Quantcast

മൂന്ന് ബന്ദികളെ 'അബദ്ധത്തിൽ' കൊലപ്പെടുത്തി; കുറ്റസമ്മതം നടത്തി ഇസ്രായേൽ സൈന്യം

ഡിസംബർ 12ന് ഗസ്സയിൽനിന്ന് അഞ്ച് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്ത സംഭവത്തിലാണ് ഇസ്രായേൽ സൈന്യത്തിന്റെ കുറ്റസമ്മതം

MediaOne Logo

Web Desk

  • Updated:

    2024-09-10 12:28:57.0

Published:

10 Sep 2024 12:16 PM GMT

Israel army confirms it mistakenly killed three hostages in Gaza city, Israel attack on Gaza, IDF, Hamas,
X

തെൽഅവീവ്: 2023 ഒക്ടോബർ ഏഴിന് ഹമാസ് പിടികൂടിയ ഇസ്രായേലി ബന്ദികളിൽ മൂന്നുപേരെ അബദ്ധത്തിൽ കൊലപ്പെടുത്തിയതായി ഇസ്രായേൽ സൈന്യത്തിന്റെ കുറ്റസമ്മതം. കഴിഞ്ഞ ഡിസംബറിൽ ഹമാസ് കമാൻഡർ അഹ്‌മദ് അൻദുറിനെ കൊലപ്പെടുത്തിയ ഓപറേഷനിൽ മൂന്ന് ബന്ദികൾ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം ഔദ്യോഗികമായി വെളിപ്പെടുത്തി. നിക് ബെയ്സർ(19), റോൺ ഷെർമൻ(19), എലിയ ടൊളെഡാനോ(28) എന്നിവർ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തമാണ് ഇസ്രായേൽ സൈന്യം ഏറ്റത്.

ഡിസംബർ 12ന് ഗസ്സയിൽനിന്ന് അഞ്ച് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കിയപ്പോൾ തന്നെ ഇവരുടെ മരണം സംബന്ധിച്ച സംശയങ്ങൾ ഉയർന്നിരുന്നു. ബന്ദികളുടെ മരണവിവരം പുറത്തുവിട്ട പ്രതിദിന വാർത്താകുറിപ്പിൽ ഹമാസിനെ കുറ്റപ്പെടുത്തുന്നതിനു പകരം ഇവർ മരിച്ചത് വ്യോമാക്രമണത്തിലാകാൻ സാധ്യതയുണ്ടെന്നാണ് സൈന്യം വ്യക്തമാക്കിയത്. അതേസമയം, ബന്ദികളെ കൊലപ്പെടുത്തിയത് ഇസ്രായേൽ ആണെന്നാരോപിച്ച് ഡിസംബറിൽ തന്നെ ഹമാസ് വീഡിയോ പുറത്തിറക്കിയിരുന്നു. 'ഞങ്ങൾ അവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചു. പക്ഷേ, നെതന്യാഹു അവരെ കൊന്നേ അടങ്ങിയുള്ളൂ...'-കൊല്ലപ്പെട്ട ബന്ദികളുടെ ദൃശ്യങ്ങൾക്കൊപ്പമുള്ള സന്ദേശത്തിൽ ഹമാസ് പറഞ്ഞു.

കൊല്ലപ്പെട്ട ബന്ദികളുടെ കുടുംബത്തിന് കഴിഞ്ഞ ദിവസം കൈമാറിയ സന്ദേശത്തിലാണ് ഇവരുടെ മരണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ സൈന്യം ഏറ്റെടുത്തത്. ബന്ദികളുടെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ഇസ്രായേലിലെ 'ചാനൽ 12' ഇക്കാര്യം റിപ്പോർട്ട് ചെയ്തു.

ഡിസംബർ 12ന് വടക്കൻ ഗസ്സയിലെ ജബലിയയിൽ ഹമാസ് തുരങ്കം തകർക്കാനുള്ള ശ്രമത്തിലാണ് ഇസ്രായേലി ബന്ദികൾ കൊല്ലപ്പെട്ടത്. നിരവധി മുറികളും വഴികളുമുള്ള വലിയ തുരങ്കത്തിൽ 13 ടൺ സ്ഫോടക വസ്തുക്കളാണ് സൈന്യം ഉപയോഗിച്ചതെന്ന് 'ജറൂസലം പോസ്റ്റ്' പറയുന്നു. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൈന്യം ബന്ദികളെ മോചിപ്പിക്കാൻ ജബലിയയിൽ എത്തിയതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Summary: Israel army confirms it 'mistakenly killed' three hostages in Gaza city

TAGS :

Next Story