Quantcast

കേംബ്രിഡ്ജ് യൂണിയൻ സൊസൈറ്റിയുടെ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ വംശജയായ അനൗഷ്‌ക കാലെ

ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു ഇന്ത്യന്‍ വംശജ തെരഞ്ഞെടുക്കപ്പെടുന്നത്

MediaOne Logo

Web Desk

  • Published:

    10 Dec 2024 10:55 AM GMT

കേംബ്രിഡ്ജ് യൂണിയൻ സൊസൈറ്റിയുടെ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ വംശജയായ അനൗഷ്‌ക കാലെ
X

ലണ്ടൻ: ചരിത്രപ്രസിദ്ധമായ കേംബ്രിഡ്ജ് യൂണിയൻ സൊസൈറ്റിയുടെ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ വംശജയായ അനൗഷ്‌ക കാലെ. 1815ലാണ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ കീഴിൽ ഈ സംവാദ സൊസൈറ്റി രൂപീകരിക്കുന്നത്. ലോകത്തിലെ ഏറ്റവും പഴക്കംചെന്നതും ആദരണീയവുമായ സംവാദ സൊസൈറ്റി കൂടിയാണിത്.

ആദ്യമായാണ് കേംബ്രിഡ്ജ് യൂണിയൻ സൊസൈറ്റിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു ഇന്ത്യന്‍ വംശജ തെരഞ്ഞെടുക്കപ്പെടുന്നത്. 126 വോട്ടുകള്‍ക്കാണ് സൊസൈറ്റിയുടെ അടുത്ത വർഷത്തെ ഈസ്റ്റര്‍ ടേമിലേക്ക് ഇരുപതുകാരിയായ അനൗഷ്‌ക കാലേ തെരഞ്ഞെടുക്കപ്പെട്ടത്. യൂണിയന്റെ നേതൃനിരയിലേക്ക് എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സൊസൈറ്റിയിൽ കൂടുതല്‍ മാറ്റങ്ങള്‍ക്കായി ശ്രമിക്കുമെന്നും അനൗഷ്‌ക പറഞ്ഞു. എൻ്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റാൻ ഞാൻ കാത്തിരിക്കുകയാണെന്നും, ഇന്ത്യാ സൊസൈറ്റി അടക്കമുള്ള ആഗോള സൊസൈറ്റികളുടെ പങ്കാളിത്തം ഭാവിയില്‍ കേംബ്രിഡ്ജ് യൂണിയൻ സൊസൈറ്റിയുടെ ചര്‍ച്ചാവേദിയിലേക്ക് കൊണ്ടുവരുമെന്നും അനൗഷ്‌ക കൂട്ടിച്ചേർത്തു.

തത്വചിന്തകനും സാമ്പത്തിക വിദഗ്ധനുമായ ജോൺ മെയ്‌നാർഡ് കെയ്ൻസ്, നോവലിസ്റ്റ് റോബർട്ട് ഹാരിസ്, കോബ്ര ബിയറിൻ്റെ സ്ഥാപകനായ ലോർഡ് കരൺ ബിലിമോറിയ തുടങ്ങിയ പ്രമുഖര്‍ ഇരുന്നിട്ടുള്ള സ്ഥാനത്തേക്കാണ് അനൗഷ്‌ക കാലെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ സിഡ്‌നി സസെക്‌സ് കോളേജിൽ ഇംഗ്ലീഷ് ലിറ്ററേച്ചർ പഠിക്കുന്ന അനൗഷ്‌ക, ഈ അഭിമാനകരമായ ചുമതല ഏറ്റെടുക്കുന്ന ചുരുക്കം ചില ദക്ഷിണേഷ്യൻ വനിതകളിൽ ഒരാളാണ്.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള നേതൃമാറ്റം, സൊസൈറ്റിയുടെ പുതിയ കാലത്തേക്കുള്ള ചുവടുവെപ്പാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സമൂഹത്തിലെ പ്രമുഖ വ്യക്തികളെ ഉൾപ്പെടുത്തി സംവാദങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പോലെതന്നെ കേംബ്രിഡ്ജിൻ്റെ യൂണിയൻ സൊസൈറ്റിക്കും ഒരു ദീർഘകാല പാരമ്പര്യമുണ്ട്. മുന്‍ അമേരിക്കൻ പ്രസിഡന്റുമാരായ തിയോഡോര്‍ റൂസ്‌വെല്‍റ്റ്, റൊണാള്‍ഡ് റീഗന്‍, യുകെ പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, മാര്‍ഗരറ്റ് തച്ചര്‍, ജോണ്‍ മേജര്‍ തുടങ്ങിയവരും സാമൂഹിക പരിഷ്‌കര്‍ത്താക്കളായ സ്റ്റീഫന്‍ ഹോക്കിങ്, ബില്‍ ഗേറ്റ്‌സ്, ദലൈലാമ തുടങ്ങിയ ദേശീയ, അന്തര്‍ദേശീയ, സാംസ്‌കാരിക, സാമൂഹിക, ശാസ്ത്ര രംഗത്തെ പ്രമുഖരെ കൊണ്ടുവന്ന് ദീര്‍ഘവും വിപുലവുമായ ചര്‍ച്ചകള്‍ നടത്തുന്നതിന് കേംബ്രിഡ്ജ് യൂണിയൻ സൊസൈറ്റി ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

നിലവില്‍ കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളിലൂടെയാണ് സൊസൈറ്റി കടന്നുപോകുന്നത്. അനൗഷ്‌കയുടെ നേതൃത്വത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ട്, സൊസൈറ്റി പഴയ പ്രതാപത്തിലേക്ക് മടങ്ങിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

TAGS :

Next Story