റ്‌സ്‌ക്, ലുഹാൻസ്‌ക് എന്നീ പ്രദേശങ്ങളുടെ സ്വാതന്ത്ര്യം റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിർ പുടിൻ അംഗീകരിച്ചു. ഈ മേഖലകളിൽ റഷ്യൻ സൈന്യത്തെ വിന്യസിക്കാനുള്ള നീക്കമാണ് പുടിൻ നടത്തുന്നത്. എന്നാൽ രാജ്യാതിർത്തി പഴയതു പോലെ തുടരുമെന്നാണ് യുക്രൈൻ പ്രസിഡൻറിൻറെ മറുപടി.
2014 മുതൽ റഷ്യൻ പിന്തുണയോടെ യുക്രൈൻ സൈന്യവുമായി ഏറ്റുമുട്ടുകയാണ് ഡോണെറ്റ്‌സ്‌ക്, ലുഹാൻസ്‌ക് എന്നീ പ്രദേശങ്ങൾ. ഈ മേഖലയുടെ സ്വാതന്ത്ര്യമാണ് പുടിൻ അംഗീകരിച്ചത്. യുക്രൈൻ-റഷ്യ സമാധാന ചർച്ചകൾക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്ന നടപടിയാണിത്. രാജ്യത്തെ അഭിസംബോധന ചെയ്താണ് പുടിൻ ഈ പ്രഖ്യാപനം നടത്തിയത്. യുക്രൈൻറെ പരമാധികാരത്തിനു മേലുള്ള ഇടപെടലാണ് ഇതെന്ന് യു.കെ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രതികരിച്ചു. ഉപരോധം ഉൾപ്പെടെയുള്ള മുന്നറിയിപ്പുകൾ അവഗണിച്ചാണ് റഷ്യയുടെ ഈ നീക്കം.
'ഡൊണെറ്റ്സ്‌ക് പീപ്പിൾസ് റിപബ്ലിക്കിന്റെയും ലുഹാൻസ്‌ക് പീപ്പിൾസ് റിപബ്ലിക്കിന്റെയും സ്വാതന്ത്ര്യവും പരമാധികാരവും ഉടനടി അംഗീകരിച്ചുകൊണ്ടുള്ള തീരുമാനം എടുക്കേണ്ടത് ആവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു' എന്നാണ് പുടിൻ പറഞ്ഞത്. റഷ്യൻ പാർലമെന്റിന്റെ ഉപരിസഭയായ ഫെഡറേഷൻ കൗൺസിലിനോട് പുടിൻ ഈ തീരുമാനത്തെ പിന്തുണയ്ക്കാൻ ആവശ്യപ്പെട്ടു. പാർലമെൻറിൻറെ ഇരുസഭകളിലും ഇതുസംബന്ധിച്ച വോട്ടെടുപ്പ് നടക്കും. ക്രെംലിനിലെ വിമത നേതാക്കളുമായി പുടിൻ സൗഹൃദ കരാറിലും ഒപ്പുവെച്ചു.
അതിനിടെ യുക്രൈൻറെ അഞ്ച് സൈനികരെ റഷ്യ വധിച്ചെന്ന വാർത്ത യുക്രൈൻ നിഷേധിച്ചു. യുക്രൈൻറെ രണ്ട് സൈനിക വാഹനങ്ങൾ തകർത്തെന്നും റഷ്യ അവകാശപ്പെട്ടിരുന്നു. എന്നാൽ റഷ്യയുടെ ഈ വാദങ്ങളെയെല്ലാം യുക്രൈൻ തള്ളി. യുക്രൈനിലെ ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. യുക്രൈൻ പ്രതിസന്ധിയിൽ റഷ്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. എന്നാൽ ചർച്ചയ്ക്ക് സമയം ആയിട്ടില്ലെന്നായിരുന്നു റഷ്യയുടെ പ്രതികരണം. യുക്രൈൻ അധികാരികൾ അഴിമതിയുടെ വൈറസിനാൽ മലിനീകരിക്കപ്പെട്ടെന്നും ആണവായുധങ്ങൾ നിർമിക്കാൻ യുക്രൈൻ പദ്ധതിയിടുന്നുണ്ടെന്നും വ്‌ലാഡിമിർ പുടിൻ ആരോപിച്ചു.
Summary: Indian embassy advice indian students to leave Ukraine immediately
Adjust Story Font
16