Quantcast

ഗസ്സയില്‍ വെടിനിര്‍ത്തല്‍, ആക്രമണം അവസാനിപ്പിച്ചതായി ഇസ്രയേല്‍

ഈജിപ്ത് മുന്നോട്ടുവെച്ച മധ്യസ്ഥ ഫോര്‍മുല അംഗീകരിച്ചതായി ഇസ്രയേലും ഹമാസും

MediaOne Logo

Saifudheen PC

  • Updated:

    2021-05-21 03:15:53.0

Published:

21 May 2021 2:15 AM IST

ഗസ്സയില്‍ വെടിനിര്‍ത്തല്‍, ആക്രമണം അവസാനിപ്പിച്ചതായി ഇസ്രയേല്‍
X

പലസ്തീനെതിരെ പതിനൊന്ന് ദിവസമായി നടത്തിവന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതായി ഇസ്രയേല്‍. ഈജിപ്ത് മുന്നോട്ടുവെച്ച മധ്യസ്ഥ ഫോര്‍മുല ഇന്ന് വൈകീട്ട് ചേര്‍ന്ന മന്ത്രിസഭ ഐക്യകണ്ഠേന അംഗീകരിച്ചതായും വെടിനിര്‍ത്തലിന് സന്നദ്ധരാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. വെള്ളിയാഴ്ച്ച വെളുപ്പിന് രണ്ട് മണിയോടെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായാണ് അറിയിപ്പ്. ഇസ്രയേല്‍ തീരുമാനത്തിന് പിന്നാലെ ഹമാസും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈജിപ്തിന്‍റെ മധ്യസ്ഥ ഫോര്‍മുല അംഗീകരിച്ചാണ് ഹമാസിന്‍റെ നടപടി.

11 ദിവസം നീണ്ട ഇസ്രയേല്‍ ആക്രമണങ്ങളില്‍ 232 പലസ്തീനികളാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 65 കുട്ടികളും 39 സ്ത്രീകളും ഉള്‍പ്പെടുന്നു. 1900 പേര്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്നു. ഹമാസ് നടത്തിയ പ്രത്യാക്രമണങ്ങളില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 12 പേര്‍ ഇസ്രയേലിലും കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കുകളുമുണ്ട്.

നേരത്തെ വെടിനിര്‍ത്തലിന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ ലക്ഷ്യം കാണും വരെ ആക്രമണം തുടരുമെന്നായിരുന്നു നെതന്യാഹുവിന്‍റെ പ്രതികരണം. പിന്നീട് ഈജിപ്തിന്‍റെ നേതൃത്വത്തില്‍ നടന്ന നിരന്തരമായ മധ്യസ്ഥ നീക്കങ്ങളാണ് ഇപ്പോള്‍ ഇസ്രയേലിനെ വെടിനിര്‍ത്തലിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ നടന്ന ഏറ്റുമുട്ടലുകളില്‍ നിന്ന് വിഭിന്നമായി വിവിധ ഇസ്രയേലി നഗരങ്ങളില്‍ വന്‍ നാശനഷ്ടങ്ങളാണ് ഹമാസിന്‍റെ പ്രത്യാക്രമണങ്ങളില്‍ ഇത്തവണ ഉണ്ടായത്.

ഇത്രയും ദിവസം നീണ്ട യുദ്ധം ഗസ്സയെ പൂര്‍ണമായും തകര്‍ത്തതായാണ് യുഎന്‍ റിപ്പോര്‍ട്ട്. 90,000 നിലവില്‍ താമസകേന്ദ്രങ്ങള്‍ വിട്ട് ഓടിപ്പോയതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 66,000 പേര്‍ യുഎന്നിന്‍റെ സ്കൂളുകളിലും 25000 പേര്‍ ബന്ധുവീടുകളിലും അഭയം തേടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു

Next Story