ഇറാനിൽ മുൻ പ്രസിഡന്റിന്റെ മകൾക്ക് അഞ്ച് വർഷം തടവ്
22കാരി മഹ്സാ അമിനിയുടെ മരണത്തിനു പിന്നാലെ രാജ്യത്തലയടിച്ച പ്രതിഷേധത്തിനിടെ കലാപമുണ്ടാക്കാനുള്ള ശ്രമം ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
തെഹ്റാൻ: ഇറാനിൽ മുൻ പ്രസിഡന്റ് അക്ബർ ഹാഷ്മി റഫ്സഞ്ജാനിയുടെ മകൾക്ക് അഞ്ച് വർഷം തടവു ശിക്ഷ. ആക്ടിവിസ്റ്റായ ഫയ്സേഹ് ഹാഷ്മിക്കാണ് ജയിൽ ശിക്ഷ വിധിച്ചത്.
നടപടിക്ക് കാരണമായ കുറ്റങ്ങൾ എന്താണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഭരണകൂടത്തിനെതിരായ പ്രചരണം എന്നതാണ് ഫയ്സേഹിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റമെന്നാണ് തെഹ്റാൻ പബ്ലിക് പ്രോസിക്യൂട്ടർ നൽകുന്ന സൂചന.
22കാരി മഹ്സാ അമിനിയുടെ മരണത്തിനു പിന്നാലെ രാജ്യത്തലയടിച്ച പ്രതിഷേധത്തിനിടെ കലാപമുണ്ടാക്കാനുള്ള ശ്രമം ആരോപിച്ച് കഴിഞ്ഞവർഷം സെപ്തംബറിലാണ് ഫയ്സേഹിനെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിന് പിന്നാലെ അഞ്ച് വർഷം തടവിന് ശിക്ഷിക്കപ്പെട്ടെങ്കിലും ശിക്ഷ അന്തിമമല്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ നെദ ഷംസ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.
മുമ്പ്, 2012ലും ഫയ്സേഹ് ഹാഷ്മി ജയിലിലടയ്ക്കപ്പെട്ടിരുന്നു. അന്ന് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. 2009ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ പ്രചരണങ്ങൾ നടത്തിയെന്നാരോപിച്ചായിരുന്നു അന്നത്തെ നടപടി.
സാമ്പത്തിക ഉദാരവൽക്കരണത്തിന്റെ പ്രായോഗിക നയങ്ങൾക്കും പാശ്ചാത്യരാജ്യങ്ങളുമായുള്ള മെച്ചപ്പെട്ട ബന്ധത്തിനും പേരുകേട്ട മുൻ പ്രസിഡന്റും ഫയ്സേഹ് ഹാഷ്മിയുടെ പിതാവുമായ റഫ്‌സഞ്ജാനി 2017ലാണ് അന്തരിച്ചത്.
അതേസമയം, മഹ്സാ അമിനിയുടെ മരണത്തിൽ സർക്കാരിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. 1979ലെ വിപ്ലവത്തിന് ശേഷം ഇറാൻ ഭരണകൂടത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയ പ്രക്ഷോഭമാണ് മൂന്ന് മാസത്തിലേറെയായി തുടരുന്നത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി പേരെയാണ് ഭരണകൂടം ജയിലിലടച്ചത്.
Adjust Story Font
16