Quantcast

ബഹിഷ്‌കരിച്ച് മലേഷ്യയും ഇന്തോനേഷ്യയും; ഈത്തപ്പഴ കയറ്റുമതിയിൽ ഇസ്രായേലിന് തിരിച്ചടി

ഇസ്രായേലിൽനിന്നുള്ള വാർഷിക ഈത്തപ്പഴ കയറ്റുമതിയുടെ മൂന്നിലൊന്നും റമദാൻ മാസത്തിലാണ് നടക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2024-03-16 11:17:25.0

Published:

16 March 2024 10:58 AM GMT

Israels date exports suffer as Malaysia and Indonesia boycott imports
X

റമദാൻ കാലത്ത് സജീവമാകുന്ന ഈത്തപ്പഴ കയറ്റുമതിയിലും ഇസ്രായേൽ തിരിച്ചടി നേരിടുകയാണ്. തെക്കുകിഴക്കൻ ഏഷ്യയിലെ മുസ്‌ലിം രാഷ്ട്രങ്ങളിലുടനീളം ഇസ്രായേലിൽ നിന്നുള്ള ഈത്തപ്പഴം ജനങ്ങൾ ബഹിഷ്‌കരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ പരമോന്നത മുസ്ലിം സംഘം ഇസ്രായേലി ഈത്തപ്പഴ ഇറക്കുമതി തടയാൻ ആഹ്വാനം ചെയ്തിരുന്നു. ഇന്തോനേഷ്യൻ കൗൺസിൽ ഓഫ് ഉലമയും നദ്‌വതുൽ ഉലമയുമാണ് ആഹ്വാനം നടത്തിയത്. ഇസ്രായേലിൽനിന്നുള്ള ഈത്തപ്പഴം നിഷിദ്ധമാണെന്നും അവർ ചൂണ്ടിക്കാട്ടി.

അതേസമയം, പ്രാദേശിക വിൽപ്പനയ്ക്കായി ഈത്തപ്പഴ പാക്കറ്റിൽ തെറ്റായി ലേബൽ ചെയ്തുവെന്നാരോപിച്ച് ഒരാളെ മലേഷ്യൻ കസ്റ്റംസ് അറസ്റ്റു ചെയ്തു. മലേഷ്യ സെലാംഗറിലെ ക്ലാങ് പോർട്ടിലെ വെയർഹൗസിലാണ് റെയ്ഡ് നടന്നത്. അവിടെ ഇസ്രായേലിൽ നിന്നുള്ളതെന്ന് കരുതപ്പെടുന്ന 73 വലിയ പായ്ക്കറ്റ് മെഡ്ജൂൾ ഈത്തപ്പഴം അധികൃതർ കണ്ടുകെട്ടി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മലേഷ്യൻ മന്ത്രി അർമിസാൻ മുഹമ്മദ് അലി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രായേൽ ഈത്തപ്പഴത്തിനെതിരെ ബഹിഷ്‌കരണമുണ്ടാകുന്നതിനാൽ ലേബൽ മാറ്റി വിൽപ്പന നടന്നേക്കുമെന്ന് റമദാനിന് മുമ്പേ വാർത്തകളുണ്ടായിരുന്നു. അതേസമയം, അൽ അഖ്‌സ എന്ന് പേരിട്ട് ഇസ്രായേലി മെജ്ദൂൾ ഈത്തപ്പഴം ആസ്‌ത്രേലിയയിൽ വിൽക്കുന്നതായി ചിലർ എക്‌സിൽ ചൂണ്ടിക്കാട്ടി.

ലോകത്തിൽ ഏറ്റവും കൂടുതൽ ഈത്തപ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്രായേൽ, പ്രത്യേകിച്ചും ജനപ്രിയമായ മെഡ്ജൂൾ ഈത്തപ്പഴം. ഇസ്രായേലിൽനിന്നുള്ള വാർഷിക ഈത്തപ്പഴ കയറ്റുമതിയുടെ മൂന്നിലൊന്നും റമദാൻ മാസത്തിലാണ് നടക്കുന്നത്. അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത സെറ്റിൽമെന്റുകളിൽ ഇസ്രായേലി കുടിയേറ്റക്കാരാണ് ഇസ്രായേലി മെഡ്ജൂൾ ഈത്തപ്പഴങ്ങളിൽ ഭൂരിഭാഗവും കൃഷി ചെയ്യുന്നതെന്നാണ് ഫലസ്തീൻ സോളിഡാരിറ്റി കാമ്പെയ്ൻ പറയുന്നത്.

ഈത്തപ്പഴം വാങ്ങുന്നതിന് മുമ്പ് ലേബലുകൾ പരിശോധിക്കണമെന്ന് ഇസ്രായേലി അധിനിവേശ വിരുദ്ധ കാമ്പയിനർമാർ ആളുകൾക്ക് പതിവായി മുന്നറിയിപ്പ് നൽകുന്നുണ്ട്. ബഹിഷ്‌കരണം, വിഭജനം, ഉപരോധം മൂവ്മെന്റാ(ബിഡിഎസ്)ണ് ബഹിഷ്‌കരണത്തിന് നേതൃത്വം നൽകുന്നത്. ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന വംശഹത്യയിലും വർണവിവേചനത്തിലും കമ്പനികൾ പങ്കാളിത്തം വഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബഹിഷ്‌കരണം. ഇത്തരം ബഹിഷ്‌കരണം ഇസ്രയേലിന് നൽകുന്ന സാമ്പത്തിക ആഘാതം വളരെ വലുതായിരിക്കും. കാരണം മെഡ്ജൂൾ ഈത്തപ്പഴ വിപണിയിൽ 50 ശതമാനവും നൽകുന്നത് ഇസ്രായേലാണ്. 2022ൽ മാത്രം ഇസ്രായേലിൽ നിന്ന് 338 മില്യൺ ഡോളറിന്റെ ഈത്തപ്പഴ കയറ്റുമതിയാണ് നടത്തിയതെന്നാണ് ഇസ്രായേലി കാർഷിക മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതേ വർഷം മറ്റെല്ലാ പഴങ്ങളുമായി 432 മില്യൺ ഡോളറിന്റെ കയറ്റുമതി മാത്രമാണ് നടന്നതെന്നും അധികൃതർ പറയുന്നു.

ഗസ്സയ്‌ക്കെതിരെ ആക്രമണം നടത്തി ഇസ്രായേൽ സേന 31,000 ഫലസ്തീനികളെയാണ് കൊന്നൊടുക്കിയത്. കൊല്ലപ്പെട്ടവരിലേറെയും സാധാരണക്കാരും കുട്ടികളുമാണ്. ഗസ്സയിലെ ജനസംഖ്യയുടെ 80% പേരെയും നിർബന്ധിതമായി മാറ്റിപ്പാർപ്പിക്കാനും യുദ്ധം കാരണമായി. നിലവിൽ ഇസ്രയേൽ ഉപരോധം നടത്തി ഫലസ്തീൻ ജനതയെ പട്ടിണിയിലേക്ക് തള്ളിവിടുകയാണ്. ഇതോടെ ഗസ്സയിൽ ഡസൻ കണക്കിന് കുട്ടികൾ പട്ടിണി മൂലം മരിച്ചതായി യുഎൻ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

TAGS :

Next Story