Quantcast

ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടു

ഇറാനിലെ തെഹ്റാനിലുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2024-07-31 05:26:23.0

Published:

31 July 2024 3:06 AM GMT

ismail haniyeh
X

തെഹ്റാൻ: ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷൻ ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടു. തെഹ്റാനിലുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാൻ സൈന്യം അറിയിച്ചു. ഹനിയ്യ താമസിച്ച വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്.

ഇസ്മാഈൽ ഹനിയ്യയുടെ മരണത്തിൽ ഫലസ്തീൻ ജനതക്കും ഇസ്‍ലാമിക സമൂഹത്തിനും ഇറാനിയൻ രാഷ്ട്രത്തിനും ഇറാൻ സായുധ സേനയിലെ സായുധ സൈനിക വിഭാഗം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അനുശോചനം അറിയിച്ചു.

പുതിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പ​ങ്കെടുക്കാൻ എത്തിയതായിരുന്നു ഇസ്മാഈൽ ഹനിയ്യ. ചൊവ്വാഴ്ച നടന്ന ചടങ്ങിന് മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ ഇറാൻ പ​രമോന്നത നേതാവ് ആയത്തുല്ല ഖുമേനിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. രണ്ട് മാസം മുമ്പ് ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റഈസിയുടെ സംസ്കാര ചടങ്ങുകളിൽ പ​ങ്കെടുക്കാനും ഹനിയ്യ ഇറാനിലെത്തിയിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ ഇറാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ഇസ്മാഈൽ ഹനിയ്യയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച

അല്ലാഹുവിന്റെ മാർഗത്തിന്റെ കൊല്ലപ്പെട്ടവരെ മരിച്ചവരായി കണക്കാക്കരുതെന്ന് ഹമാസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. മറിച്ച് അവർ തങ്ങളുടെ രക്ഷിതാവിങ്കിൽ ജീവിച്ചിരിക്കുന്നു. നമ്മുടെ മഹത്തായ ഫലസ്തീൻ ജനതയുടെയും അറബ്, ഇസ്‍ലാമിക് രാജ്യങ്ങളുടെയും ലോകത്തിലെ എല്ലാ സ്വതന്ത്ര രാജ്യങ്ങളുടെയും ജനങ്ങളോട് ഹമാസ് അനുശോചനം രേഖപ്പെടുത്തുന്നു. പ്രസ്ഥാനത്തിന്റെ നേതാവും പോരാളിയും രക്തസാക്ഷിയുമായ അദ്ദേഹം ഇറാനിലെ താമസസ്ഥലത്ത് സയണിസ്റ്റ് വഞ്ചനയിലൂടെയാണ് വിടപറഞ്ഞത്. നാം അല്ലാഹുവിന്റേതാണ്, അവനിലേക്കാണ് നാം എല്ലാവരും മടങ്ങുക. അത് വിജയത്തിന്റെയോ രക്തസാക്ഷിതത്വത്തിന്റെയോ ജിഹാദാണെന്നും അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

62കാരനായ ഹനിയ്യ നിലവിൽ ഖത്തറിലാണ് കഴിഞ്ഞിരുന്നത്. 2017 മെയിലാണ് ഇദ്ദേഹം ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനായി ചുമതലയേൽക്കുന്നത്.

ഒക്ടോബർ ഏഴിന് ശേഷമുള്ള ഇസ്രായേൽ ആക്രമണത്തിനിടെ ഹനിയ്യയുടെ നിരവധി കുടുംബാംഗങ്ങളാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഏപ്രിൽ പത്തിന് പെരുന്നാൾ ദിനത്തിൽ ഹനിയ്യയുടെ മൂന്ന് മക്കളും നാല് പേരമക്കളും കൊല്ലപ്പെട്ടിരുന്നു. മക്കളായ ഹസിം ഹനിയ്യ, ആമിർ ഹനിയ്യ, മുഹമ്മദ് ഹനിയ്യ എന്നിവരും പേരക്കുട്ടികളായ അമൽ, മോന, ഖാലിദ്, റസാൻ എന്നിവരുമാണ് കൊല്ലപ്പെട്ടത്. കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെ വ്യോമാക്രമണം നടത്തുകയായിരുന്നു. ‘എൻ്റെ മക്കളുടെ രക്തം ഞങ്ങളുടെ ജനങ്ങളുടെ രക്തത്തേക്കാൾ പ്രിയപ്പെട്ടതല്ല’ എന്നായിരുന്നു മക്കളെ ഇസ്രായേൽ കൊലപ്പെടുത്തിയ വിവരം അറിഞ്ഞപ്പോൾ ഇസ്മാഈൽ ഹനിയ്യ പ്രതികരിച്ചത്.

TAGS :

Next Story