Quantcast

വടക്കൻ ഗസ്സയിൽ ജനവാസകേന്ദ്രത്തിന് നേരെ ഇസ്രായേൽ വ്യോമാക്രമണം; നൂറോളം പേർക്ക് ദാരുണാന്ത്യം

കെട്ടിടത്തിൽ 300നും 400നുമിടയിൽ ആളുകളുണ്ടായിരുന്നതായാണ് വിവരം, രാത്രിയായതിനാൽ നല്ല ഉറക്കത്തിലായിരുന്നു എല്ലാവരും

MediaOne Logo

Web Desk

  • Updated:

    2024-10-29 17:13:11.0

Published:

29 Oct 2024 2:58 PM GMT

Israeli strike kills nearly 100 Palestinians sleeping in homes
X

ഗസ്സ സിറ്റി; വടക്കൻ ഗസ്സയിൽ തിങ്കളാഴ്ച രാത്രി നടന്ന ഇസ്രായേൽ വ്യോമാക്രമണത്തിൽ നൂറോളം പേർക്ക് ദാരുണാന്ത്യം. ബെയ്ത്ത് ലാഹിയയിലെ അഞ്ചുനില കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ 25 കുട്ടികളും ഉൾപ്പെടുന്നതായാണ് വിവരം.

കുറേയധികം ദിവസങ്ങളായി ഈ മേഖല കേന്ദ്രീകരിച്ച് വലിയ രീതിയിൽ ആക്രമണങ്ങളുണ്ടായിരുന്നു. സംഭവം നടക്കുന്ന സമയം കെട്ടിടത്തിൽ 300നും 400നുമിടയിൽ ആളുകളാണുണ്ടായിരുന്നത്. രാത്രിയായതിനാൽ നല്ല ഉറക്കത്തിലായിരുന്നു എല്ലാവരും. ആക്രമണത്തിൽ 93 പേർ കൊല്ലപ്പെട്ടതായും നാല്പ്പതിലധികം പേരെ കാണാതായതായും 150 പേർക്ക് പരിക്കേറ്റതായും ഫലസ്തീനിയൻ ആരോഗ്യമന്ത്രാലയം പറയുന്നു. തകർന്ന കെട്ടിടം അബു നാസർ എന്നയാളുടേതാണെന്നാണ് റിപ്പോർട്ടുകൾ.

വേണ്ടത്ര ചികിത്സ കിട്ടാതെയാണ് ബെയ്ത്ത് ലാഹിയ ആക്രമണത്തിൽ മിക്കവരും മരിച്ചതെന്നാണ് ഗസ്സയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവിടെ ആരോഗ്യകേന്ദ്രങ്ങളെല്ലാം ഇസ്രായേൽ നേരത്തേ തന്നെ തകർത്തിരുന്നു. വ്യോമാക്രമണത്തിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ സൗകര്യങ്ങളൊന്നും തന്നെയില്ലെന്ന് കമാൽ അഡ്വാൻ ആശുപത്രി ഡയറക്ടർ ഡോ.ഹുസ്സാം അബു സഫിയ സ്ഥിരീകരിക്കുന്നുമുണ്ട്. ആക്രമണത്തിൽ കഷ്ടിച്ച് രക്ഷപെട്ടവർക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തുകയും ചെയ്തതായാണ് ഇദ്ദേഹം പറയുന്നത്.

കമാൽ അഡ്വാൻ ആണ് വടക്കൻ ഗസ്സയിൽ പ്രവർത്തനത്തിലുണ്ടായിരുന്ന ഏക ആരോഗ്യകേന്ദ്രം. കഴിഞ്ഞ ദിവസം ഇവിടെ റെയ്ഡ് നടത്തിയ ഇസ്രായേൽ സേന, ജീവനക്കാരെയെല്ലാം പിരിച്ചുവിടുകയും കുറച്ച് പേരെ തടങ്കലിലാക്കുകയും ചെയ്തു. അബു സഫിയയും മറ്റൊരു ഡോക്ടറും മാത്രമാണ് രക്ഷപെട്ടത്. നിരന്തരമായുള്ള ഇസ്രായേൽ ആക്രമണവും, മരുന്നിനും ഭക്ഷണത്തിനും ഇന്ധനത്തിനുമൊക്കെയുള്ള ക്ഷാമവും മൂലം പ്രദേശത്തെ മറ്റ് ആശുപത്രികളെല്ലാം പൂർണമായും അടച്ചു പൂട്ടിയിരിക്കുകയാണ്.

