Quantcast

'കരാർ ഉണ്ടാക്കുക, രാജ്യം നേരെയാക്കുക': ഗസ്സ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേൽ പ്രതിപക്ഷ നേതാവ്‌

പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ ഇസ്രായേലിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം

MediaOne Logo

Web Desk

  • Updated:

    2024-09-08 06:53:48.0

Published:

8 Sep 2024 6:52 AM GMT

കരാർ ഉണ്ടാക്കുക, രാജ്യം നേരെയാക്കുക: ഗസ്സ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേൽ പ്രതിപക്ഷ നേതാവ്‌
X

തെല്‍അവീവ്: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേൽ പ്രതിപക്ഷ നേതാവ് യായ്ർ ലാപിഡ്. ഗസ്സയിൽ ഹമാസ് ബന്ദികളാക്കി വെച്ച ഇസ്രായേലുകാരുടെ മോചനത്തിനായി പ്രത്യേക കരാറു​ണ്ടാക്കണമെന്നും ലാപിഡ് ആവശ്യപ്പെട്ടു.

''കരാർ ഉണ്ടാക്കുക, യുദ്ധം അവസാനിപ്പിക്കുക, രാജ്യം നേരെയാക്കുക'' യെഷ് അതിദ് പാർട്ടിയുടെ നേതാവ് കൂടിയായ ലാപിഡ്, എക്സില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം. വലിയ പ്രതിഷേധമാണ് രാജ്യത്ത് അരങ്ങേറുന്നത്. ബന്ദികളെ തിരിച്ചെത്തിക്കാൻ കഴിയാത്ത നെതന്യാഹു സർക്കാറിന്റെ നടപടിയിലാണ് പ്രതിഷേധം.

ഒക്ടോബർ ഏഴിനു തുടങ്ങിയ ആക്രമണത്തിൽ ഇസ്രായേൽ സൈന്യം 40,000​ത്തിലേറെ ഫലസ്തീനികളെയാണ് കൊന്നൊടുക്കിയത്. ഇസ്രായേലിന്റെ ആക്രമണം 23 ലക്ഷം ആളുകളുടെ കിടപ്പാടമാണ് നഷ്ടമാക്കിയത്.

ഇസ്രായേൽ സൈനിക നിയന്ത്രണത്തിൽ ഫിലാഡൽഫി ഇടനാഴി തുടരുമെന്ന നെതന്യാഹുവിന്‍റെ പിടിവാശിയാണ് വെടിനിർത്തൽ ചർച്ചകള്‍ നീണ്ടുപോകുന്നത്. പൂർണമായ സൈനിക പിന്മാറ്റം കൂടാതെ ബന്ദിമോചനം സാധ്യമാകില്ലെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്. അതേസമയം തൻ്റെ സർക്കാർ തകരുമെന്ന ഭയത്താലാണ് നെതന്യാഹു കരാറില്‍ നിന്ന് പിന്നോക്കം പോകുന്നത് എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.

ആദ്യഘട്ടത്തില്‍ ഫിലാഡൽഫി ഇടനാഴിയെപ്പറ്റി കാര്യമായ ചര്‍ച്ചകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ലാപിഡിൻ്റെ പാർട്ടിയിലെ മറ്റൊരു നേതാവായ മിക്കി ലെവി വ്യക്തമാക്കിയത്. അതേസമയം ഫിലാഡൽഫി ഇടനാഴിയുടെ നിയന്ത്രണം ഇനിയും തുടര്‍ന്നാല്‍ നിരവധി ഇസ്രായേലി സൈനികരുടെ അനാവശ്യ മരണത്തിന് ഇടയാക്കുമെന്ന് മുന്നറിയിപ്പും അദ്ദേഹം നൽകുന്നുണ്ട്.

ഫിലാഡൽഫി ഇടനാഴിയിലെ അവകാവാദത്തേക്കാള്‍ പ്രധാനം ഗസ്സയിൽ നിന്ന് ബന്ദികളെ തിരികെ കൊണ്ടുവരുന്നതിനുള്ള കരാർ ഉറപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നായിരുന്നു ഇസ്രായേലി ചാനലായ 'ചാനൽ 12' അടുത്തിടെ പുറത്തിറക്കിയ ഒരു സര്‍വേയില്‍ വ്യക്തമാക്കിയിരുന്നത്. സര്‍വേയില്‍ പങ്കെടുത്ത 60% ഇസ്രായേലികളും ബന്ദിമോചനത്തിനായിരുന്നു പ്രാധാന്യം കൊടുത്തത്.

അതേസമയം ഫിലാഡൽഫി ഇടനാഴിയുടെ നിയന്ത്രണം നിലനിർത്താനുള്ള നെതന്യാഹുവിൻ്റെ നിർബന്ധത്തെ ഇസ്രായേൽ സുരക്ഷാ സേനയായ ഷിൻ ബെറ്റിന്റെ മുൻ മേധാവി നദവ് അർഗമാൻ വിമർശിച്ചു. സര്‍ക്കാര്‍ തകരുമോ എന്ന പേടിയിലാണ് നെതന്യാഹു നിര്‍ബന്ധം പിടിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശം.

ഫിലാഡൽഫി ഇടനാഴിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള നെതന്യാഹുവിൻ്റെ സമീപകാല അവകാശവാദങ്ങളെയും അദ്ദേഹം തള്ളിപ്പറഞ്ഞു. ഇതുവഴിയാണ് ഗസ്സയിലേക്ക് ആയുധങ്ങൾ കടത്തുന്നത് എന്നായിരുന്നു നെതന്യാഹു ആരോപിച്ചിരുന്നത്. എന്നാല്‍ ഗസ്സയിലെ ആയുധങ്ങളും ഫിലാഡൽഫി ഇടനാഴിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് നദവ് അർഗമാൻ പറഞ്ഞു.

സാമൂഹികമായും സാമ്പത്തികമായും പ്രത്യാഘാതങ്ങളുണ്ടാക്കുന്ന യുദ്ധങ്ങൾക്ക് ഇസ്രായേൽ സജ്ജമല്ലെന്നും നിലവിലെ യുദ്ധം വളരെ മുമ്പേ അവസാനിപ്പിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story