ടെലിവിഷനിൽ ലൈംഗികാധിക്ഷേപം: പങ്കാളിയുമായി വേർപിരിഞ്ഞ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി
മാധ്യമപ്രവര്‍ത്തകന്‍ ആന്ദ്രേയ ജ്യാംബ്രോനോയുമായുള്ള പത്തുവർഷത്തെ ലിവിങ് ടുഗെതർ ബന്ധമാണ് മെലോനി അവസാനിപ്പിച്ചത്
റോം: വിവാദ ലൈംഗികാധിക്ഷേപ പരാമർശങ്ങൾക്കു പിന്നാലെ പങ്കാളിയുമായി പിരിഞ്ഞ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി. ടെലിവിഷൻ അവതാരകൻ ആന്ദ്രേയ ജ്യാംബ്രോനോയുമായി വേർപിരിയുകയാണെന്ന വിവരം മെലോനി തന്നെയാണു പരസ്യമാക്കിയത്. പത്തു വർഷത്തെ ബന്ധമാണ് ഇവർ അവസാനിപ്പിച്ചിരിക്കുന്നത്.
''കുറച്ചു കാലമായി രണ്ടു വഴികളിലൂടെയാണു നടക്കുന്നത്. അക്കാര്യം അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഞങ്ങൾ എന്തായിരുന്നോ അതെല്ലാം, ഞങ്ങളുടെ സൗഹൃദവുമെല്ലാം തുടരും. സ്വന്തം അമ്മയെയും അച്ഛനെയും സ്‌നേഹിക്കുന്ന ഞങ്ങളുടെ ഏഴുവയസുകാരിയെയും എന്തു വിലകൊടുത്തും സംരക്ഷിക്കും. ഇതേക്കുറിച്ച് കൂടുതലൊന്നും പറയാനില്ല.''-മെലോനി സോഷ്യൽ മീഡിയയിൽ കുറിച്ചു.
മീഡിയ ഫോർ യൂറോപ്പ്(എം.എഫ്.ഇ) എന്ന ഗ്രൂപ്പിന്റെ ഭാഗമായ ഇറ്റാലിയൻ ചാനൽ 'മീഡിയസെറ്റ്' അവതാരകനാണ് ആന്ദ്രേയ ജ്യാംബ്രോനോ. 'ഡിയറിയോ ഡെൽ ജിയോർനോ' എന്ന പേരിൽ ഒരു പരിപാടി ഇദ്ദേഹം ചാനലിൽ അവതരിപ്പിച്ചുവരുന്നുണ്ട്. ഇതിനിടെ കൂട്ടബലാത്സംഗത്തെ ന്യായീകരിച്ചു നടത്തിയ പരാമർശമാണ് ആന്ദ്രേയയെയും ഇറ്റാലിയൻ പ്രധാനമന്ത്രിയെയും വെട്ടിലാക്കിയത്. അമിതമായി മദ്യപിച്ചിരുന്നില്ലെങ്കിൽ ബലാത്സംഗത്തിൽനിന്നു രക്ഷപ്പെടാമെന്നായിരന്നു വിവാദ പരാമർശം.
''താങ്കൾക്ക് ഡാൻസ് ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ മദ്യപിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. അക്കാര്യത്തിൽ ഒരു തരത്തിലുമുള്ള തെറ്റിദ്ധാരണയും ഒരു പ്രശ്‌നവുമുണ്ടാകാൻ പാടില്ല. എന്നാൽ, മദ്യലഹരിയിൽ ബോധം പോകാതെ സൂക്ഷിക്കുകയാണെങ്കിൽ പ്രശ്‌നത്തിൽ അകപ്പെടാതെ, ചെന്നായയ്ക്കു മുന്നിൽപെടാതെ നോക്കാമായിരുന്നു.''-വിവാദ പരാമർശത്തിൽ ആന്ദ്രേയ ജ്യാംബ്രോനോ പറഞ്ഞു.
വിവാദ പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ രംഗത്തെത്തി. വിവിധ സാമൂഹിക സംഘടനകളിൽനിന്നടക്കം മെലോനിക്കും പങ്കാളിക്കുമെതിരെ വൻ പ്രതിഷേധവുമുയർന്നു. എന്നാൽ, പങ്കാളിയുടെ പരാമർശത്തിൽനിന്നു തന്നെ വിലയിരുത്തരുതെന്നായിരുന്നു മെലോനിയുടെ പ്രതികരണം. വർഷങ്ങൾക്കുമുൻപ് ഒരു ടെലിവിഷൻ ഷോയ്ക്കിടെയാണ് മെലോനിയും ആന്ദ്രേയയും പരിചയത്തിലാകുന്നത്. ഇതിനുശേഷം വിവാഹിതരായില്ലെങ്കിലും ലിവിങ് ടുഗെതർ ബന്ധം തുടരുകയായിരുന്നു. ഈ ബന്ധത്തിൽ ഇവർക്കൊരു മകളുമുണ്ട്.
Summary: Italy PM Giorgia Meloni leaves partner and television journalist partner Andrea Giambruno after sexist TV comments
Adjust Story Font
16