Quantcast

അത് ഇസ്രായേലിന്‍റെ 'ബിഗ് ബ്ലണ്ടർ'? സിന്‍വാറിന്‍റെ അവസാനരംഗങ്ങള്‍ തിരിച്ചടിക്കാന്‍ പോകുന്നതിങ്ങനെ

ഒരു ഹോളിവുഡ് ഹീറോയുടെ മരണം പോലെയാണിതെന്നാണ് ബ്രിട്ടീഷ്-അമേരിക്കൻ എഴുത്തുകാരി ജാക്കി വാക്കർ വിശേഷിപ്പിച്ചത്. വിഡിയോ പുറത്തുവിട്ടത് ഇസ്രായേൽ രീതിയനുസരിച്ച് അസാധാരണമായൊരു നടപടിയാണെന്നും അവര്‍ക്കുതന്നെ തിരിച്ചടിയാകുമെന്നും അവർ വിശദീകരിക്കുന്നു

MediaOne Logo

Web Desk

  • Published:

    18 Oct 2024 5:51 PM GMT

Did Israel military make a mistake by releasing video of Hamas leader Yahya Sinwar’s final moments?, Yahya Sinwar death, Yahya Sinwar last moments, Yahya Sinwar murder, Hamas, Israel, IDF, Israel attack on Gaza,
X

ഇസ്രായേൽ ബോംബാക്രമണത്തിൽ തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയില്‍, പുകപൊടിപടലങ്ങൾക്കു നടുവിൽ, സൈനിക വേഷത്തിൽ, ഫലസ്തീൻ ചെറുത്തുനിൽപ്പിന്റെ പ്രതീകമായ കഫിയ്യ ധരിച്ച്, അക്ഷോഭ്യനായി ഒരു സോഫയിൽ ഇരിപ്പുറപ്പിച്ച യഹ്‌യ സിൻവാർ. ബോംബാക്രമണത്തിൽ വലത്തേ കരം നഷ്ടമായെങ്കിലും ഇടങ്കയ്യിൽ ഒരു വടി പിടിച്ചായിരുന്നു ഇരിപ്പ്. പെട്ടെന്നു തനിക്കു നേരെ വന്ന ഇസ്രായേൽ ഡ്രോൺ കാമറയ്ക്കു നേരെ ഇടങ്കയ്യിൽ പിടിച്ച വടി എടുത്തുവീശുന്നു. ഡ്രോണ്‍ കാമറ വെട്ടിത്തിരിയുന്നു...

ഹമാസ് തലവൻ യഹ്‌യ സിൻവാറിന്റെ അവസാന നിമിഷങ്ങൾ എന്ന പേരിൽ ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് പുറത്തുവിട്ട വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയ നിറയെ. പതിറ്റാണ്ടുകളായി തങ്ങളുടെ ഉറക്കംകെടുത്തുന്ന, ഏറെക്കാലമായി ഹമാസ് ചെറുത്തുനില്‍പ്പിന്‍റെ അച്ചുതണ്ടായ, ഒക്ടോബർ 7 ആക്രമണത്തിന്റെ സൂത്രധാരനായൊരാളെ വകവരുത്തിയതിന്റെ വിജയപ്രഖ്യാപനമായാണ് ആ അവസാനദൃശ്യങ്ങള്‍ ഇസ്രായേൽ പുറത്തുവിട്ടത്. ഹമാസിനെയും പശ്ചിമേഷ്യയിൽ തങ്ങൾക്കെതിരെ പോരാടിനിൽക്കുന്ന സംഘങ്ങളെയുമെല്ലാം മാനസികമായി തളർത്തി യുദ്ധമുഖത്തുനിന്ന് പിന്തിരിപ്പിക്കാമെന്നായിരിക്കും ഇസ്രായേല്‍ ലക്ഷ്യമിട്ടിരിക്കുക. ഹമാസിന്റെ അന്ത്യം എന്നു പറഞ്ഞ് ഇസ്രായേൽ അനുകൂല മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലുമെല്ലാം ആഘോഷവും നടക്കുകയാണ്.

