Quantcast

ഗസ്സ വെടിനിര്‍ത്തല്‍; ആദ്യ ദിനം മുതലുള്ള ഖത്തറിന്‍റെ സമാധാന ശ്രമങ്ങള്‍ ഒടുവില്‍ ഫലം കണ്ടു

അമേരിക്കയും ഈജിപ്തുമായി ചേർന്നായിരുന്നു ആദ്യ മധ്യസ്ഥ ശ്രമങ്ങൾ

MediaOne Logo

Web Desk

  • Published:

    16 Jan 2025 1:07 AM GMT

gaza ceasefire
X

ദോഹി: ഗസ്സ യുദ്ധത്തിന്‍റെ ആദ്യ ദിനം മുതല്‍ തുടങ്ങിയ ഖത്തറിന്‍റെ സമാധാന ശ്രമങ്ങള്‍ ഒടുവില്‍ ഫലം കണ്ടു. ഇതിനിടക്ക് പലതവണ ഖത്തറിന്‍റെ ശ്രമങ്ങള്‍ വിജയത്തിന് അടുത്തെത്തിയെങ്കിലും ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്‍റെ കടുംപിടുത്തമാണ് കരാര്‍ വൈകി‌ച്ചത്.

ഗസ്സയിൽ മരണം വിതച്ചുകൊണ്ട് ഇസ്രായേൽ ബോംബറുകള്‍ പറന്നു തുടങ്ങിയ 2023 ഒക്ടോബര്‍ ഏഴിന് തന്നെ ഖത്തര്‍ നയതന്ത്ര ദൗത്യത്തിനും തുടക്കമിട്ടിരുന്നു. അമേരിക്കയും ഈജിപ്തുമായി ചേർന്നായിരുന്നു ആദ്യ മധ്യസ്ഥ ശ്രമങ്ങൾ. 2023 നവംബറിൽ ആദ്യ ഘട്ട വെടിനിര്‍ത്തലും സാധ്യമാക്കി. ആദ്യം രണ്ടു ദിവസവും പിന്നീട് ഒരു ദിവസത്തേക്കും നീട്ടിയ വെടിനിർത്തൽ കരാർ ഗസ്സയിലെ ലക്ഷങ്ങൾക്ക് ആശ്വാസമായി മാറി.

വിദേശികൾ ഉൾപ്പെടെ നൂറിനടുത്ത് ബന്ദികളെ ഫലസ്തീൻ തടവുകാർക്ക് പകരമായി മോചിപ്പിക്കുകയും ചെയ്തു. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ഖത്തറിലും ഇസ്രായേലിലുമായി ഒരു വർഷത്തിനിടെ ഡസനിലേറെ തവണ പറന്നു. മധ്യസ്ഥ ശ്രമങ്ങളുടെ പേരില്‍ ഖത്തറിനെയും പ്രതിരോധത്തിലാക്കാന്‍ ‌ ഇസ്രായേല്‍ ശ്രമം നടത്തി. എന്നാല്‍ അന്താരാഷ്ട്ര വേദികളില്‍ ഉള്‍പ്പെടെ ഖത്തര്‍ ഗസ്സയില്‍ വെടിനിര്‍ത്തലിനും മാനുഷിക സഹായം എത്തിക്കുന്നതിനും നിലകൊണ്ടു.

1500ഓളം ഫലസ്തീനികളെ ഖത്തറിലെത്തിച്ച് ചികിത്സ നൽകാനും വിവിധ ഘട്ടങ്ങളിലായി കടൽ, കര, ആകാശ മാർഗങ്ങളിൽ ഗസ്സയിലേക്ക് അവശ്യ സാധനങ്ങളെത്തിക്കാനും നേതൃത്വം നൽകി. ഇസ്മയില്‍ ഹനിയ്യയുടെ കൊലപാതകത്തോടെ നിലച്ച ചര്‍ച്ചകള്‍ കഴിഞ്ഞ ആഗസ്തില്‍ വീണ്ടും സജീവമായി. എന്നാല്‍ ഇരുപക്ഷവും ചര്‍ച്ചകളോട് ആത്മാര്‍ഥത കാണിക്കുന്നില്ലെന്ന് വ്യക്തമാക്കി നവംബറില്‍ മധ്യസ്ഥ ശ്രമങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതായി ഖത്തര്‍ പ്രഖ്യാപിച്ചു. അമേരിക്കയിന്‍ ട്രംപിന്‍റെ വിജയത്തോടെ ഖത്തര്‍ നടത്തിയ ശ്രമങ്ങള്‍ ഒടുവില്‍ ലക്ഷ്യത്തിലെത്തി.

TAGS :

Next Story