ഗസ്സ ഒരു ജയിലായത് ഇസ്രായേല്‍ കാരണമല്ല; ഫലസ്തീനെ പിന്തുണച്ച നടി ആഞ്ജലീന ജോളിയെ തള്ളി ഇസ്രായേല്‍ പ്രസിഡന്‍റ്
പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിൽ ആക്രമണത്തിന്‍റെ ആദ്യദിവസം എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ച ഹെര്‍സോഗ് നടിയുടെ വാദങ്ങളെ പൂര്‍ണമായും തള്ളി
ഐസക് ഹെര്‍സോഗ്/ആഞ്ജലീന ജോളി
ജറുസലെം: ഇസ്രായേല്‍-ഹമാസ് യുദ്ധത്തെക്കുറിച്ച് ഹോളിവുഡ് നടി ആഞ്ജലീന ജോളി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ തുറന്നടിച്ച് ഇസ്രായേല്‍ പ്രസിഡന്‍റ് ഐസക് ഹെർസോഗ്. പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിൽ ആക്രമണത്തിന്‍റെ ആദ്യദിവസം എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ച ഹെര്‍സോഗ് നടിയുടെ വാദങ്ങളെ പൂര്‍ണമായും തള്ളി. പലായനം ചെയ്യാൻ ഒരു വഴിയുമില്ലാതെ കുടുങ്ങിക്കിടക്കുന്ന ഒരു ജനതക്ക് മേൽ നടത്തുന്ന മനഃപൂർവമായ ബോംബാക്രമണമാണിതെന്നും ലോകരാജ്യങ്ങൾ ഈ ക്രൂരത കണ്ടുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു ആഞ്ജലീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
നടി ഗസ്സ സന്ദർശിച്ചിട്ടില്ലെന്ന് പറഞ്ഞ ഹെർസോഗ് ഇസ്രായേലികളുടെ അവരുടെ ഭാഗം പറയാന്‍ അവസരം നല്‍കുന്നില്ലെന്നും അഭിമുഖത്തിൽ പറഞ്ഞു.''ഞാന്‍ പൂര്‍ണമായും അവരുടെ വാദങ്ങളെ തള്ളുകയാണ്. അവര്‍ ഒരിക്കലും ഗസ്സ സന്ദര്‍ശിച്ചിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. അവിടെ കാണാനും വസ്തുതകള്‍ പരിശോധിക്കാനും. ഗസ്സയില്‍ ഇപ്പോള്‍ യുദ്ധം നടക്കുന്നുണ്ട്. പക്ഷേ അതിജീവിക്കാൻ അവരെ പ്രാപ്തരാക്കാത്ത മാനുഷിക പ്രതിസന്ധികളൊന്നുമില്ല'' ഹെര്‍സോഗ് വ്യക്തമാക്കി.
"ഗസ്സ ഒരു ജയിലായത് ഇസ്രായേല്‍ കാരണമല്ല. ഇസ്രായേല്‍ ഗസ്സയില്‍ നിന്നും പിന്‍മാറി ഭീകരത നിറഞ്ഞ ഇറാനിയൻ താവളമാണ് ഗസ്സ. ഒരുപക്ഷേ ഈ യുദ്ധത്തിന്റെ അനന്തരഫലം, മാന്യമായ ഒരു നല്ല ജീവിതം അർഹിക്കുന്ന ഗസ്സയിലെ ജനതയെ മറ്റൊരു ഭരണത്തിൻ കീഴിൽ അത് ആസ്വദിക്കാൻ പ്രാപ്തരാക്കും അത് സമാധാനത്തിലേക്കുള്ള ഒരു പ്രസ്ഥാനത്തെ പ്രാപ്തമാക്കും. നിങ്ങൾ എന്നോട് പറയും, തീർച്ചയായും, സാധാരണക്കാരെ കുറ്റപ്പെടുത്തേണ്ടതില്ല. ശരി തന്നെയാണ്.പക്ഷെ ഈ ഭീകരരെ പിഴുതെറിയാൻ ഇസ്രായേലിനെ പ്രാപ്തരാക്കുക.''ഒക്ടോബര്‍ 7ന് ഹമാസ് ആക്രമണമുണ്ടായ ആ പ്രഭാതത്തെക്കുറിച്ചും പ്രസിഡന്‍റ് പറഞ്ഞു. എല്ലായിടത്തും സൈറണുകള്‍ മുഴങ്ങിയെന്നും എല്ലാവരും അഭയകേന്ദ്രങ്ങളിലേക്ക് ഓടിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മകളുടെ പരാമർശത്തിൽ താൻ നിരാശനാണെന്ന് ആഞ്ജലീന ജോളിയുടെ പിതാവ് ജോൺ വോയിറ്റ് വ്യക്തമാക്കി. "എന്‍റെ മകൾക്കും, പലരെയും പോലെ, ദൈവത്തെയും ദൈവത്തിന്റെ സത്യങ്ങളെയും കുറിച്ച് ഒരു ധാരണയും ഇല്ലാത്തതിൽ ഞാൻ വളരെ നിരാശനാണ്.ഇത് ദൈവത്തിന്റെ നാടിന്‍റെ - വിശുദ്ധ ഭൂമിയുടെ - യഹൂദരുടെ നാടിന്റെ ചരിത്രത്തെ നശിപ്പിക്കുന്നതിനെക്കുറിച്ചാണ്. പുണ്യഭൂമിയിലെ ദൈവത്തിന്റെ മക്കൾക്കുള്ള നീതിയാണിത്.ഇസ്രായേലി സൈന്യം നിങ്ങളുടെ മണ്ണിനെ, നിങ്ങളുടെ ജനത്തെ സംരക്ഷിക്കണം. ഇതു യുദ്ധമാണ്. അത് ഇടതുപക്ഷം വിചാരിക്കുന്നത് പോലെ ആകാൻ പോകുന്നില്ല, ഇപ്പോൾ അത് സിവിൽ ആകാൻ കഴിയില്ല.'' അദ്ദേഹം എക്സില്‍ കുറിച്ചു.
"ഗസ്സയിൽ കൊല്ലപ്പെട്ടവരിൽ 40 ശതമാനവും നിഷ്കളങ്കരായ കുഞ്ഞുങ്ങളാണ്. കുടുംബങ്ങളെയൊന്നാകെ കൊന്നൊടുക്കുകയാണ്. നിരവധി രാജ്യങ്ങളുടെ പിന്തുണയോടെയുള്ള ഈ നടപടിയെ ലോകരാജ്യങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് ഫലസ്തീനികൾ കൂട്ടത്തോടെ ശിക്ഷിക്കപ്പെടുകയും മനുഷ്യത്വമില്ലാതാക്കപ്പെടുകയുമാണ്. ഭക്ഷണമില്ലാതെ, മരുന്നില്ലാതെ, മാനുഷിക സഹായമില്ലാതെ, അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് ഈ ക്രൂരത. വെടിനിർത്തലിനുള്ള ആവശ്യത്തെ നിഷേധിച്ചുകൊണ്ടും ഐക്യരാഷ്ട്രസഭയിൽ വെടിനിർത്തലിനുള്ള പ്രമേയത്തെ തടഞ്ഞുകൊണ്ടും ലോകനേതാക്കൾ ഈ കുറ്റകൃത്യത്തിന്‍റെ പങ്കാളികളാവുകയാണ്" എന്നായിരുന്നു ആഞ്ജലീനയുടെ പോസ്റ്റ്.
Adjust Story Font
16