ഇസ്രായേൽ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടെന്ന് ഇറാൻ
ഏത് തരത്തിലുള്ള ആക്രമണത്തിനും ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
തെഹ്‌റാൻ: ഇസ്രായേൽ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ സൈന്യം. ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിച്ചെന്നും പരിമിതമായ നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടായത് എന്നുമായിരുന്നു ഇറാൻ നേരത്തെ പറഞ്ഞിരുന്നത്. ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇന്ന് പുലർച്ചെ ഇസ്രായേൽ ആക്രമണം നടത്തിയത്.
തെഹ്‌റാന്റെ വടക്ക് ഭാഗത്തുള്ള സആദത്ത് ആബാദിൽനിന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമൈന്ന് പ്രതികരിച്ച യുഎസ് ഇസ്രായേലിനെ പിന്തുണച്ചു. ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിന് നേരെ ഒക്ടോബർ ഒന്നിന് ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റുല്ലയേയും ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യയേയും വധിച്ചതിന് തിരിച്ചടിയായാണ് ആക്രമണമെന്നാണ് ഇറാൻ വ്യക്തമാക്കിയത്.
BREAKING: ISRAEL ATTACK ON IRAN FAILED
— Sulaiman Ahmed (@ShaykhSulaiman) October 26, 2024
Israel attempted to target 3 bases in Tehran province, but Iran's air defense has countered them all.
Source: Al Mayadeen pic.twitter.com/ZJMC59fUfM
ഇസ്രായേൽ ഇറാനിൽ നേരിട്ട് ആക്രമണം നടത്തിയതോടെ പശ്ചിമേഷ്യയിൽ സംഘർഷം വ്യാപിക്കുമെന്ന ഭീതിയിലാണ് ലോകം. ഏത് തരത്തിലുള്ള ആക്രമണത്തിനും ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്മാഈൽ ഹനിയ്യയെ വധിച്ചതടക്കം ഇസ്രായേൽ നേരത്തെയും ഇറാനിൽ ആക്രമണം നടത്തിയിരുന്നെങ്കിലും ഔദ്യോഗികമായി ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നില്ല. ആദ്യമായാണ് ഇറാനിൽ നേരിട്ട് നടത്തുന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുക്കുന്നത്.
ഇലാം, ഖുസിസ്താൻ, തെഹ്‌റാൻ എന്നിവിടങ്ങളിലെ ഇരുപതോളം കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നതെന്നാണ് വിവരം. തിരിച്ചടിച്ചാൽ ഇനിയും ആക്രമണമുണ്ടാവുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകി. ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് വ്യക്തമാക്കി. മലേഷ്യ, സൗദി അറേബ്യ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ ഇസ്രായേൽ ആക്രമണത്തെ അപലപിച്ചു.
Adjust Story Font
16