Quantcast

ഫലസ്തീൻ വനിതകളുടെ അടിവസ്ത്രങ്ങളുമായി ഗസ്സയിലെ വീടുകളിൽ ഇസ്രായേൽ സൈനികരുടെ അശ്ലീലാഘോഷം; വൻ വിമർശനം

ഗസ്സയിലെ വീടുകളിൽ കയറി സ്ത്രീകളുടെ അടിവസ്ത്രങ്ങൾ ശേഖരിച്ച ശേഷം പരസ്യമായി പ്രദർശിപ്പിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത് ആസ്വദിക്കുകയാണ് ഇസ്രായേൽ സൈനികർ

MediaOne Logo

Web Desk

  • Published:

    30 March 2024 7:20 AM GMT

Israels IDF soldiers playing with Gazan women’s lingerie, underwear in online posts, UN Human Rights Office criticises, Israel attack on Gaza
X

ഗസ്സ സിറ്റി: ഗസ്സയിലെ ഫലസ്തീനികൾ കടുത്ത പട്ടിണിയിലൂടെയും ദുരിതങ്ങളിലൂടെയും കടന്നുപോകുമ്പോൾ ക്രൂരമായ ആഘോഷവുമായി ഇസ്രായേൽ സൈനികർ. ഗസ്സയിലെ വീടുകളിൽ കയറി ഫലസ്തീനി സ്ത്രീകളുടെ അടിവസ്ത്രങ്ങൾ പുറത്തെടുത്താണ് ഐ.ഡി.എഫ് അംഗങ്ങളുടെ പരിഹാസവും അശ്ലീലപ്രദർശനവും. സൈനികർ തന്നെയാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടത്. നടപടി വലിയ വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്. യു.എൻ മനുഷ്യാവകാശ ഓഫിസും പ്രതികരിച്ചിട്ടുണ്ട്.

ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ആളൊഴിഞ്ഞ ഫലസ്തീൻ വീടുകളിൽ കയറിയാണ് ഐ.ഡി.എഫ് അംഗങ്ങളുടെ ഹീനകൃത്യങ്ങൾ. സൈനികരുടെ അശ്ലീലച്ചുവയോടെയുള്ള ആഘോഷങ്ങളുടെ നിരവധി വിഡിയോകളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു കൈയിൽ തോക്കും മറുകൈയിൽ വെളുത്ത നിറത്തിലുള്ള അടിവസ്ത്രവും പിടിച്ചുനിൽക്കുന്ന ഇസ്രായേൽ സൈനികന്റെ ദൃശ്യമാണ് ഇക്കൂട്ടത്തിലൊന്ന്. സോഫയിൽ കിടന്നുറങ്ങുന്ന മറ്റൊരു സൈനികന്റെ മുഖത്തേക്ക് അടിവസ്ത്രം വീശിയാണ് ഇയാളുടെ അശ്ലീലപ്രയോഗം.

സ്ത്രീയുടെ മാനെക്വിൻ കൈയിൽ പിടിച്ച് ടാങ്കിൽ കയറിയിരുന്ന് മറ്റൊരു സൈനികൻ പറഞ്ഞത് ഇങ്ങനെയാണ്: ''എനിക്ക് സുന്ദരിയായൊരു ഭാര്യയെ കിട്ടി. ഗസ്സയിൽ സീരിയസ് ആയൊരു ബന്ധമുണ്ടെനിക്ക്''.

ഗസ്സയിലെ വീടുകളിൽ കയറി സ്ത്രീകളുടെ അടിവസ്ത്രങ്ങൾ ശേഖരിച്ച ശേഷം പരസ്യമായി പ്രദർശിപ്പിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത് ആസ്വദിക്കുകയാണ് ഇസ്രായേൽ സൈനികർ. സ്ത്രീകളുടെ അടിവസ്ത്രങ്ങൾ ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഇസ്രായേൽ സൈനികരുടെ ദൃശ്യങ്ങളും കൂട്ടത്തിലുണ്ട്. സൈനിക ടാങ്കിലും അതിർത്തിയിലെ മുൾവേലികളിലുമെല്ലാം നൈറ്റി ഉൾപ്പെടെ കെട്ടിയിട്ടും ആഘോഷിക്കുകയാണിവർ. ഫലസ്തീൻ കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന കുഞ്ഞുബൊമ്മകളെ പോലും ഇവർ വെറുതെവിട്ടില്ല.

ഫലസ്തീൻ മാധ്യമപ്രവർത്തകനായ യൂനിസ് തിറാവിയാണ് ഇസ്രായേൽ സൈനികരുടെ ഹീനകൃത്യങ്ങൾ പുറംലോകത്തെത്തിച്ചത്. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമായി ഇത്തരത്തിൽ പത്തോളം വിഡിയോകളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇവയുടെ ആധികാരികത അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. വിഡിയോകൾ അയച്ചു വിഷയം ഐ.ഡി.എഫിനോട് ഉന്നയിക്കുകയും ചെയ്തിട്ടുണ്ട് റോയിട്ടേഴ്‌സ്.

ഫലസ്തീനി വനിതകളെ അപമാനിക്കുന്നതാണ് ദൃശ്യങ്ങളെന്ന് യു.എൻ മനുഷ്യാവകാശ ഓഫിസ് വക്താവ് റവീന ഷംദസാനി പ്രതികരിച്ചു. ഫലസ്തീനികൾ മാത്രമല്ല, മുഴുവൻ സ്ത്രീകളെയും നിന്ദിക്കുന്നതാണു നടപടിയെന്നും അവർ പറഞ്ഞു. റോയിട്ടേഴ്‌സ് റിപ്പോർട്ടിനു പിന്നാലെ ചില വിഡിയോകൾ യൂട്യൂബ് നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ, ഇൻസ്റ്റഗ്രാം ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

അതേസമയം, വിവാദ വിഡിയോകൾ ഇസ്രായേൽ സൈന്യവും നിഷേധിച്ചിട്ടില്ല. സൈനികരിൽനിന്നു പ്രതീക്ഷിക്കപ്പെടുന്ന മൂല്യങ്ങളിൽനിന്നുള്ള വ്യതിചലനമുണ്ടായ സംഭവങ്ങൾ അന്വേഷിക്കുകയാണെന്നാണ് ഐ.ഡി.എഫ് പ്രതികരിച്ചത്. ക്രിമിനൽ നടപടികളുണ്ടായതായി സംശയിക്കുന്ന സംഭവങ്ങൾ സൈനിക പൊലീസ് അന്വേഷിക്കുകയാണ്. പരിശോധനയിൽ ചില സൈനികരുടെ നടപടികൾ അനുചിതമാണെന്നു വ്യക്തമാകുകയും വേണ്ട രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ടെന്നും ഐ.ഡി.എഫ് വാർത്താകുറിപ്പിൽ പറഞ്ഞു.

എന്നാൽ, അശ്ലീല വിഡിയോകളെ കുറിച്ച് പരാമർശിക്കാതെയാണ് വാർത്താകുറിപ്പുള്ളത്. സൈനികർക്കെതിരെ എന്ത് അച്ചടക്ക നടപടി സ്വീകരിച്ചെന്നും വെളിപ്പെടുത്തിയിട്ടില്ല.

Summary: Israel's IDF soldiers playing with Gazan women’s lingerie, underwear in online posts, UN Human Rights Office criticises

TAGS :

Next Story