എന്നാൽ, 'തന്ത്രപരമായ വീഴ്ച'യാണ് ആ ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവിട്ടതിലൂടെ ഇസ്രായേൽ ചെയ്തിരിക്കുന്നതെന്ന വിലയിരുത്തലുകളും ഇപ്പോൾ പുറത്തുവരുന്നു. പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വിദഗ്ധരായ മാധ്യമപ്രവർത്തകരും എഴുത്തുകാരും സാമൂഹിക പ്രവർത്തകരും രാഷ്ട്രീയ പ്രമുഖരുമെല്ലാം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. സിൻവാറിന്‍റെ പോരാട്ടവീര്യത്തിന്റെയും 'ധീരരക്തസാക്ഷ്യ'ത്തിന്റെയും തെളിവായി സോഷ്യൽ മീഡിയയിൽ വിഡിയോ വ്യാപകമായി ആഘോഷിക്കപ്പെടുകയാണ്. ഇത്രനാളും ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള ഇസ്രായേൽ നേതാക്കളും ഐഡിഎഫും സിൻവാറിനെ കുറിച്ച് നിരന്തരം പടച്ചുവിട്ട വാദങ്ങളെയൊന്നാകെ ഈയൊരൊറ്റ വിഡിയോ പൊളിക്കുന്നുമുണ്ട്.

'ഒരു ഹോളിവുഡ് ഹീറോയുടെ മരണം'

പ്രമുഖയായ ബ്രിട്ടീഷ്-അമേരിക്കൻ എഴുത്തുകാരിയും ആക്ടിവിസ്റ്റുമാണ് ജാക്കി വാക്കർ. ഇസ്രായേൽ രീതിയനുസരിച്ച് അസാധാരണമായൊരു നടപടിയെന്നാണ് വിഡിയോ പുറത്തുവിട്ടതിനെ കുറിച്ച് അവർ പറഞ്ഞത്. ജനങ്ങൾ എന്തൊക്കെ വിചാരിച്ചാലും ഒരു ഹോളിവുഡ് ഹീറോയുടെ മരണമാണിതെന്നും അവർ പറയുന്നു. ഈ ദൃശ്യങ്ങൾ എങ്ങനെയൊക്കെ ഇസ്രായേലിനു തിരിച്ചടിയാകുമെന്ന് അവർ വിശദീകരിക്കുന്നത് കാണുക:

''മരിച്ചുകിടക്കുന്ന സഖാക്കൾക്കിടയിൽ, ജീവനോടെ നിൽക്കുന്ന അവസാനത്തെ മനുഷ്യൻ. പൊടിപടലങ്ങളാൽ പൊതിഞ്ഞ്, കഷ്ടിച്ചു ജീവനോടെ നിൽക്കുമ്പോഴും, എല്ലാ പ്രതിബന്ധങ്ങളെയും എതിരിട്ട്, ഏതോ ഭീരു യന്ത്രത്തിനു പിറകിൽ മറഞ്ഞുനിന്ന് പ്രവർത്തിപ്പിക്കുന്ന ഡ്രോണിനുനേരെ തന്റെ ബാക്കിയുള്ള കൈക്കൊണ്ട് ഏറ്റവും തൊട്ടടുത്തുള്ള ആയുധമെടുത്ത് നീട്ടിയെറിയുന്നു അയാൾ. ഇത് 'ടെർമിനേറ്റർ'(സിനിമ) പോലെ തോന്നും, പക്ഷേ യാഥാർഥ്യമാണ്. ഈ വിഡിയോ പരസ്യമാക്കിയതിലൂടെ സിൻവാറിനെയും ഫലസ്തീൻ ചെറുത്തുനിൽപ്പ് പോരാട്ടത്തെയും അപമാനിക്കാമെന്നായിരിക്കും ഇസ്രായേൽ കരുതിയിരിക്കുക. എന്നാൽ, ഇസ്രായേൽ സമൂഹത്തിൽ വലിയൊരു വീഴ്ച സംഭവിച്ചിരിക്കുന്നു.''

