Quantcast

ഇൻസ്റ്റഗ്രാം റീൽസിന് മാത്രമായി ഒരു ആപ്പ്; പുതിയ പദ്ധതിയുമായി മെറ്റ

ചൈനീസ് കമ്പനിയായ ടിക്‌ടോക് അമേരിക്കയിൽ അഭിമുഖീകരിക്കുന്ന അനിശ്ചിതത്വം മുതലെടുക്കാനാണ് മെറ്റയുടെ നീക്കം

MediaOne Logo

Web Desk

  • Published:

    27 Feb 2025 7:07 AM

ഇൻസ്റ്റഗ്രാം റീൽസിന് മാത്രമായി ഒരു ആപ്പ്; പുതിയ പദ്ധതിയുമായി മെറ്റ
X

വാഷിംഗ്‌ടൺ: ഇൻസ്റ്റഗ്രാം അതിന്റെ ഷോർട്ട്-ഫോം വീഡിയോ ഫീച്ചറായ റീൽസിനായി പ്രത്യേക ആപ്പ് ആരംഭിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ടിക്‌ടോക്കിന് സമാനമായി റീൽ വിഡിയോകൾ മാത്രം കാണാവുന്ന തരത്തിലുള്ള ആപ്പ് അവതരിപ്പിക്കാനാണ് ഇൻസ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റയുടെ പദ്ധതി. ഇൻസ്റ്റഗ്രാമിന്റെ റീൽ വിഭാഗം മേധാവി ആദം മൊസേരി ഈയാഴ്ച ഇതേക്കുറിച്ച് ജീവനക്കാരുമായി ചർച്ച നടത്തിയതായി ചില സ്രോതസുകളെ ഉദ്ധരിച്ച് 'ദി ഇൻഫർമേഷൻ' റിപ്പോർട്ട് ചെയ്തു.

ചൈനീസ് കമ്പനിയായ ടിക്‌ടോക് അമേരിക്കയിൽ അഭിമുഖീകരിക്കുന്ന അനിശ്ചിതത്വം മുതലെടുക്കാനാണ് മെറ്റയുടെ നീക്കം. ടിക്‌ടോക്കിന് സമാനമായ വീഡിയോ-സ്ക്രോളിംഗ് അനുഭവം ഉപയോക്താക്കൾക്ക് നൽകാനാണ് കമ്പനിയുടെ ശ്രമം. വിഷയത്തിൽ മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.

യുഎസിൽ 170 ദശലക്ഷം ഉപയോക്താക്കളുള്ള ടിക് ടോക്കിനെതിരെ ചാരവൃത്തി അടക്കം ഗുരുതരമായ ആരോപണങ്ങളായിരുന്നു ബൈഡൻ ഭരണകൂടം ഉയർത്തിയത്. ഉടൻ തന്നെ അമേരിക്കയിൽ ടിക് ടോക് ഔദ്യോഗികമായി നിരോധിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയിൽ നേരത്തെ തന്നെ ടിക്‌ടോക് നിരോധിച്ചിട്ടുണ്ട്.

ടിക് ടോക്കുമായി മത്സരിക്കുക എന്ന ലക്ഷ്യത്തോടെ 2018-ൽ മെറ്റാ ലാസോ എന്ന വീഡിയോ ഷെയറിംഗ് ആപ്പ് പരീക്ഷിച്ചിരുന്നു. എന്നാൽ ആപ്പിന് കാര്യമായ പ്രചാരം ലഭിക്കാത്തതിനാൽ അടച്ച് പൂട്ടുകയായിരുന്നു.ജനുവരിയിൽ, 'മെറ്റ എഡിറ്റ്സ്' എന്ന പേരിൽ ഒരു പുതിയ വീഡിയോ എഡിറ്റിംഗ് ആപ്പ് കമ്പനി പ്രഖ്യാപിച്ചിരുന്നു. ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ എഡിറ്റിംഗ് ആപ്പായ ക്യാപ്കട്ടിന് സമാനമായിരുന്നു മെറ്റ എഡിറ്റ്സ്.


TAGS :
Next Story