Quantcast

'റഷ്യയോടുള്ള നയം തന്നെയാകണം ഇസ്രായേലിനോടും'; പാരിസ് ഒളിംപിക്‌സില്‍ താരങ്ങളെ വിലക്കണമെന്ന് ഫ്രഞ്ച് എം.പി

യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് റഷ്യന്‍ താരങ്ങള്‍ക്ക് ഒളിംപിക്‌സില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-07-22 17:14:30.0

Published:

22 July 2024 10:16 AM GMT

Israeli athlets are not welcome at Olympics- French MP and France Unbowed leader Thomas Portes
X

പാരിസ്: ഒളിംപിക്‌സില്‍ ഇസ്രായേല്‍ താരങ്ങളെ പങ്കെടുപ്പിക്കരുതെന്ന ആവശ്യവുമായി ഫ്രഞ്ച് എം.പി. അടുത്തിടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ന്യൂ പീപ്പിള്‍സ് ഫ്രണ്ട് സഖ്യത്തിലെ ഫ്രാന്‍സ് അണ്‍ബൗഡ് പാര്‍ട്ടി അംഗമായ തോമസ് പോര്‍ട്ടെസ് ആണ് ആവശ്യമുയര്‍ത്തിയത്. ഒളിംപിക്‌സില്‍ ഇസ്രായേല്‍ പതാക ഉയരരുത്. യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് റഷ്യയോട് സ്വീകരിച്ച നയം തന്നെയാകണം ഇസ്രായേലിനോടുമുള്ളതെന്നും ഇരട്ടത്താപ്പ് പാടില്ലെന്നും പോര്‍ട്ടെസ് ആവശ്യപ്പെട്ടു.

ഒരു ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ചടങ്ങില്‍ സംസാരിക്കവെയാണ് തോമസ് പോര്‍ട്ടെസ് ആവശ്യമുയര്‍ത്തിയത്. ''ഒളിംപിക്‌സ് എന്ന ഒരു അന്താരാഷ്ട്ര മാമാങ്കത്തിനു വേദിയാകാനിരിക്കുകയാണ് നമ്മള്‍. ഈ സമയത്ത് പറയാനുള്ളത്, ഒരു ഇസ്രായേല്‍ സംഘവും പാരിസിലേക്കു വരേണ്ടതില്ലെന്നാണ്. പാരിസ് ഒളിംപിക്‌സിലേക്ക് ഇസ്രായേല്‍ അത്‌ലെറ്റുകള്‍ വരേണ്ടതില്ല.''-എം.പി പറഞ്ഞു.

ഒളിംപിക്‌സില്‍ ഇസ്രായേല്‍ പതാക ഉയരാതിരിക്കാന്‍ അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിക്കുമേല്‍ സമ്മര്‍ദം ഉണ്ടാകണമെന്നും പോര്‍ട്ടെസ് പിന്നീട് ആവശ്യപ്പെട്ടു. ഗെയിംസില്‍ ഇസ്രായേല്‍ ദേശീയഗാനം ആലപിക്കാന്‍ പാടില്ല. റഷ്യയോട് സ്വീകരിച്ച നയം ഇസ്രായേലിന്റെ കാര്യത്തിലും തുടരണം. ഇരട്ടത്താപ്പ് അവസാനിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തോമസ് പോര്‍ട്ടെസിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി ജൂത സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഇസ്രായേലി അത്‌ലെറ്റുകളെ ഇരയാക്കാനുള്ള ശ്രമമാണ് എം.പി നടത്തുന്നതെന്ന് ഫ്രാന്‍സിലെ റെപ്രസെന്റേറ്റീവ് കൗണ്‍സില്‍ ഓഫ് ജ്യൂയിഷ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് തലവന്‍ യൊനാഥന്‍ ആര്‍ഫി ആരോപിച്ചു. ലോകത്തുടനീളമുള്ള കായികതാരങ്ങളെ പോലെ ഇസ്രായേലി അത്‌ലെറ്റുകളെയും സ്വാഗതം ചെയ്യുന്നുവെന്ന് സോഷ്യലിസ്റ്റ് എം.പി ജെറോം ഗ്യൂഡ്ജും പ്രതികരിച്ചു.

26നാണ് പാരിസ് ഒളിംപിക്‌സിന് ഔദ്യോഗികമായി തിരശ്ശീല ഉയരുന്നത്. ഇതിനുമുന്‍പ് ബുധനാഴ്ച മാലിയുമായി ഇസ്രായേല്‍ ഫുട്‌ബോള്‍ ടീം ആദ്യത്തെ മത്സരത്തിനിറങ്ങുന്നുണ്ട്. ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ് പി.എസ്.ജിയുടെ ഹോംഗ്രൗണ്ടായ പാര്‍ക് ഡെസ് പ്രിന്‍സസിലാണ് ആദ്യമത്സരം നടക്കുന്നത്. അതിനിടെ, പാരിസ് നഗരത്തിലൂടെ വെള്ളിയാഴ്ച നടക്കുന്ന ബോട്ട് പരേഡില്‍ പങ്കെടുക്കുമെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ഇസാക്ക് ഹെര്‍സോഗ് പ്രഖ്യാപിച്ചിട്ടുണ്ട്. 1972ല്‍ മ്യൂണിക്കില്‍ കൊല്ലപ്പെട്ട ഇസ്രായേലികളുടെ അനുസ്മരണ ചടങ്ങിലും ഹെര്‍സോഗ് പങ്കെടുക്കും.

Summary: ''Israeli athletes are not welcome at Olympics''- French MP and France Unbowed leader Thomas Portes

TAGS :

Next Story