Quantcast

'ബശ്ശാറുൽ അസദുമായി ഇസ്രായേൽ നിരന്തരം വാട്‌സ്ആപ്പ് വഴി ബന്ധപ്പെട്ടു; മൊസാദ് തലവനുമായി കൂടിക്കാഴ്ച നിശ്ചയിച്ചു'-റിപ്പോര്‍ട്ട്

അസദ് ഭരണകൂടത്തിലെ ഉന്നതരുടെ ഫോണുകളുടെ നിയന്ത്രണം സ്വന്തമാക്കാന്‍ തങ്ങൾക്കായിട്ടുണ്ടെന്നും ഇസ്രായേൽ വൃത്തങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-12-29 12:14:08.0

Published:

29 Dec 2024 12:12 PM GMT

The Israeli newspaper Yedioth Ahronoth reported that Israel contacted ousted Syrian President Bashar al-Assad via WhatsApp for years: Report, Israel, Israel-Syria relations, Israel-Bashar relations
X

ദമാസ്‌കസ്/തെൽഅവീവ്: സിറിയയിൽ അധികാരഭ്രഷ്ടനായ ബശ്ശാറുൽ അസദും ഇസ്രായേൽ സൈന്യവും നിരന്തരം സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ടിരുന്നതായി വെളിപ്പെടുത്തൽ. വാട്‌സ്ആപ്പ് വഴിയാണ് ഇസ്രായേൽ സൈനിക-രഹസ്യാന്വേഷണ വൃത്തങ്ങളും ബശ്ശാറിന്റെ ഉദ്യോഗസ്ഥരും വർഷങ്ങളായി ആശയവിനിമയം തുടർന്നിരുന്നത്. ഇസ്രായേൽ മാധ്യമമായ 'യെദിയോത്ത് അക്രോനോത്ത്' പുറത്തുവിട്ട വാർത്തയിലാണു വെളിപ്പെടുത്തലുള്ളത്.

ബശ്ശാറുൽ അസദുമായും അദ്ദേഹവുമായി അടുത്ത വൃത്തങ്ങളുമായും ബന്ധം സ്ഥാപിക്കാനായി ഇസ്രായേൽ രഹസ്യ ഓപറേഷനുകൾ നടത്തിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇസ്രായേൽ സൈനിക ഇന്റലിജൻസ് ഡയരക്ടറേറ്റിന്റെ ഭാഗമായ 'മൂസ' എന്ന പേരിൽ അറിയപ്പെടുന്ന ഒരു സംഘമാണ് വാട്‌സ്ആപ്പ് വഴി സിറിയൻ വൃത്തങ്ങൾക്ക് സന്ദേശങ്ങൾ അയച്ചിരുന്നത്. സിറിയിലെ ഉന്നത വൃത്തങ്ങൾക്കാണ് ഈ സന്ദേശങ്ങൾ ലഭിച്ചിരുന്നത്.

2019 അവസാനത്തിൽ, ഇസ്രായേൽ രഹസ്യാന്വേഷണ സംഘം 'മൊസാദി'ന്റെ അന്നത്തെ തലവൻ യോസി കോഹനും ബശ്ശാറുൽ അസദും തമ്മിൽ നേരിട്ടു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മോസ്‌കോയിലെ റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ക്രെംലിനിൽ വച്ചായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. എന്നാൽ, അവസാന നിമിഷം ഇതിൽനിന്ന് ബശ്ശാർ പിന്മാറുകയായിരുന്നുവത്രെ.

ലബനാനും ഹിസ്ബുല്ലയ്ക്കും ആയുധം നൽകുന്നത് നിർത്തണമെന്നായിരുന്നു വാട്‌സ്ആപ്പ് ചാറ്റുകളിൽ ഇസ്രായേൽ സിറിയൻ വൃത്തങ്ങളോട് പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. ഇതിനു പകരമായി സിറിയൻ ഭരണകൂടത്തിനെതിരെയുള്ള അന്താരാഷ്ട്ര ഉപരോധങ്ങൾ നീക്കിനൽകാമെന്നായിരുന്നു ഇസ്രായേലിന്റെ വാഗ്ദാനം.

