ഗസ്സക്കാരെ ഇന്തോനേഷ്യയിലേക്ക് മാറ്റാൻ ട്രംപിന്റെ പ്രതിനിധി നിർദേശിച്ചെന്ന് റിപ്പോർട്ട്
വാർത്തകൾ തള്ളി ഇന്തോനേഷ്യ

വാഷിങ്ടൺ: പുനർനിർമാണ പ്രക്രിയ ആരംഭിക്കുേമ്പാൾ ഗസ്സയിലെ ജനസംഖ്യയുടെ ഒരു ഭാഗത്തെ ഇന്തോനേഷ്യയിലേക്ക് മാറ്റാൻ നിയുക്ത അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മിഡിൽ ഈസ്റ്റിലെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് നിർദേശിച്ചതായി റിപ്പോർട്ട്. അമേരിക്കൻ മാധ്യമമായ എൻബിസിയാണ് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ നിലനിർത്താനുള്ള ട്രംപ് ഭരണകൂടത്തിെൻറ ശ്രമങ്ങളുടെ ഭാഗമായി വിറ്റ്‌കോഫ് ഗസ്സ സന്ദർശിക്കുന്നത് പരിഗണിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇരുപക്ഷത്തിെൻറയും വാക്കുകൾ കേൾക്കുന്നതിന് പകരം അവിടത്തെ സാഹചര്യം സ്വയം വിലയിരുത്താൻ അദ്ദേഹം ഉദ്ദേശിക്കുന്നുണ്ട്.
ട്രംപും സംഘവും ഗസ്സക്ക് വേണ്ടിയുള്ള ദീർഘകാല പരിഹാരങ്ങൾക്കായി ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഞങ്ങൾ ഗസ്സക്കാരെ സഹായിച്ചില്ലെങ്കിൽ, അവരുടെ ജീവിതം മെച്ചപ്പെടുത്തിയില്ലെങ്കിൽ, അവർക്ക് പ്രതീക്ഷ നൽകുന്നില്ലെങ്കിൽ അവിടെ ഒരു കലാപമുണ്ടാകുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
അതേസമയം, ഇന്തോനേഷ്യ ഗസ്സ നിവാസികൾക്ക് താൽക്കാലിക ആതിഥേയ രാജ്യമാകാൻ സാധ്യതയുണ്ടെന്ന മാധ്യമ റിപ്പോർട്ടുകൾ ഇന്തോനേഷ്യൻ സർക്കാർ നിഷേധിച്ചു. തങ്ങൾ ഇത്തരമൊരു സ്ഥലംമാറ്റ പദ്ധതി കേൾക്കുന്നത് ഇതാദ്യമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് റോയ് സോമിറാത്ത് പറഞ്ഞു.
ഹമാസും ഇസ്രയേലും വെടിനിർത്തലിന് സമ്മതിച്ചുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ, ഗസ്സ പുനർനിർമിക്കുന്നതിന് സംഭാവന നൽകാൻ ഇന്തോനേഷ്യ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി സുഗിയോനോ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16