'സ്വന്തമായി എടിഎം, സ്വയം പാത്രങ്ങൾ കഴുകി': എലിസബത്ത് രാജ്ഞിയെക്കുറിച്ചുള്ള കൗതുകകരമായ കാര്യങ്ങൾ
നിയമപരമായി ഒരാൾക്ക് വാഹനം ഓടിക്കണമെങ്കിൽ ടെസ്റ്റ് പാസാവണം. പക്ഷേ രാജ്ഞിക്ക് വാഹനം ഓടിക്കാൻ ലൈസൻസ് ആവശ്യമില്ല.
ലണ്ടൻ: 96ാം വയസിലാണ് എലിസബത്ത് രാജ്ഞി ലോകത്തോട് വിടപറഞ്ഞത്. 26ാം വയസിലാണ് എലിസബത്ത് രാജാധികാരം ഏറ്റെടുക്കുന്നത്. അവിടെ മുതൽ പ്രൗഢിയൊട്ടും ചോരാതെയുള്ള ജീവിതം. ബ്രിട്ടിഷ് ചരിത്രത്തിലെ ഒരു യുഗാന്ത്യത്തിന്റെ ദുഃഖാചരണത്തിലാണ് നാടും നഗരവും. പലരും അവരുടെ ജീവിതം ഓർത്തെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നു. രസകരവും എന്നാൽ കൗതുകകരവുമായ നിരവധി കാര്യങ്ങളാണ് എലിസബത്ത് രാജ്ഞിയെക്കുറിച്ചുള്ളത്. അവയിൽ ചിലത് പരിശോധിക്കാം
രാജ്ഞിക്ക് ഡ്രൈവിങ് ലൈസൻസ് ആവശ്യമില്ല
നിയമപരമായി ഒരാൾക്ക് വാഹനം ഓടിക്കണമെങ്കിൽ ടെസ്റ്റ് പാസാവണം. പക്ഷേ രാജ്ഞിക്ക് വാഹനം ഓടിക്കാൻ ലൈസൻസ് ആവശ്യമില്ല. പബ്ലിക്ക് റോഡുകളിൽ വാഹനം ഓടിക്കാൻ ഡ്രൈവിങ് ലൈസൻസ് ആവശ്യമില്ലാതെ ഒരേയൊരു രാജാവായിരുന്നു എലിസബത്ത്. മാത്രമല്ല രാജ്ഞിയുടെ കൈവശം പാസ്‌പോർട്ടും ഇല്ല. പാസ്‌പോർട്ടില്ലാതെ അവർക്ക് ലോകം ചുറ്റിക്കാണാമായിരുന്നു.
കൂടുതൽ യാത്രകൾ
ഏതൊരു ബ്രിട്ടീഷ് രാജാവിനെക്കാളും കൂടുതൽ യാത്രകളാണ് എലിസബത്ത് രാജ്ഞിയുടെ പേരിലുള്ളത്. തന്റെ കാലഘട്ടത്തിൽ 100ലധികം രാഷ്ട്രങ്ങളിലേക്കാണ് രാജ്ഞി യാത്ര ചെയ്തത്. അതിൽ 22 തവണയാണ് കാനഡയിലേക്ക് മാത്രം പോയത്. രാജ്ഞിക്ക് പാസ്‌പോർട്ട് ആവശ്യമില്ല എന്നത് നേരത്തെ പറഞ്ഞ കാര്യം.
സ്വന്തമായി പ്രൈവറ്റ് എടിഎം
പണം ആവശ്യം വരുമ്പോൾ സ്വന്തമായി എടിഎം തന്നെയുണ്ട് രാജ്ഞിക്ക്. അതും ബക്കിങ്ഹാം കൊട്ടാരത്തിലെ മുറ്റത്ത്. റോയൽ ഫാമിലി അംഗങ്ങൾക്ക് മാത്രമാണ് ഈ എടിഎമ്മിൽ നിന്ന് പണം എടുക്കാനാകൂ.
