‘രക്തസാക്ഷിത്വം അദ്ദേഹം ആഗ്രഹിച്ചത്’; സ്വാതന്ത്ര്യം നേടും വരെ പോരാടുമെന്ന് ഹനിയ്യയുടെ മകൻ
ഇസ്മാഈൽ ഹനിയ്യയുടെ മൂന്ന് മക്കൾ പെരുന്നാൾ ദിനത്തിൽ കൊല്ലപ്പെട്ടിരുന്നു
ഗസ്സ സിറ്റി: ഫലസ്തീന് സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ പോരാടുമെന്ന് കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷൻ ഇസ്മാഈൽ ഹനിയ്യയുടെ മകൻ അബ്ദുസ്സലാം ഹനിയ്യ. ‘രാജ്യസ്നേഹ യാത്രക്കിടെ എന്റെ പിതാവ് നാല് വധശ്രമങ്ങളെയാണ് അതിജീവിച്ചത്. അദ്ദേഹം എപ്പോഴും ആഗ്രഹിച്ചിരുന്ന രക്തസാക്ഷിത്വം അല്ലാഹു നൽകിയിരിക്കുന്നു. ദേശീയ ഐക്യം സ്ഥാപിക്കുന്നതിൽ അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. എല്ലാ ഫലസ്തീൻ വിഭാഗങ്ങളുടെയും ഐക്യത്തിനായി പരിശ്രമിച്ചു. ഈ കൊലപാതകം ചെറുത്തുനിൽപ്പിനെ ഇല്ലാതാക്കില്ലെന്ന് ഞങ്ങൾ ഉറപ്പിച്ച് പറയുന്നു. സ്വാതന്ത്ര്യം നേടും വരെ പോരാടും’ -അബ്ദുസ്സലാം ഹനിയ്യ പറഞ്ഞു.
ഇറാൻ തലസ്ഥാനമായ തെഹ്റാനിലുണ്ടായ ആക്രമണത്തിലാണ് ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെടുന്നത്. പ്രാദേശിക സമയം ബുധനാഴ്ച പുലർച്ച രണ്ട് മണിക്കാണ് സംഭവം. ഹനിയ്യ താമസിച്ച വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടു.
പുതിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇസ്മാഈൽ ഹനിയ്യ. ചൊവ്വാഴ്ച നടന്ന ചടങ്ങിന് മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഒക്ടോബർ ഏഴിന് ശേഷമുള്ള ഇസ്രായേൽ ആക്രമണത്തിനിടെ ഹനിയ്യയുടെ നിരവധി കുടുംബാംഗങ്ങളാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഏപ്രിൽ പത്തിന് പെരുന്നാൾ ദിനത്തിൽ ഹനിയ്യയുടെ മൂന്ന് മക്കളും നാല് പേരമക്കളും കൊല്ലപ്പെട്ടിരുന്നു. മക്കളായ ഹസിം ഹനിയ്യ, ആമിർ ഹനിയ്യ, മുഹമ്മദ് ഹനിയ്യ എന്നിവരും പേരക്കുട്ടികളായ അമൽ, മോന, ഖാലിദ്, റസാൻ എന്നിവരുമാണ് കൊല്ലപ്പെട്ടത്.
കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെ വ്യോമാക്രമണം നടത്തുകയായിരുന്നു. ‘എൻ്റെ മക്കളുടെ രക്തം ഞങ്ങളുടെ ജനങ്ങളുടെ രക്തത്തേക്കാൾ പ്രിയപ്പെട്ടതല്ല’ എന്നായിരുന്നു മക്കളെ ഇസ്രായേൽ കൊലപ്പെടുത്തിയ വിവരം അറിഞ്ഞപ്പോൾ ഇസ്മാഈൽ ഹനിയ്യ പ്രതികരിച്ചത്. ഇത് കൂടാതെ ഹനിയ്യയുടെ സഹോദരിയെയും ഇസ്രായേൽ വധിച്ചിരുന്നു.
Adjust Story Font
16