ഗസ്സയിലെ അൽ-മവാസി ക്യാമ്പിൽ ഇസ്രായേൽ വ്യോമാക്രമണം; 21 പേർ കൊല്ലപ്പെട്ടു
24 മണിക്കൂറിനിടെ ഗസ്സയിൽ 48 പേർ കൊല്ലപ്പെട്ടു
തെല്‍ അവിവ്: ഗസ്സയിലെ അൽ-മവാസി ക്യാമ്പിനു നേരെ ഇസ്രായേലിന്റെ വ്യോമാക്രമണം. കുട്ടികളും സ്ത്രീകളും ഉൾപ്പടെ 21 പേർ കൊല്ലപ്പെട്ടു. തുടർച്ചയായി രണ്ടു തവണയാണ് ഇസ്രയേൽ സൈന്യം ക്യാമ്പിൽ ആക്രമണം നടത്തിയത്. 24 മണിക്കൂറിനിടെ അൽ-മവാസിയിലടക്കം ഗസ്സയിൽ 48 പേർ കൊല്ലപ്പെട്ടു
വടക്കൻ ഗസ്സയിൽ നിന്ന് ഒഴിയാൻ ആളുകൾക്ക് ഇസ്രയേൽ സേനയുടെ നിർദേശം ലഭിച്ചിട്ടുണ്ട്. കമാൽ അദ്വാൻ ഹോസ്പിറ്റലിനു നേരെയും ആക്രമണമുണ്ടായി. ഇതിനിടെ ഇസ്രയേൽ ജയിലുകളിൽ കൊല്ലപ്പെട്ട 46 പലസ്തീൻകാരുടെ മൃതദേഹങ്ങൾ വിട്ടുനൽകുന്നില്ലെന്ന് പ്രിസണേഴ്സ് സൊസൈറ്റി ആരോപിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു വടക്കൻ ഗസ്സയിലെ ബെയ്ത്‌ലാഹിയയിൽ ഇസ്രായേൽ ഉപരോധവും ആക്രമണവും നടത്തിയത്. കമാൽ അദ്‌വാൻ ആശുപത്രിയിൽ ചികിത്സയിലുള്ള നൂറുകണക്കിന് രോഗികൾക്ക് മരുന്നും ഭക്ഷണവും അവശ്യ സേവനങ്ങളും ഇസ്രായേൽ സേന നിഷേധിച്ചിരിക്കുകയാണ്. ഇത് അഞ്ചാം തവണയാണ് ആശുപത്രിക്ക് നേരെ ആക്രമണം നടത്തുന്നതെന്ന് ആശുപത്രിയുടെ ഡയറക്ടർ ഡോ. ഹുസാം അബു സഫിയ അറിയിച്ചിരുന്നു.
Adjust Story Font
16