മുൻ യുഎൻ വെപൺസ് ഇൻസ്‌പെക്ടറും യുഎസ് ഇന്റലിജൻസ് ഓഫിസറുമായ സ്‌കോട്ട് റിറ്റർ ജാക്കി വാക്കറുടെ നിരീക്ഷണങ്ങൾ പങ്കുവച്ച് അവർ പറഞ്ഞ വാദങ്ങൾ ശരിവയ്ക്കുന്നുണ്ട്. സിൻവാറിന്റെ മരണം ഹമാസിന് ഇപ്പോൾ തിരിച്ചടിയാണെങ്കിലും അത്ര വലിയ കാര്യമല്ലെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

ആളുകളെ കൊന്നാലും ആശയങ്ങൾ ഇല്ലാതാക്കാനാകില്ല. സിൻവാർ ഫലസ്തീനു വേണ്ടിയാണു പോരാടിയത്. ഒരു മാസം കഴിഞ്ഞാൽ ആരും സിൻവാറിന്റെ മരണത്തെ കുറിച്ച് സംസാരിക്കില്ല. എല്ലാവരും ഹമാസ് പോരാളികളുടെ ചെറുത്തുനിൽപ്പിനെ കുറിച്ചായിരിക്കും സംസാരിക്കുകയെന്നും സ്‌കോട്ട് പറയുന്നു.

കള്ളക്കഥകളെല്ലാം പൊളിയുന്നു

ഈ വിഡിയോ ഇസ്രായേലിനു സംഭവിച്ച വലിയ വീഴ്ചയാണെന്ന് അമേരിക്കൻ ചലച്ചിത്ര പ്രവർത്തകനും മാധ്യമപ്രവർത്തകനുമായ ഡാൻ കോഹനും പറയുന്നു. ഗുരുതരമായി പരിക്കേറ്റിട്ടും ആ കഫിയ്യയിൽ ഡ്രോൺ കാമറയ്ക്കുനേരെ വടിയെറിയുന്ന, സയണിസ്റ്റ് അധിനിവേശത്തിനെതിരെയുള്ള അവസാനത്തെ ചെറുത്തുനിൽപ്പിന്റെ രംഗമാണത്. ഈ മരണത്തിലൂടെ അദ്ദേഹമൊരു ഇതിഹാസമായി മാറിയിരിക്കുകയാണെന്നും കോഹൻ പറയുന്നു.

ഇസ്രായേൽ ഭരണകൂടവും സൈന്യവും മാധ്യമങ്ങളുമെല്ലാം സിൻവാറിനെതിരെ കെട്ടിയുണ്ടാക്കിയ കള്ളക്കഥകളെല്ലാം ഈയൊരൊറ്റ വിഡിയോ പൊളിക്കുന്നത് എങ്ങനെയാണെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ''നൂറോളം ബന്ദികളെ മനുഷ്യകവചങ്ങളാക്കി തുരങ്കങ്ങളിൽ ഒളിച്ചിരിക്കുകയാണെന്ന് ഇസ്രായേൽ പറഞ്ഞു. പെണ്ണായി വേഷപ്രച്ഛന്നനായി സാധാരണക്കാർക്കിടയിൽ ഒളിച്ചുനടക്കുകയാണെന്നു പറഞ്ഞു പിന്നെ. അതുംകഴിഞ്ഞ് ഇറാനിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിലാണെന്നും വാദിച്ചു.

