Quantcast

അൽ ജസീറക്കെതിരെ വീണ്ടും ഇസ്രായേൽ നടപടി; വെസ്റ്റ് ബാങ്കിലെ ബ്യൂറോ അടച്ചുപൂട്ടാൻ ഉത്തരവ്

ഓഫിസിലേക്ക് സൈന്യം അതിക്രമിച്ചുകയറി

MediaOne Logo

Web Desk

  • Published:

    22 Sep 2024 4:52 AM GMT

al jazeera ramalla
X

ജറുസലേം: വെസ്റ്റ് ബാങ്കിലെ റാമല്ലയിലുള്ള അൽ ജസീറയുടെ ബ്യൂറോ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഇസ്രായേലി സൈന്യം. ഞായറാഴ്ച പുലർച്ചയാണ് സൈന്യം ഓഫിസിൽ റെയ്ഡ് നടത്തി അടച്ചുപൂട്ടാൻ നിർദേശിച്ചത്.

മാസ്ക് ധരിച്ച, ആയുധധാരികളായ സൈനികർ ഓഫിസിലെത്തി ബ്യൂറോ ചീഫ് വാലിദ് അൽ ഒമരിക്ക് അടച്ചുപൂട്ടാനുള്ള ഉത്തരവ് കൈമാറുകയായിരുന്നു. അതേസമയം, തീരുമാനത്തിന് പിന്നിലെ കാരണം ഇസ്രായേൽ വ്യക്തമാക്കിയിട്ടില്ല.

ഇസ്രായേലി സൈന്യം ഓഫിസിലേക്ക് അതിക്രമിച്ച് കയറുന്നതിന്റെയും ഉത്തരവ് കൈമാറുന്നതിന്റെയും ദൃശ്യങ്ങൾ തത്സമയം അൽജസീറ റി​പ്പോർട്ട് ചെയ്തു. 45 ദിവസത്തേക്ക് അൽ ജസീറ അടച്ചിടണമെന്ന് കോടതി ഉത്തരവുണ്ടെന്ന് ഒരു സൈനികൻ ഇതിൽ പറയുന്നത് കാണാം. എല്ലാ കാമറുകളും എടുത്ത് ഓഫിസിൽനിന്ന് ഇറങ്ങിപ്പോകാനും സൈനികൻ ആവശ്യപ്പെടുന്നുണ്ട്.

ഇസ്രായേലി നീക്കത്തെ ഫലസ്തീൻ ജേണലിസ്റ്റ് സിൻഡിക്കേറ്റ് അപലപിച്ചു. ഫലസ്തീൻ ജന​തക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾ തുറന്നുകാണിക്കുന്ന മാധ്യമങ്ങൾക്കെതിരായ ഏകപക്ഷീയ സൈനിക നടപടി മാധ്യമപ്രവർത്തനത്തിനെതിരായ ഏറ്റവും പുതിയ ലംഘനമാണെന്ന് സംഘടന കുറ്റപ്പെടുത്തി.

ഇസ്രായേലി​ന്റെ നടപടിക്കെതിരെ ഗസ്സ സർക്കാർ മീഡിയ ഓഫിസും രംഗത്തുവന്നു. ലോകത്തെ മനുഷ്യാവകാശ സംഘടനകളും മാധ്യമ കൂട്ടായ്മകളും ഹീനമായ ഈ കുറ്റകൃത്യത്തെ അപലപിക്കണമെന്ന് മീഡിയ ഓഫിസ് ആവശ്യപ്പെട്ടു. ഇത് മാധ്യമസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണെന്നും കുറ്റപ്പെടുത്തി. കഴിഞ്ഞ മെയിൽ അധിനിവേശ ഇസ്രായേലിൽനിന്നുള്ള അൽ ജസീറയുടെ പ്രവർത്തനം സർക്കാർ വിലക്കിയിരുന്നു. ഇത് കൂടാതെ ഇസ്രായേലി ആക്രമണത്തിൽ അൽ ജസീറയുടേതടക്കം നിരവധി മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്.

TAGS :

Next Story