സിറിയയിൽ ബശ്ശാറുൽ അസദിന്റെ പതനത്തിനു പിന്നാലെയാണ് ഇസ്രായേൽ-സിറിയ രഹസ്യബന്ധത്തിന്റെ തെളിവുകൾ പുറത്തായത്. ഇതുവരെയും അതീവ രഹസ്യസ്വഭാവത്തോടെ സൂക്ഷിച്ച വിവരങ്ങൾ സിറിയയിൽ വിമതസംഘം അധികാരം പിടിച്ചതോടെയാണു വെളിച്ചത്തിൽ വരുന്നത്. ഈ ആശയവിനിമയങ്ങളുടെ പകർപ്പുകൾ സൂക്ഷിച്ചുവച്ചിരുന്ന ദമാസ്‌കസിലെ ഇന്റലിജൻസ് ആസ്ഥാനം വിമതർ പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് വാട്‌സ്ആപ്പ് മെസേജുകൾ പുറത്തുവിട്ടത്.

ഭീഷണിസ്വരമുള്ളതും അനുനയ സ്വഭാവമുള്ളതുമെല്ലാം പുറത്തുവന്ന മെസേജുകളിൽ കാണാം. ഹിസ്ബുല്ലയുമായി ഉൾപ്പെടെ ആയുധ ഇടപാടുകൾ നടത്തുന്ന കപ്പലുകൾ ആക്രമിക്കുമെന്ന് ഇസ്രായേൽ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പുറമെ, അസദ് ഭരണകൂടത്തിലെ ഉന്നതരുടെ ഫോണുകളുടെ നിയന്ത്രണം സ്വന്തമാക്കാനും തങ്ങൾക്കായിട്ടുണ്ടെന്നും ഇസ്രായേൽ വൃത്തങ്ങൾ 'യെദിയോത്ത് അക്രോനോത്തി'നോട് വെളിപ്പെടുത്തിയിട്ടുണ്ട്. സിറിയയിൽ ഇസ്രായേൽ രഹസ്യ ഓപറേഷനുകൾ നടത്തിയിട്ടുണ്ട്.

ഓൺലൈനായുള്ള ആശയവിനിമയത്തിനു പുറമെ ഗൾഫ് രാജ്യങ്ങളായ യുഎഇയും ഒമാനും വഴിയും ബശ്ശാറുൽ അസദുമായി ബന്ധപ്പെടാൻ ഇസ്രായേൽ ശ്രമിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇറാനുമായും ഹിസ്ബുല്ലയുമായും ബന്ധം ഉപേക്ഷിക്കണമെന്നായിരുന്നു ഈ ചർച്ചകളിലെല്ലാം ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ആവശ്യം അംഗീകരിക്കാൻ ബശ്ശാർ ഒരു നിലയ്ക്കും കൂട്ടാക്കിയിരുന്നില്ല. ഇതോടെ തങ്ങളുടെ നയതന്ത്ര പങ്കാളികളായി സിറിയയെ ആശ്രയിക്കാനാകില്ലെന്ന നിഗമനത്തിലെത്തുകയായിരുന്നുവത്രെ ഇസ്രായേൽ.

ഒക്ടോബർ ഏഴ് ആക്രമണം വരെ ഇസ്രായേലിനെതിരെയുള്ള ആക്രമണങ്ങളിൽ സിറിയ നേരിട്ടു പങ്കുചേർന്നിരുന്നില്ല. ഗോലാൻ കുന്നിൽനിന്നുള്ള ഹിസ്ബുല്ല ആക്രമണങ്ങളെ തടയുകയും ചെയ്തിരുന്നു. എന്നാൽ, ഒക്ടോബർ ഏഴിനുശേഷം ബശ്ശാർ നിലപാട് മാറ്റിയതായാണ് ലബനീസ് മാധ്യമമായ 'ലെ ഓറിയന്റ് ടുഡേ' റിപ്പോർട്ട് ചെയ്യുന്നത്. സിറിയയിലെ ഇറാൻ-ഹിസ്ബുല്ല സ്വത്തുക്കൾക്കും കേന്ദ്രങ്ങൾക്കും നേരെയുള്ള ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കാൻ അദ്ദേഹം ഒരുക്കമായിരുന്നില്ലത്രെ. സിറിയയിൽ നിരന്തരം ആക്രമണം നടന്നിട്ടും അവ തടയാനോ പ്രതിഷേധിക്കാനോ ഒന്നും ബശ്ശാർ തയാറായിട്ടില്ലെന്നതും ഇതിനോട് ചേർത്തുവായിക്കപ്പെടുന്നുണ്ട്.

Summary: Israel contacted ousted Syrian President Bashar al-Assad via WhatsApp for years: Report

TAGS :

Next Story