Quantcast

കസ്റ്റഡിയിലും ഇസ്രായേൽ സൈന്യം മർദിച്ചു; ഓസ്കർ അവാർഡ് ജേതാവിന് ഒടുവിൽ മോചനം

ഹംദാൻ ബല്ലാലിന് നേരെ കഴിഞ്ഞദിവസമാണ് ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമണമുണ്ടാകുന്നത്

MediaOne Logo

Web Desk

  • Published:

    26 March 2025 8:08 AM

Palestinian director Hamdan Ballal
X

ജെറുസലേം: ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്ത, ഓസ്‌കർ ജേതാവായ ഫലസ്തീൻ സംവിധായകൻ ഹംദാൻ ബല്ലാലിനെ വിട്ടയച്ചു. സൈനിക കേന്ദ്രത്തിൽ കൈകൾ ബന്ധിച്ചും മർദിച്ചും രാത്രി ചെലവഴിച്ച ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചതെന്ന് ‘നോ അദർ ലാൻഡി’ന്റെ ഇസ്രായേലി സഹസംവിധായകനായ യുവാൽ എബ്രഹാം വ്യക്തമാക്കി.

ഹംദാനെ വിട്ടയച്ചെന്നും ഇപ്പോൾ ഹെബ്രോണിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും ബല്ലാലിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടുകൊണ്ട് മറ്റൊരു സഹസംവിധായകൻ ബേസിൽ അദ്ര പറഞ്ഞു. ശരീരമാസകലം പട്ടാളക്കാരും കുടിയേറ്റക്കാരും ചേർന്ന് അദ്ദേഹത്തെ മർദിച്ചു. ഇന്നലെ രാത്രി സൈനികർ അയാളെ കണ്ണുകെട്ടിയും കൈകൾ വിലങ്ങുവെച്ചും സൈനിക കേന്ദ്രത്തിൽ തള്ളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓസ്കര്‍ പുരസ്കാരത്തിന് അര്‍ഹമായ ഡോക്യുമെന്‍ററി 'നോ അതര്‍ ലാൻഡി'ന്‍റെ നാല് സംവിധായകരിലൊരാളാണ് ഹംദാൻ ബല്ലാൽ. ഇയാൾക്ക് നേരെ കഴിഞ്ഞദിവസമാണ് ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമണമുണ്ടാകുന്നത്. ബല്ലാലിനെ ക്രൂരമായി മര്‍ദിച്ച ശേഷം അധിനിവേശ വെസ്റ്റ് ബാങ്കിൽ വച്ച് ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു.

മുഖംമൂടി ധരിച്ചെത്തിയ കുടിയേറ്റക്കാര്‍ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് ബല്ലാലിനെ ഇസ്രായേൽ സേന വെസ്റ്റ് ബാങ്കിലെ സുസിയ ഗ്രാമത്തിലുള്ള അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായും കുടുംബം ആരോപിച്ചിരുന്നു. ആക്രമണത്തിൽ ബല്ലാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

97-ാമത് ഓസ്‌കർ പുരസ്‌കാര ചടങ്ങില്‍ മികച്ച ഡോക്യുമെന്‍ററി- ഫീച്ചര്‍ വിഭാഗത്തിലാണ് 'നോ അദര്‍ ലാന്‍ഡ്' പുരസ്‌കാരം നേടിയത്. ബാസൽ അദ്ര, ഹംദാൻ ബല്ലാൽ, യുവാൽ അബ്രഹാം, റേച്ചൽ സോർ എന്നിവർ ആദ്യമായി സംവിധാനം ചെയ്ത ഡോക്യുമെന്‍ററി ചിത്രമായിരുന്നു ഇത്. സംവിധായകനായ ബാസെല്‍ അദ്രയാണ് ഡോക്യുമെന്‍ററിയിലെ പ്രധാന കഥാപാത്രമായി അഭിനയിച്ചത്.

ഇസ്രായേൽ സൈന്യത്തിൽനിന്ന് തങ്ങളുടെ വീടുകൾ സംരക്ഷിക്കാൻ പോരാടുന്ന ഫലസ്തീനികളുടെ കഥ പറയുന്ന ചിത്രമാണ് 'നോ അദർ ലാൻഡ്'. 2019നും 2023നും ഇടയിലാണ്​ ‘നോ അദർ ലാൻഡി’​െൻറ ചി​ത്രീകരണം നടക്കുന്നത്​. വെസ്റ്റ് ബാങ്കിന്റെ തെക്കേ അറ്റത്ത്​ സൈനിക പരിശീലന മേഖലയായി ഉപയോഗിക്കാൻ ഇസ്രായേൽ സൈന്യം പൊളിച്ചുമാറ്റുന്ന തന്റെ ജന്മനാടായ ‘മസാഫർ യാത്ത’ക്ക് വേണ്ടി​ ആക്ടിവിസ്റ്റ് ബാസെൽ അദ്ര നടത്തുന്ന പോരാട്ടമാണ്​ ഈ ചിത്രത്തിലൂടെ പറയുന്നത്​. ഇസ്രായേലി സൈന്യത്തിന്റെ അറസ്റ്റ് ഭീഷണിയെ മറികടന്നായിരുന്നു അദ്ദേഹത്തി​ന്റെ പോരാട്ടം. ജൂത-ഇസ്രായേലി പത്രപ്രവർത്തകനായ യുവാൽ എബ്രഹാമുമായി സൗഹൃദത്തിലാകുന്നതോടെ അദ്രയുടെ പോരാട്ടവും മസാഫർ യാത്തക്കാരുടെ ദുരിതവും ലോകമറിഞ്ഞു​.

TAGS :

Next Story