ലബനാനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; യെമനിലെ ഹൂതി ശക്തി കേന്ദ്രങ്ങളിലും ബോംബിട്ടു
ഹൂതി നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖത്തും റാസ് ഈസയിലുമാണ് വ്യോമാക്രമണം നടന്നത്
ബെയ്റൂത്ത്: ബെയ്റൂത്ത് ഉൾപ്പെടെ ലബനാനിലെ വിവിധ കേന്ദ്രങ്ങൾക്കു പിന്നാലെ യെമനിലെ ഹുദൈദ തുറമുഖത്തിനു നേരെയും ഇസ്രായേലിൻറെ വ്യാപക വ്യോമാക്രമണം. ഹൂതി നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖത്തും റാസ് ഈസയിലുമാണ് വ്യോമാക്രമണം നടന്നത്. 8 മരണവും നിരവധി പേർക്ക് പരിക്കേറ്റതായും ഹൂതികൾ സ്ഥിരീകരിച്ചു.
തുറമുഖത്ത് ശേഖരിച്ച എണ്ണ ആക്രമണഭീഷണിയെ തുടർന്ന് നേരത്തെ മാറ്റിയിരുന്നതായി ഹൂതികൾ വ്യക്തമാക്കി. ആക്രമണത്തിൽ യു.എസ് സെൻട്രൽ കമാൻറും പങ്കുവഹിച്ചതായാണ് റിപ്പാർട്ട്. ഒരു പ്രദേശവും തങ്ങൾക്ക് വിദൂരത്തല്ലെന്ന് ഹൂതികൾ ഓർക്കണമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻറ് പറഞു. ഇസ്രായേലിനു നേർക്ക് മിസൈൽ ആക്രമണത്തിന് തുനിഞ്ഞാൽ കൂടുതൽ ശക്തമായ തിരിച്ചടി എല്ലാവരും കാത്തിരിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ബെയ്റൂത്തിനും ദക്ഷിണ ലബനാനിലെ വിവിധ കേന്ദ്രങ്ങൾക്കും നേരെ വ്യാപക ആക്രമണം തുടരുകയാണ് ഇസ്രായേൽ. അമ്പതിലേറെ പേർ ഇന്നലെ മാത്രം കൊല്ലപ്പെട്ടു. മേഖലയിലെ വലിയ അഭയാർഥി പ്രവാഹമാകും ലബനാനിൽ സംഭവിക്കുകയെന്ന് പ്രധാനമന്ത്രി നജീബ് മികാത്തി പറഞു. സിവിലിയൻ കേന്ദ്രങ്ങളെയാണ് സൈന്യം ലക്ഷ്യം വെക്കുന്നത്.
എന്നാൽ ഹിസ്ബുല്ലയുടെ പ്രതിരോധ സംവിധാനങ്ങൾ ദുർബലപ്പെടുത്തുകയാണ് ആക്രമണ ലക്ഷ്യമെന്ന് ഇസ്രായേൽ പ്രതികരിച്ചു. ലബനാൻ അധിനിവേശത്തിനുള്ള തയാറെടുപ്പുകൾ ഇസ്രായേൽ ഊർജിതമാക്കി. അതിർത്തിയിൽ വിന്യസിച്ച മൂന്ന് ഡിവിഷൻ സൈനികർ കരയുദ്ധത്തിനുള്ള അനുമതിക്ക് കാത്തുനിൽക്കുകയാണെന്ന് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേലിൻറെ സുരക്ഷക്ക് ആവശ്യമായതൊക്കെ ചെയ്യുമെന്ന് പെൻറഗൺ വ്യക്തമാക്കി.
അതേസമയം മേഖലായുദ്ധം ഒഴിവാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് നെതന്യാഹുവുമായി സംസാരിക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ പറഞ്ഞു. ഇസ്രായേൽ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഹിസ്ബുല്ല നൂറിലേറെ മിസൈലുകളാണ് ഇന്നലെയും തൊടുത്തത്. ഹൈഫയിൽ പത്തു ലക്ഷത്തോളം പേർ മിസൈൽ ആക്രമണഭീഷണി മൂലം സുരക്ഷിതകേന്ദ്രങ്ങൾ തേടേണ്ടി വന്നു. ഇറാഖ്, യെമൻ എന്നിവിടങ്ങളിൽ നിന്നും നിരവധി ഡ്രോണുകൾ വന്നെത്തിയതായി ഇസ്രായേൽ സ്ഥിരീകരിച്ചു. അതിനിടെ, ഗിദിയോൻ സാറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതായി നെതന്യാഹു വെളിപ്പെടുത്തി.
Adjust Story Font
16