Quantcast

ആൾക്ഷാമം: മതപാഠശാലകളിലെ വിദ്യാർഥികളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യാൻ ഇസ്രായേൽ

പരിശീലനം നൽകി ഒരു വർഷത്തിനുള്ളിൽ ഇവരെ സൈന്യത്തിൽ ചേർക്കും

MediaOne Logo

Web Desk

  • Published:

    25 Jan 2024 3:11 PM GMT

israel force
X

ഗസ്സയിൽ ഹമാസിനെതിരെ പോരാടാൻ യെശിവ മതപാഠശാലകളിലെ വിദ്യാർഥികളെ ഇസ്രായേൽ അധിനിവേശ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൈന്യത്തിലെ ആൾക്ഷാമമാണ് തീരുമാനത്തിന് പിന്നിൽ.

പരിശീലനം നൽകി ഒരു വർഷത്തിനുള്ളിൽ ഇവരെ സൈന്യത്തിൽ ചേർക്കും. മതപാഠശാലയിൽ തന്നെ ഇതുമായി ബന്ധപ്പെട്ട പരിശീലനം നൽകും.

പദ്ധതി പ്രകാരം അടുത്ത മാസം ആദ്യം മുതൽ പ്രാരംഭ പരിശീലനം തുടങ്ങും. മൂന്നര ആഴ്ച നീളുന്നതാണ് പരിശീലനം. ഈ കാലയളവിൽ അവധി പോലും ലഭിക്കില്ല.

പ്രാരംഭ പരിശീലനം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ വിദ്യാർഥികളുടെ മതപഠന കേന്ദ്രത്തിൽ മാസത്തിലൊരിക്കൽ രണ്ട് പരിശീലന സെഷനുകൾ സംഘടിപ്പിക്കും. അതിനുശേഷം ഇവർ സൈന്യത്തിനോടൊപ്പം ചേരും. ഇത്തരത്തിൽ 1400 പേരെയാണ് സൈന്യത്തിൽ ചേർക്കാൻ ഉദ്ദേശിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഒക്ടോബർ ഏഴിന് ശേഷം കനത്ത തിരിച്ചടിയാണ് ഇസ്രായേൽ സൈന്യം ഹമാസിന്റെ ഭാഗത്തുനിന്ന് നേരിടുന്നത്. നിരവധി സൈനികർ മരിക്കുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

വനിത സൈനികർ ഫലസ്തീൻ അതിർത്തിയിലെ സൈനിക നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് പോകാനുള്ള നിർദേശം നിരസിക്കുകയാണെന്ന റിപ്പോർട്ടും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇത്തരത്തിൽ വിമുഖത കാണിക്കുന്നവരെ ഇസ്രായേൽ ജയിലിലടക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്.

ഒക്ടോബർ ഏഴിന് വിവിധ മിലിട്ടറി പോസ്റ്റുകളിൽ സേവനം ചെയ്യുകയായിരുന്നു നിരവധി സൈനികർ കൊല്ലപ്പെടുകയും മറ്റുള്ളവരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു. 15 വനിത സൈനികരാണ് അന്ന് കൊല്ലപ്പെട്ടത്. ആറുപേരെ ബന്ദികളാക്കുകയും ചെയ്തു. ഇതോടെയാണ് യുദ്ധമുഖത്തേക്ക് പോകാൻ ഇവർ വിമുഖത കാണിക്കുന്നത്.

TAGS :

Next Story