ആക്രമണം തെക്കൻ ഗസ്സയിലേക്ക് കൂടി വ്യാപിപ്പിക്കാൻ ഇസ്രായേൽ; യുദ്ധം മാസങ്ങൾ നീളുമെന്ന് സൈന്യം
താൽക്കാലിക വെടിനിർത്തൽ നിർദേശം ഫലസ്തീൻ ജനതക്ക് സ്വീകാര്യമല്ലെന്ന നിലപാടിലാണ് ഹമാസ്
തെല്‍ അവിവ്: തെക്കൻ ഗസ്സയിലേക്ക് കടന്നുകയറാൻ ആക്രമണം കൂടുതൽ കടുപ്പിക്കുമെന്ന് ഇസ്രായേൽ. ഗസ്സയിൽ ആകെ മരണം 20,915 ആയി. യുദ്ധം മാസങ്ങൾ നീളുമെന്ന് ഇസ്രായേൽ പ്രതിരോധ സേന മേധാവി ഹെർസി ഹലേവി വ്യക്തമാക്കി . താൽക്കാലിക വെടിനിർത്തൽ നിർദേശം ഫലസ്തീൻ ജനതക്ക് സ്വീകാര്യമല്ലെന്ന നിലപാടിലാണ് ഹമാസ്. സിറിയയിൽ സൈനിക ഉപദേശകനെ വധിച്ച ഇസ്രായേലിനെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടിയെന്ന് ഇറാൻ അറിയിച്ചു. ഇസ്രായേലിലേക്ക് പുറപ്പെട്ട ഒരു കപ്പലിനെ കൂടി ആക്രമിച്ചതായി ഹൂത്തികൾ.
തെക്കൻ, മധ്യ ഗസ്സയിൽ ആക്രമണം കൂടുതൽ വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. സിവിലിയൻ കേന്ദ്രങ്ങളിലെ നിരന്തര ബോംബ് വർഷം തുടരുകയാണ്. ഇന്നലെ മാത്രം 241 പേർ കൊല്ലപ്പെടുകയും 382 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 9 ഇസ്രായേൽ സൈനികർ കൊല്ലപ്പെടുകയും അമ്പതിലേറെ സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹിസ്ബുല്ല ആക്രമണത്തിൽ 9 ഇസ്രായേൽ സൈനികർക്കും പരിക്കുണ്ട്.
ഇതുവരെയുള്ളതിൽ ഏറ്റവും സങ്കീർണയുദ്ധത്തെ അഭിമുഖീകരിക്കുകയാണെന്ന് ഇസ്രായേൽ പ്രതിരോധ സേനാ മേധാവി അറിയിച്ചു. യുദ്ധം മാസങ്ങൾ നീണ്ടാൽ തന്നെയും ആത്യന്തിക വിജയം ഇസ്രായേലിനായിരിക്കുമെന്ന് നെതന്യാഹു പറഞ്ഞു. ഹമാസ് നേതാക്കളെ ഉടൻ കണ്ടെത്തി വധിക്കുമെന്നുമാണ് നെതന്യാഹുവിന്റെ താക്കീത്. പ്രഖ്യാപിത ലക്ഷ്യങ്ങൾ നേടാനാകാതെ പരാജയത്തിൽ നിന്ന് പരാജയത്തിലേക്കാണ് നെതന്യാഹുവും ഇസ്രായേലും നീങ്ങുന്നതെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാൻ പറഞ്ഞു. കടന്നുകയറ്റം പൂർണമായി അവസാനിപ്പിക്കാതെയുള്ള വെടിനിർദേശത്തിൽ കാര്യമില്ലെന്നുമുള്ള നിലപാടിലാണ് ഹമാസ്.
സിറിയയിൽ ഇറാൻ സൈനിക ഉപദേശകൻ റാസി മൂസവിയെ കൊലപ്പെടുത്തിയ ഇസ്രായേൽ നടപടിക്കെതിരെ ഇറാനിൽ പ്രതിഷേധം ശക്തമാണ്. തക്ക സമയത്തും സ്ഥലത്തും തിരിച്ചടി ഉറപ്പാണെന്ന് ഇറാൻ പ്രതിരോധ സേനയുടെ മുന്നറിയിപ്പ്. ഇറാന്റെ ഇടപെടൽ ഇല്ലാതെ തന്നെ ഏതു കടന്നാക്രമണവും തടയാൻ പോരാളികൾ സജ്ജമാണെന്ന് ഖുദ്സ് ഫോഴ്സ് കമാണ്ടറുടെ ഉപദേശകൻ അറിയിച്ചു . ഇറാഖിലെ മൂന്നുകേന്ദ്രങ്ങളിൽ യു.എസ് നടത്തിയ ആക്രമണത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല ഗ്രൂപ്പ് വ്യക്തമാക്കി.
യു.എസ് സൈനികരെ ലക്ഷ്യമിട്ട് ഇറാഖിലെ ഇർബിൽ എയർബേസിലും സിറിയയിലും നടന്ന ആക്രമണ പരമ്പരകൾക്ക് മറുപടിയെന്ന നിലക്കാണ് പ്രത്യാക്രമണമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ പറഞ്ഞു. ചെങ്കടലിൽ ഒരു കപ്പലിനു നേർക്ക് കൂടി ഇന്നലെ ഹൂത്തികൾ ആക്രമണം നടത്തി. മുന്നറിയിപ്പ് അവഗണിച്ച് ഇസ്രായേലിലേക്ക് പോകാൻ ശ്രമിച്ച എം.എസ്.സി കപ്പലാണ് അക്രമിക്കപ്പെട്ടത്.
Adjust Story Font
16