'പുടിനെതിരായ അറസ്റ്റ് വാറണ്ടിൽ റഷ്യ പരിഭ്രാന്തിയിലോ?'; ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ ഇങ്ങനെ
''പുടിനെതിരായ അറസ്റ്റ് വാറണ്ട് റഷ്യൻ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ആഹ്വാനം''
വ്ളാഡിമിർ പുടിൻ
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരായ അറസ്റ്റ് വാറണ്ടിൽ റഷ്യ പരിഭ്രാന്തിയിലാണെന്ന് വ്യക്തമാക്കി ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ. യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് കഴിഞ്ഞ മാസമാണ് പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പുടിനെതിരായ അറസ്റ്റ് വാറണ്ട് റഷ്യൻ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ആഹ്വാനമാണെന്ന് ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ പാർട്ടിയിൽ നിന്നുള്ള പാർലമെന്റ് അംഗം മോസ്‌കോ ടൈംസിനോട് പറഞ്ഞു.
പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ റഷ്യയുടെ പ്രതികരണം ചർച്ച ചെയ്യാൻ ക്രെംലിൻ പ്രത്യേക യോഗം വിളിച്ചിരുന്നു. യുക്രൈനിൽ നിന്ന് കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പുടിനെതിരെയുള്ളത്. 2022 ഫെബ്രുവരി 24 മുതലാണ് യുക്രൈനിൽ കുറ്റകൃത്യങ്ങൾ നടന്നതെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി അറിയിച്ചു. പുടിനെതിരായ അറസ്റ്റ് വാറണ്ടിനെ റഷ്യ ഔദ്യോഗികമായി അപലപിച്ചു. ഇത് കനത്ത രാഷ്ട്രീയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് റഷ്യൻ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
ലോക വേദിയിൽ പുടിന്റെ പ്രതിച്ഛായ തകരുമോയെന്നും മറ്റു രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിൽ പരാജയപ്പെടുമോയെന്നും റഷ്യയ്ക്ക് ആശങ്കയുണ്ട്. വെല്ലുവിളികളൊന്നുമില്ലാതെ പുടിൻ റഷ്യയിൽ അധികാരത്തിൽ തുടരുകയാണ്. ആയതിനാൽ ക്രെംലിൻ പുടിനെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് കൈമാറാൻ സാധ്യതയില്ല. അദ്ദേഹം റഷ്യയിൽ തന്നെ തുടരുകയും ചെയ്യുന്നു. പക്ഷെ അദ്ദേഹം രാജ്യത്തിന് പുറത്തുകടന്നാൽ പുടിനെ തടങ്കലിൽവെക്കാം. ഈ സാഹചര്യത്തിൽ പുടിന് അന്താരാഷ്ട്ര യാത്രകൾ നടത്തുക സാധ്യമല്ല. റഷ്യയ്‌ക്കെതിരെ അന്താരാഷ്ട്ര ഉപരോധങ്ങൾ നിലനിൽക്കുന്നുമുണ്ട്. തന്നെ വിചാരണ ചെയ്യാൻ ആഗ്രഹിക്കുന്ന രാജ്യത്ത് പുടിൻ പ്രത്യക്ഷപ്പെടില്ലെന്ന് ഉറപ്പാണ്. മാർച്ച് 17 ന് പുറപ്പെടുവിച്ച ഐസിസി അറസ്റ്റ് വാറണ്ടി്‌ന്റെ നിയമസാധുത നിഷേധിച്ച് റഷ്യൻ അധികൃതർ രംഗത്തെത്തിയിരുന്നു. നടപടിയെ ചരിത്രപരമായ തീരുമാനമെന്ന് വിശേഷിപ്പിച്ച യുക്രൈൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കി ഐസിസി പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.
Adjust Story Font
16