ഇസ്രായേൽ ആക്രമണം തുടരുന്നു; പട്ടിണിയിൽ വലഞ്ഞ് വടക്കൻ ഗസ്സ
ഇസ്രായേൽ ആക്രമണത്തിൽ ഒരു വനിതാബന്ദി കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു
ഗസ്സ: ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്ന ഗസ്സയിൽ പട്ടിണി പിടിമുറുക്കുന്നു. ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള യുദ്ധം ഗസ്സയെ വാസയോഗ്യമല്ലാതാക്കുകയാണെന്ന് യുഎൻആർഡബ്ല്യുഎ റിപ്പോർട്ട് ചെയ്തു. ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഗസ്സയിലെ മുഴുവൻ ജനങ്ങൾക്കും സഹായം ആവശ്യമാണ് എന്ന് യുഎൻആർഡബ്ല്യുഎയുടെ ഡെപ്യൂട്ടി കമ്മീഷണർ ജനറൽ ബൗക്ലി പറഞ്ഞു.
'യുദ്ധത്തിന് മുമ്പ് 500 ട്രക്കുകളായിരുന്നു ഗസ്സയിലേക്ക് പ്രവേശിച്ചിട്ടുണ്ടായിരുന്നത്. എന്നാൽ ഇന്ന് അത് 37 ആയി കുറഞ്ഞിരിക്കുകയാണ്. ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സാധനങ്ങൾ കൊള്ളയടിക്കാനുള്ള സാധ്യതയും ഉയർന്നുവരികയാണ്. ഈ സാഹചര്യത്തിൽ ഗസ്സയിലെ മുഴുവൻ ജനങ്ങൾക്കും സഹായം ആവശ്യമാണ്' എന്ന് ബൗക്ലി പറഞ്ഞു. ഫലസ്തീനികൾക്കുള്ള ഭക്ഷണവുമായി എത്തിയ നൂറോളം ട്രക്കുകളാണ് അക്രമാസക്തമായി കൊള്ളയടിക്കപ്പെട്ടത്.
അതേസമയം ഇസ്രായേൽ ആക്രമണത്തിൽ ഒരു വനിതാബന്ദി കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. യുദ്ധക്കുറ്റങ്ങളും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, മുൻ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ്, ഹമാസ് സൈനിക നേതാവ് ഇബ്രാഹിം അൽ മസ്‌രി എന്നിവരെ അറസ്റ്റ് ചെയ്യാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
അറസ്റ്റ് വാറണ്ടിനെ മറികടക്കാൻ നെതന്യാഹു അമേരിക്കയുമായി ചർച്ച നടത്തി. ലബനാനിലും ഇസ്രായേൽ ആക്രമണം അതിരൂക്ഷമായി തുടരകയാണ്.
Adjust Story Font
16