അതേസമയം, വടക്കൻ ഗസ്സയിൽ ആക്രമണം മറ്റൊരു തലത്തിലേക്ക് തിരിച്ചിരിക്കുകയാണ് ഇസ്രായേൽ സേന. ഇവിടെ വംശീയ ഉന്മൂലനം നടത്താൻ സേന പുതിയൊരു പദ്ധതി തന്നെ തയ്യാറാക്കിയതായാണ് വിവരം. വടക്ക് നിന്ന് സ്വയമേ ഒഴിഞ്ഞു പോകുന്ന ഗസ്സക്കാർക്ക് ഭക്ഷണവും വെള്ളവും തരുമെന്നാണ് റിട്ടയേർഡ് ജനറൽ ജിയോറ എയ്‌ലൻഡിന്റെ പ്രഖ്യാപനം. 'ജനറൽസ് പ്ലാൻ' എന്നാണ് പദ്ധതിയുടെ വിളിപ്പേര്. വടക്കൻ ഗസ്സയിൽ നിന്ന് ഫലസ്തീനികളെ പൂർണമായും നീക്കി, ഇവിടം ഒരു സൈനിക കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതിയാണിത്. ഒഴിയാൻ കൂട്ടാക്കാത്തവരെ ഹമാസ് പ്രവർത്തകരായി കണക്കാക്കി കൊലപ്പെടുത്തും.

ഒക്ടോബർ 5നാണ് ബെയ്ത്ത് ഹനൂൻ, ബെയ്ത്ത് ലാഹിയ, ജബാലിയ അഭയാർഥി ക്യാമ്പ്, ജബാലിയ പട്ടണം എന്നിവിടങ്ങളിൽ നിന്നും ഫലസ്തീനികളെ പൂർണമായും ഒഴിപ്പിക്കാനുള്ള ഈ പദ്ധതിക്ക് ഇസ്രായേൽ രൂപം നൽകുന്നത്. പിന്നീട് ഇവിടേക്കുള്ള മാനുഷിക സഹായം സേന തടഞ്ഞു. വടക്കൻ ഗസ്സയിൽ വീണ്ടും രൂപം കൊണ്ട ഫലസ്തീനിയൻ പ്രതിരോധ സേനയെ ഇല്ലാതാക്കാനാണ് പുതിയ നീക്കമെന്നാണ് ഇസ്രായേലിന്റെ വാദം. എന്നാൽ ജനറൽസ് പ്ലാനിന്റെ ആദ്യ ഘട്ടമാണിതെന്ന് വിദഗ്ധർ പറയുന്നു.

സെപ്റ്റംബറിൽ നടന്ന ഒരു യോഗത്തിൽ ഈ പദ്ധതി പരിഗണനയിലുള്ളതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. യുദ്ധം തുടങ്ങി ഒരു വർഷം പൂർത്തിയായിട്ടും ഹമാസിനെ തുരത്തുക എന്ന ലക്ഷ്യം പൂർത്തിയാക്കാൻ കഴിയാത്തതിനാൽ, ഈ പദ്ധതി നടപ്പിലാക്കാനായാൽ അതൊരു വിജയപ്രഖ്യാപനമാകും എന്നാണ് നെതന്യാഹുവിന്റെ കണക്കുകൂട്ടൽ. എന്നാൽ ജനറൽസ് പ്ലാനിനായി വേണ്ടത്ര സൈനികബലം ഇസ്രായേലിനുണ്ടോ എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

നിലവിൽ ഗസ്സ സിറ്റിയുൾപ്പടെ 4,00,000 പേർ വടക്കൻ ഗസ്സയിലുണ്ടെന്നാണ് ഫലസ്തീനിയൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസി, UNRWAയുടെ റിപ്പോർട്ട്. നിലവിൽ ഉപരോധമുള്ള പ്രദേശങ്ങളിലെല്ലാം ഭക്ഷണവും മരുന്നുമുൾപ്പടെ സേന തടഞ്ഞിരിക്കുകയാണ്. മാധ്യമങ്ങൾക്കും ഇവിടെ വിലക്കുണ്ട്.

വടക്കൻ ഗസ്സയിൽ ആധിപത്യം സ്ഥാപിക്കാനായാൽ ഗസ്സ സിറ്റി പിടിച്ചെടുക്കാനാകും എന്നതാണ് ഇസ്രായേൽ കണക്കുകൂട്ടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇവിടെ ഫലസ്തീന്റെ ഭരണസിരാകേന്ദ്രം തകർക്കാനായാൽ അത് തുടർന്നുള്ള നീക്കങ്ങൾക്ക് ഇസ്രായേലിന് വലിയ മുതൽക്കൂട്ടാകും. തങ്ങളുടെ സാമൂഹിക, സാംസ്‌കാരിക തലസ്ഥാനമായ ഗസ്സ സിറ്റി നഷ്ടപ്പെട്ടാൽ അത് ഫലസ്തീനിൽ വലിയ ആഘാതം സൃഷ്ടിക്കുകയും ചെയ്യും. ഇതൊക്കെ കൊണ്ടു തന്നെ വടക്കൻ ഗസ്സ എന്ത് വില കൊടുത്തും പിടിച്ചടക്കാനാണ് ഇസ്രായേലിന്റെ ശ്രമം.

TAGS :

Next Story