എല്ലാം കള്ളങ്ങളായിരുന്നു. അദ്ദേഹം എവിടെയാണെന്നതിനെ കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നില്ല അവർക്ക്. അവസാന നിമിഷംവരെ അധിനിവേശ സേനയ്‌ക്കെതിരായ പോരാട്ടത്തിന്റെ മുൻനിരയിലുണ്ടായിരുന്നു അദ്ദേഹം എന്നതായിരുന്നു യാഥാർഥ്യം.''

ഫലസ്തീനികളും അല്ലാത്തവരുമായ മേഖലയിലെ ചെറുത്തുനിൽപ്പ് പോരാളികൾക്കൊന്നാതെ ഊർജം പകരുന്നതാണ് യഹ്‌യ സിൻവാർ നേരിട്ട ഈ വിധിയും മനോഹരമായി പകർത്തപ്പെട്ട അദ്ദേഹത്തിന്റെ അവസാന ചിത്രവുമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അറാഗ്ചി എക്‌സിൽ കുറിച്ചത്.

മരണത്തെ ഭയന്നില്ല, ഗസ്സയിൽ രക്തസാക്ഷ്യം അന്വേഷിച്ചുനടക്കുകയായിരുന്നു അദ്ദേഹം. അവസാനശ്വാസം വരെ അദ്ദേഹം പോർമുഖത്ത് ധീരതയോടെ പോരാടി. ഫലസ്തൻ ജനതയുടെ വിമോചനത്തിനു വേണ്ടിയുള്ള ഈ നിസ്വാർഥ പോരാട്ടത്തെ ലോകമെമ്പാടുമുള്ള അനേകായിരങ്ങൾക്കൊപ്പം ഞങ്ങളും അഭിവാദ്യം ചെയ്യുന്നുവെന്നും അറാഗ്ചി കുറിച്ചു.

സൈനികവേഷത്തിൽ, ശത്രുവിനെ നേരിട്ടുനിൽക്കുന്ന സിൻവാറിന്റെ ഈ ചിത്രം ചെറുത്തുനിൽപ്പ് പോരാട്ടത്തിന്റെ വീര്യം കൂട്ടുകയേയുള്ളൂവെന്നാണ് യുഎന്നിലെ ഇറാൻ കാര്യാലയം എക്‌സിൽ പ്രതികരിച്ചത്. അദ്ദേഹത്തിന്റെ വഴിയേ ഫലസ്തീൻ വിമോചന പോരാട്ടവീഥിയിൽ മുന്നോട്ടുപോകുന്ന യുവാക്കൾക്കും കുട്ടികൾക്കും സിൻവാർ മാതൃകാപുരുഷനാകും. അധിനിവേശവും അതിക്രമവും തുടരുന്ന കാലത്തോളം, ചെറുത്തുനിൽപ്പും തുടരുവോളം രക്തസാക്ഷി അമരനായി, ഊർജസ്രോതസായി തുടരുമെന്നും എക്‌സ് കുറിപ്പിൽ കൂട്ടിച്ചേർത്തു.

ഈ വിഡിയോ പുറത്തുവിട്ടതിൽ ഞങ്ങൾ ഖേദിക്കുന്നുവെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിന്റെ പാരഡി അക്കൗണ്ടിൽ പറയുന്നു.

സിൻവാറിനെപ്പോലെയല്ല, ഇറാൻ മിസൈലുകൾ അയച്ചപ്പോൾ ഞങ്ങളുടെ വിശുദ്ധ നേതാവ് നെതന്യാഹു ഭൂഗർഭ അറയുടെ ആഴങ്ങളിലുള്ള ബങ്കറിലേക്ക് ഓടി, മണിക്കൂറുകളോളം ടോയ്‌ലെറ്റിൽ ഇരിക്കുകയായിരുന്നുവെന്നും മറ്റൊരു പോസ്റ്റിൽ പരിഹസിക്കുന്നുണ്ട്.

Summary: Did Israel military make a mistake by releasing video of Hamas leader Yahya Sinwar’s final moments?

TAGS :

Next Story