Quantcast

വംശഹത്യ പരാമര്‍ശം; ബ്രസീല്‍ പ്രസിഡന്‍റ് മാപ്പ് പറയണമെന്ന് ഇസ്രായേല്‍

കഴിഞ്ഞ ദിവസമാണ് ബ്രസീലിയന്‍ പ്രസിഡന്‍റെ ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ ഇസ്രായേലിനെതിരെ രംഗത്തെത്തിയത്

MediaOne Logo

Web Desk

  • Updated:

    2024-02-20 08:15:35.0

Published:

20 Feb 2024 8:13 AM GMT

Brazils President Luiz Inacio Lula da Silva
X

ബ്രസീല്‍ പ്രസിഡന്‍റ്

ജറുസലെം: ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ ഫലസ്തീനികള്‍ക്കെതിരായ വംശഹത്യയാണെന്ന് പറഞ്ഞ ബ്രസീല്‍ പ്രസിഡന്‍റ് മാപ്പ് പറയണമെന്ന് ഇസ്രായേല്‍. ഗുരുതരമായ യഹൂദ വിരുദ്ധ പരാമര്‍ശങ്ങളില്‍ മാപ്പ് പറയുന്നതുവരെ ബ്രസീല്‍ പ്രസിഡന്‍റിനെ ഇസ്രായേലിലേക്ക് സ്വാഗതം ചെയ്യില്ലെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് തിങ്കളാഴ്ച പറഞ്ഞു. തുടര്‍ന്ന് കാറ്റ്സ് ബ്രസീലിയൻ അംബാസഡറെ ശാസിക്കാനായി വിളിച്ചുവരുത്തി.

ഹമാസിനെതിരായ ഇസ്രായേൽ ഭരണകൂടത്തിൻ്റെ നീതിപൂർവകമായ യുദ്ധത്തെ താരതമ്യം ചെയ്യുമ്പോള്‍ ലുല പറഞ്ഞ കാര്യങ്ങൾ ലജ്ജാകരവും അസ്വീകാര്യവുമാണെന്ന് കാറ്റ്സ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബ്രസീലിയന്‍ പ്രസിഡന്‍റെ ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ ഇസ്രായേലിനെതിരെ രംഗത്തെത്തിയത്. ''ഗസ്സ മുനമ്പില്‍ ഫലസ്തീന്‍ ജനതക്ക് സംഭവിക്കുന്നതിന് സമാനമായ ഒന്ന് ചരിത്രത്തിലിന്നു വരെ കണ്ടിട്ടില്ല. യഥാര്‍ഥത്തില്‍ അത് ജൂതരെ കൊന്നൊടുക്കാന്‍ ഹിറ്റ്ലര്‍ തീരുമാനിച്ചപ്പോള്‍ മാത്രമാണ് നടന്നത്'' എത്യോപ്യയില്‍ ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ലുല. ശനിയാഴ്ച നടന്ന ആഫ്രിക്കൻ യൂണിയൻ ഉച്ചകോടിയില്‍ നേതാക്കൾ ഗസ്സയില്‍ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ അപലപിക്കുകയും അത് ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് ലുലയുടെ അഭിപ്രായപ്രകടനം. ബ്രസീല്‍ പ്രസിഡന്‍റിന്‍റെ പ്രസ്താവന അപമാനകരവും ഗുരുതരവുമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചു. ഹോളോകോസ്റ്റിനെ നിസ്സാരവത്ക്കരിക്കലും യഹൂദ ജനതയെയും സ്വയം പ്രതിരോധത്തിനുള്ള ഇസ്രായേലിന്റെ അവകാശത്തെയും ആക്രമിക്കാനുള്ള ശ്രമവുമാണെന്നാണ് നെതന്യാഹു പറഞ്ഞത്.

ഇസ്രായേലിൻ്റെ പ്രതികരണം അസംബന്ധമാണെന്ന് മുൻ വിദേശകാര്യ മന്ത്രിയും ലുലയുടെ പ്രത്യേക ഉപദേഷ്ടാവുമായ സെൽസോ അമോറിം പ്രാദേശിക വാർത്താ ഏജൻസിയായ ജി 1 നോട് പറഞ്ഞു. എന്നാല്‍ ഇസ്രായേലിന്‍റെ പ്രസ്താവനകളോട് പ്രസിഡൻഷ്യൽ പാലസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്ത്രീകൾക്കും കുട്ടികൾക്കും സമാധാനവും ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കുന്നതിനായി നിലകൊള്ളുന്നതിന് തന്‍റെ ഭര്‍ത്താവിനെക്കുറിച്ചോര്‍ത്ത് അഭിമാനമുണ്ടെന്ന് പ്രഥമ വനിത റോസാംഗല ഡ സിൽവ പറഞ്ഞു. ജൂതന്‍മാരെയല്ല, സര്‍ക്കാരിനെ ഉദ്ദേശിച്ചാണ് ലുലയുടെ പരാമര്‍ശമെന്ന് റോസാംഗല കൂട്ടിച്ചേര്‍ത്തു. “ഫലസ്തീൻ ജനതയെ ഉന്മൂലനം ചെയ്യുന്ന തൻ്റെ നയത്തെ അപലപിക്കുന്നവര്‍ക്കെതിരെ സംസാരിക്കുന്നതിനു മുന്‍പ് ലോകമെമ്പാടും സ്വന്തം രാജ്യത്തുമുണ്ടാകുന്ന തിരസ്കരണത്തെക്കുറിച്ച് നെതന്യാഹു ഉത്കണ്ഠാകുലനാകണം. ആർക്ക് നേരെയും വിരൽ ചൂണ്ടാൻ അദ്ദേഹത്തിന് ധാർമികമോ രാഷ്ട്രീയമോ ആയ അധികാരമില്ല'' ലുലയുടെ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ പ്രസിഡന്‍റ് ഗ്ലീസി ഹോഫ്സ്മാന്‍ ഫോള്‍ഹ ഡി സാവോപോളോ പത്രത്തോട് പറഞ്ഞു. അഡിസ് അബാബയിൽ നടക്കുന്ന ആഫ്രിക്കൻ യൂണിയൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് മുന്‍പ് കഴിഞ്ഞയാഴ്ച ലുല ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഇഷ്തയ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം ഇസ്രായേലില്‍ നിന്ന് ബ്രസീല്‍ അംബാസിഡറെ തിരിച്ചുവിളിച്ചു. ബ്രസീലിലെ ഇസ്രായേല്‍ അംബാസഡര്‍ ഡാനിയല്‍ സോണ്‍ഷൈനെ തിരിച്ചുവിളിക്കുകയാണെന്ന് ബ്രസീല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

TAGS :

Next Story