Quantcast

ആയുധങ്ങളുമായി റഷ്യൻ വിമാനം തെഹ്റാനിൽ? വൻ തിരിച്ചടിക്ക് കോപ്പുകൂട്ടി ഇറാൻ

അതിർത്തിപ്രദേശങ്ങളിലെ ജനങ്ങളോട് ബോംബ് ഷെൽട്ടറുകളിലേക്ക് മാറാൻ നിർദേശിച്ച് ഇസ്രായേൽ

MediaOne Logo

Web Desk

  • Published:

    3 Aug 2024 5:17 AM GMT

gelix airlines’ glx9810
X

ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനായിരുന്ന ഇസ്മാഈൽ ഹനിയ്യയും അംഗരക്ഷകനും തെഹ്റാനിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യ വലിയ സംഘർഷ ഭീതിയിലാണ്. ഹനിയ്യയുടെ കൊലപാതകത്തിന് തിരിച്ചടിക്കുമെന്ന് ഇറാനും തങ്ങളുടെ മുതിർന്ന കമാൻഡറെ വധിച്ചതിന് വലിയ തിരിച്ചടി നൽകുമെന്ന് ഹിസ്ബുല്ലയും ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹിസ്ബുല്ലയുടെ മുതിർന്ന സൈനിക കമാൻഡർ ഫുവാദ് ഷുക്കൂറിനെ ഇസ്രായേൽ കൊലപ്പെടുത്തി 24 മണിക്കൂറുകള്‍ക്കുള്ളിലാണ് ഹനിയ്യയുടെ കൊലപാതകവും സംഭവിക്കുന്നത്.

വരുംദിവസങ്ങളിൽ ഇറാനും ഹിസ്ബുല്ലയും തിരിച്ചടിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ആയുധങ്ങൾ കൊണ്ടുപോകുന്ന റഷ്യയുടെ ജെലിക്സ് എയർലൈൻസിന്റെ വിമാനം കഴിഞ്ഞദിവസം തെഹ്റാനിൽ എത്തിയിട്ടുണ്ട്. ഇറാന് ആവശ്യമായ ആയുധങ്ങളുമായാണ് വിമാനം എത്തിയിട്ടുള്ളതെന്ന് യുദ്ധകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇറാനുമായും ഹമാസുമായും വളരെ അടുത്ത ബന്ധമാണ് റഷ്യക്കുള്ളത്. ഹനിയ്യയുടെ കൊലപാതകത്തെ റഷ്യ കടുത്ത ഭാഷയിൽ അപലപിച്ചിരുന്നു. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത രാഷ്ട്രീയ കൊലപാതകമാണെന്ന് റഷ്യൻ വിദേശകാര്യ സഹമന്ത്രി മിഖായേൽ ബോഗ്ദനോവ് വിശേഷിപ്പിച്ചത്. കൊലപാതകം കൂടുതൽ സംഘർഷാവസ്ഥയിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

ഇസ്രായേലിന് കൂടുതൽ സഹായവുമായി അമേരിക്ക

സംഘർഷം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിന് കൂടുതൽ സൈനിക സഹായവുമായി അമേരിക്കയും രംഗത്തുവന്നിട്ടുണ്ട്. സൈനികരെയും മിസൈൽ പ്രതിരോധ കപ്പലുകളും യുദ്ധ വിമാനങ്ങളും അയയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്.

തങ്ങൾ അതീവ ജാഗ്രതയിലാണെന്ന് ഇസ്രായേൽ സൈന്യം വെളിപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തെ ചെറുക്കാൻ അന്താരാഷ്ട്ര സഖ്യം രൂപീകരിക്കാനുള്ള ശ്രമവും ഇസ്രായേൽ നടത്തുന്നുണ്ട്. ഏപ്രിലിൽ ഡമാസ്കസിലെ കോൺസുലേറ്റ് ആക്രമിച്ചതിന് ഇറാൻ തിരിച്ചടി നൽകിയിരുന്നു. അന്ന് അമേരിക്കയുടെയും ബ്രിട്ടന്റെയും ഫ്രാൻസിന്റെയും സഹായത്തോടെയാണ് മിസൈലുകൾ തടയാൻ സാധിച്ചതെന്ന് ഇസ്രായേൽ അറിയിച്ചിരുന്നു. 300ഓളം മിസൈലുകളും റോക്കറ്റുകളുമാണ് ഇറാൻ ഇസ്രായേലിന് നേരെ അയച്ചത്. ഇതിൽ ഭൂരിഭാഗവും പ്രതിരോധിക്കാൻ സാധിച്ചിരുന്നു.

‘ഞങ്ങൾ ഭയത്തോടെയാണ് കഴിയുന്നത്’

തിരിച്ചടിയുണ്ടാകുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഇസ്രായേലിലെ ജനങ്ങൾ വലിയ ആശങ്കയിലാണ് കഴിയുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. താൻ സുരക്ഷിതയല്ലെന്നാണ് തോന്നുന്നതെന്നും ഹനിയ്യയുടെ കൊലപാതകത്തിന് ശേഷം തന്റെ എല്ലാ പദ്ധതികളും മാറ്റിവെച്ചതായും ഒരു ഇസ്രായേലി സ്ത്രീ ‘മിഡിൽ ഈസ്റ്റ് ഐ’യിനോട് പറഞ്ഞു. കൊലപാതകത്തിൽ ആളുകൾ സന്തോഷവാൻമാരാണ്. എന്നാൽ, വലിയൊരു യുദ്ധത്തിലേക്ക് ഇത് നയിക്കുമോ എന്ന ആശങ്ക എല്ലാവർക്കുമുണ്ടെന്നും മറ്റൊരു സ്ത്രീ പറഞ്ഞു.

ആളുകൾ മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഇസ്രായേലി രാഷ്ട്രീയ വിദഗ്ധൻ ഒരി ഗോൾഡ്ബെർഗ് പറഞ്ഞു. വളരെ കുറഞ്ഞ ആളുകൾ മാത്രമാണ് തെരുവുകളിലുള്ളത്. എല്ലാവരും ആശങ്കയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരിച്ചടി ഭയന്ന് ജനവാസ കേന്ദ്രങ്ങളിലും നഗരങ്ങളിലും വലിയ മുന്നൊരുക്കങ്ങളാണ് ഇസ്രായേൽ നടത്തുന്നത്. ലെബനാൻ അതിർത്തിയിൽ കഴിയുന്ന ജനങ്ങളോട് ബോംബ് ഷെൽട്ടറുകളിലേക്ക് മാറാൻ സൈന്യം നിർദേശിച്ചിട്ടുണ്ട്. ആശുപത്രികളിലും വലിയ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്.

വിശ്വാസ്യത വീണ്ടെടുത്ത് നെതന്യാഹു

ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തോടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സൈന്യവും ജനങ്ങൾക്കിടയിൽ വിശ്വാസ്യത വീണ്ടെുത്തതായി തെരഞ്ഞെടുപ്പ് വിദഗ്ധനും നെതന്യാഹുവിന്റെ മുൻ സഹായിയുമായ മിച്ചൽ ബറാക് പറഞ്ഞു. ഒക്ടോബർ ഏഴിന് ശേഷം നെതന്യാഹുവും സൈന്യവുമെല്ലാം ചോദ്യമുനയിലായിരുന്നു. ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആർക്കും അറിയില്ല. ​എങ്ങനെയായിരിക്കും തിരിച്ചടിയെന്നും അത് എവിടെ നിന്നാണ് വരികയെന്നും മനസ്സിലാക്കാൻ ആളുകൾ ​ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story