അഞ്ച് ദിവസത്തിനുള്ളിൽ 70 ഫലസ്‌തീൻ കുഞ്ഞുങ്ങളെ കൊന്നൊടുക്കി; നിലവിളി നിലക്കാതെ ഗസ്സ
പുതുവർഷത്തിൽ മരണം കൂടുകയാണ്. അവസാനിക്കാത്ത വ്യോമാക്രമണവും ദാരിദ്ര്യവും കൊടുംതണുപ്പും ജീവിതം കൂടുതൽ ദുസ്സഹമാക്കിയിരിക്കുന്നു....
ഗസ്സ സിറ്റി: കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വടക്കൻ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 70 കുഞ്ഞുങ്ങൾ. ജബാലിയയിൽ ബലമായി കുടിയിറക്കപ്പെട്ട ഫലസ്‌തീനികളെ പാർപ്പിച്ച ഒരു സ്‌കൂളിന് നേരെ നടത്തിയ ആക്രമണത്തിൽ കുട്ടികളടക്കം എട്ടുപേരും കൊല്ലപ്പെട്ടതായി ഗസ്സ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു.
ഗസ്സ മുനമ്പിലുടനീളം സാധാരണക്കാരായ ഫലസ്‌തീനികളെ ലക്ഷ്യമിട്ടുള്ള ആക്രമണം തുടരുകയാണ്. സ്‌കൂളോ അഭയാർത്ഥി ക്യാമ്പോ എന്തിന് ആശുപത്രിയിലാണെങ്കിലും രക്ഷയില്ല. പുതുവർഷത്തിൽ മരണം കൂടുകയാണ്. അവസാനിക്കാത്ത വ്യോമാക്രമണവും ദാരിദ്ര്യവും കൊടുംതണുപ്പും ജീവിതം കൂടുതൽ ദുസ്സഹമാക്കിയിരിക്കുന്നുവെന്ന് യുണിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ കാതറിൻ റസ്സൽ പറഞ്ഞു.
കഴിഞ്ഞ ഒരു മണിക്കൂറിനുള്ളിൽ ദെയ്ർ എൽ-ബലയിലെ ഒരു കൂട്ടം ഫലസ്‌തീനികൾ ആക്രമണത്തിനിരയായി. ഇവരെ അൽ-അഖ്‌സ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഷുജായയിൽ നടന്ന ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു.
വടക്കൻ ഗസ്സയിലെ ടാൽ അസ്-സാതർ പ്രദേശത്തെ അൽ-അവ്ദ ആശുപത്രിക്ക് സമീപം ഇസ്രായേലി സൈന്യം തീവ്രമായ പീരങ്കി ഷെല്ലാക്രമണം നടത്തുന്നുണ്ടെന്ന് അൽ ജസീറ അറബിക് റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ ഗസ്സയിലെ റഫ നഗരത്തിന്റെ വടക്ക് ഭാഗത്തുള്ള മിറാജ് പ്രദേശത്ത് ഇസ്രായേലി ബോംബാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.
അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിന് തെക്കുള്ള ജാബ പട്ടണത്തിന് സമീപം ഇസ്രായേലി വെടിവെപ്പിൽ രണ്ട് കൗമാരക്കാർക്ക് പരിക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്‌കൂളുകളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 28 ഫലസ്‌തീനികൾ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. നുസൈറത്ത് അഭയാർത്ഥി ക്യാമ്പിന്റെ വടക്കൻ ഭാഗത്തുള്ള ചില ബ്ലോക്കുകളിലെ ആളുകളോട് ഉടൻ തന്നെ ഒഴിഞ്ഞുപോകാൻ ഇസ്രായേൽ ഉത്തരവിട്ടിട്ടുണ്ട്.
ഫലസ്‌തീൻ അതോറിറ്റിയുടെ സുരക്ഷാ സേന അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിൽ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടേക്ക് ഭക്ഷണവും വൈദ്യസഹായങ്ങളും എത്തുന്നത് തടഞ്ഞിരിക്കുകയാണ്.
വടക്കൻ ഗസ്സയിൽ 100 ദിവസമായി തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ 5000 ഫലസ്‌തീനികൾ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്‌തിട്ടുണ്ട്. 9,500 പേർക്ക് പരിക്കേറ്റതായും മെഡിക്കൽ വൃത്തങ്ങൾ പറയുന്നു. 2023 ഒക്‌ടോബർ 7ന് ഗസ്സയിൽ ഇസ്രായേൽ വംശഹത്യ ആരംഭിച്ചതിനുശേഷം കുറഞ്ഞത് 46,565 ഫലസ്‌തീനികളാണ് കൊല്ലപ്പെട്ടത്. 109,660 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ടെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു.
Adjust Story Font
16