ഗസ്സയിൽ സഹായ വിതരണത്തിന് വഴിയൊരുക്കുമെന്ന് ഇസ്രായേൽ സൈന്യം
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപനത്തെ എതിർത്തു
തെല്‍ അവിവ്: സഹായ വിതരണത്തിനായി ദക്ഷിണ ഗസ്സയിലേക്കുള്ള വഴിയിൽ പകൽ സമയം ആക്രമണം നടത്തില്ലെന്ന് ഇസ്രായേൽ സൈന്യം. അതേസമയം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപനത്തെ എതിർത്തു. യുഎസ് മുന്നോട്ട് വെച്ച് വെടിനിർത്തൽ നിർദേശം ഫലപ്രദമായ പരിഹാരമാണെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. പ്രഖ്യാപിത നിലപാടുകളിൽ ഊന്നിയ ഏതൊരു ചർച്ചയ്ക്കും തയ്യാറാണെന്ന് ഹമാസ് അറിയിച്ചു.
റഫ മേഖലയിൽ 11 മണിക്കൂർ നീളുന്ന പകൽ വെടിനിർത്തൽ വഴി ഗസ്സയിലേക്കുള്ള മുടങ്ങിയ സഹായവിതരണം പുനഃസ്ഥാപിക്കാൻ വഴിയൊരുക്കുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. അന്തർദേശീയ സമൂഹത്തിന്റെയും യു.എന്നിന്‍റെയും ഇടപടലുകളെ തുടർന്നാണ് തീരുമാനം. പരിമിത തോതിലാണെങ്കിലും നടപടി സ്വാഗതാർഹമെന്ന് യു.എൻ വ്യക്തമാക്കി.
രാവിലെ എട്ടുമുതൽ വൈകിട്ട് ഏഴുമണി വരെയുള്ള വെടിനിർത്തൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ തുടരാനായിരുന്നു സേനാ തീരുമാനം. ഇസ്രായേൽ നിയന്ത്രണത്തിലുള്ള കറം അബൂസാലിം ക്രോസിങ്ങിനടുത്ത് ട്രക്കുകൾക്ക് പ്രശ്നങ്ങളില്ലാതെ എത്താൻ ഇത് വഴിയൊരുക്കും. സലാഹുദ്ദീൻ ഹൈവേയിലൂടെ സുഗമ യാത്രക്കും വെടിനിർത്തൽ സഹായകരമാകും. എന്നാൽ നടപടിയെ തള്ളി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു രംഗത്തുവന്നു. പകൽ വെടിനിർത്തൽ എന്ന സൈനിക തീരുമാനം കൈക്കൊണ്ട വിഡ്ഢിയെ പുറന്തള്ളുമെന്ന് നെതന്യാഹു താക്കീതും ചെയ്തു.
ഇസ്രായേൽ സൈനിക, രാഷ്ട്രീയ നേതൃത്വങ്ങൾക്കിടയിലെ ഭിന്നതയാണ് ഇതോടെ കൂടുതൽ രൂക്ഷമായത്. അന്താരാഷ്ട്ര ഏജൻസികളും യു.എന്നുമായുള്ള ചർച്ചകൾക്കുശേഷമാണ് വെടിനിർത്തൽ തീരുമാനമെന്ന് സൈന്യം അറിയിച്ചിരുന്നു. ഇസ്രായേൽ സൈന്യം കഴിഞ്ഞ മാസം റഫയിലേക്ക് കടന്നതോടെ കറം അബൂസാലിം ക്രോസിങ് വഴി സഞ്ചാരം തടഞ്ഞിരുന്നു. ഖാൻ യൂനുസ്, മുവാസി, മധ്യ ഗസ്സ എന്നിവിടങ്ങളിലേക്കുമുള്ള സഹായ വിതരണവും ഇതോടെ തടസപ്പെടുകയായിരുന്നു.
അതിനിടെ, താൻ മുന്നോട്ടു വെച്ച വെടിനിർത്തൽ നിർദേശം അംഗീകരിച്ചാൽ ഗസ്സയിൽ സമാധാനം ഉറപ്പാണെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. ബക്രീദ് ദിന സന്ദേശത്തിലാണ് ബൈഡന്‍റെ പ്രതികരണം. ഗസ്സയിൽ ആയിരങ്ങൾ കൊല്ലപ്പെട്ടിരിക്കെയുള്ള പെരുന്നാൾ ഏറെ ദുഃഖകരം തന്നെയാണെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. ആക്രമണം അവസാനിപ്പിക്കുക, സൈന്യം ഗസ്സ വിടുക ഉൾപ്പെടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ അംഗീകരിക്കുന്ന ഏതൊരു വെടിനിർത്തൽ ചർച്ചയോടും അനുഭാവം തന്നെയാണുള്ളതെന്ന് ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മാഈൽ ഹനിയ്യ പറഞ്ഞു. ഇസ്രായേൽ ആക്രമണത്തിനിടയിൽ ആയിരുന്നു ഗസ്സ നിവാസികളുടെ ഇന്നലത്തെ പെരുന്നാൾ ആഘോഷം. മസ്ജിദുൽ അഖ്സയിൽ പെരുന്നാൾ നമസ്കാരത്തിനെത്തിയവരെ സുരക്ഷാ വിഭാഗം തടഞ്ഞു. ഗസ്സയിലുടനീളം പട്ടിണി പിടിമുറുക്കുന്നതായി യു.എന്‍ മുന്നറിയിപ്പ് നല്‍കി.
Adjust Story Font
16