രണ്ടാം ലോകമഹായുദ്ധ കാലത്ത് ട്രക്ക് ഡ്രൈവർ
തന്റെ പിതാവിൽ നിന്ന് അധികാരം ഏറ്റെടുക്കുന്നതിന് മുമ്പ്, അന്നത്തെ രാജകുമാരി എലിസബത്ത് രണ്ടാം ലോകമഹായുദ്ധസമയത്ത് ട്രക്ക് ഡ്രൈവറായും മെക്കാനിക്കായും സന്നദ്ധസേവനം നടത്തി. സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന രാജകുടുംബത്തിലെ ആദ്യത്തെ വനിതാ അംഗം കൂടിയാണ് എലിസബത്ത് രാജ്ഞി
വിവാഹത്തിന് വസ്ത്രം വാങ്ങാൻ റേഷൻ കൂപ്പൺ
രണ്ടാം ലോകമഹായുദ്ധത്തോട് അനുബന്ധിച്ച് യുകെയിലെ യുദ്ധാനന്തര ചെലവ് കാരണം എലിസബത്ത് രാജ്ഞിക്ക് വിവാഹ വസ്ത്രത്തിനുള്ള സാമഗ്രികൾ വാങ്ങാൻ വസ്ത്ര റേഷൻ കൂപ്പണുകൾ ഉപയോഗിക്കേണ്ടിവന്നു. ബ്രിട്ടീഷ് പാരമ്പര്യം അനുസരിച്ച് 200 അധിക റേഷൻ കൂപ്പണുകൾ വാങ്ങാൻ സർക്കാർ അനുവദിച്ചത്.
രാജ്ഞി സ്വന്തം പാത്രങ്ങൾ കഴുകി
കിരീടം ചൂടിയും വിലകൂടിയ അഭരണങ്ങൾ ധരിച്ചും അധിക സമയവും കാണപ്പെടാറുള്ള രാജ്ഞി,ഭക്ഷണം കഴിച്ച ശേഷം സ്വന്തം പാത്രങ്ങളും കഴുകി. റോയൽ കുടുംബത്തിലെ ഒരാളെ ഉദ്ധരിച്ച് എഴുത്തുകാരൻ ഹാരി മൗണ്ടാണ് ഇക്കാര്യം പറയുന്നത്. ഉച്ച ഭക്ഷണത്തിന് ശേഷം 'ഞാൻ കഴുകിവെക്കാം' എന്നൊരാൾ കൊട്ടാരത്തിൽ നിന്ന് പറഞ്ഞ് കേട്ടതായും തിരിഞ്ഞുനോക്കിയപ്പോൾ മഞ്ഞ നിറത്തിലുള്ള വാഷിങ് ഗ്ലൗസ് ധരിച്ച് രാജ്ഞിയെ കണ്ടെന്നുമാണ് ഹാരി മൗണ്ട് പറയുന്നത്.
പതിനായിരക്കണക്കിന് വിവാഹ നിശ്ചയങ്ങൾ നടത്തി
70 വർഷത്തെ ഭരണത്തിലുടനീളം, എലിസബത്ത് രാജ്ഞി നടത്തിക്കൊടുത്തത് 21,000ത്തിലധികം വിവാഹങ്ങൾ. കൂടാതെ 200ലധികം ഔദ്യോഗിക ഛായാചിത്രങ്ങൾ, 30 ലധികം വളര്‍ത്തുനായ്ക്കള്‍( ഇവയിൽ തന്നെ ഒരെ സമയം ഒമ്പത് വളര്‍ത്തുനായകളെങ്കിലും രാജ്ഞിയോടൊപ്പമുണ്ടാകും. ആദ്യം ലഭിച്ച നായയുടെ സന്താന പരമ്പരയാണ് ബാക്കിയുള്ളവ. 1944ലെ പതിനെട്ടാം ജന്മദിനത്തിൽ സമ്മാനമായി ലഭിച്ചതാണ് വളര്‍ത്തുനായയെ) തുടങ്ങിയവും രാജ്ഞിക്ക് മാത്രമുള്ളതാണ്
Adjust Story Font
16