Quantcast

യൂനിഫില്‍ ആസ്ഥാനത്ത് വ്യോമാക്രമണം; ഇസ്രായേൽ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഇറ്റലി

യുഎൻ സൈനികരെ പിൻവലിക്കണമെന്ന ഇസ്രായേൽ ഭീഷണി നേരത്തെ അയർലൻഡ് തള്ളിയിരുന്നു

MediaOne Logo

Web Desk

  • Published:

    10 Oct 2024 3:10 PM GMT

Italy summons Israeli envoy after UNIFIL soldiers wounded in attack in Lebanon, Israel Hezbollah war 2024,
X

റോം: യുഎൻ ദൗത്യസേനാ ആസ്ഥാനത്തുണ്ടായ വ്യോമാക്രമണത്തിൽ ഇസ്രായേലിനെതിരെ രൂക്ഷവിമർശനവുമായി ഇറ്റലി. ഇറ്റലിയിലെ ഇസ്രായേൽ അംബാസഡറെ നേരിട്ടു വിളിച്ചുവരുത്തി പ്രതിരോധ മന്ത്രി ഗ്വിയ്‌ദോ ക്രോസെറ്റോ പ്രതിഷേധമറിയിച്ചു. യുഎൻ ഇന്റെറിം ഫോഴ്‌സ് ഇൻ ലെബനാൻ(യൂനിഫിൽ) ആസ്ഥാനത്താണ് ഇന്ന് ഇസ്രായേൽ ആക്രമണമുണ്ടായത്. സംഭവത്തിൽ രണ്ട് സൈനികർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.

യൂനിഫിൽ താവങ്ങളിലുള്ള ആക്രമണം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഇറ്റലി പ്രതിരോധ മന്ത്രി ക്രോസെറ്റോ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറ്റാലിയൻ സൈനികരുടെ രണ്ടു താവളങ്ങൾക്കുനേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം മറ്റൊരു താവളത്തിലും ആക്രമണം നടന്നിരുന്നു.

നഖൂറയിലെ യൂനിഫിൽ ആസ്ഥാനത്തിലാണ് ഇന്ന് ഇസ്രായേൽ കരസേനയുടെ മെർകാവാ ടാങ്ക് മിസൈൽ അയച്ചത്. ആസ്ഥാനത്തെ നിരീക്ഷണ ടവർ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ടവർ തകർന്നുവീണതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവിടെ സൈനികർ കഴിഞ്ഞിരുന്ന ബങ്കറിലും മിസൈൽ പതിച്ചിട്ടുണ്ട്. സൈനിക വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിക്കുകയും ആശയവിനിമയ സംവിധാനം തകരാറിലാകുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

1978ലാണ് യൂനിഫിൽ എന്ന പേരിൽ പ്രത്യേക സംഘത്തെ സമാധാനദൗത്യത്തിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭ ലബനാനിലേക്ക് അയയ്ക്കുന്നത്. ലബനാനിൽനിന്ന് ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റം ഉറപ്പാക്കുകയായിരുന്നു സേനയുടെ പ്രധാന ദൗത്യം. നിലവിൽ 10,000ത്തോളം യുഎൻ സൈനികർ ഇപ്പോഴും ലബനാനിൽ തുടരുന്നുണ്ട്. ഇതിൽ പകുതിയിലേറെയും ഇറ്റാലിയൻ സൈനികരാണ്. ദൗത്യസംഘത്തിന്റെ നിലവിലെ തലവനും ഇറ്റലിയുടെ ലഫ്. ജനറൽ അരോൾഡോ ലസാറോ സെയ്ൻസ് ആണ്.

നേരത്തെ, യുഎൻ സൈനികരെ പിൻവലിക്കണമെന്ന ഇസ്രായേൽ ഭീഷണി അയർലൻഡ് തള്ളിയിരുന്നു. ഇസ്രായേൽ ആക്രമണം കടുപ്പിച്ചാലും യുഎൻ സമാധാനദൗത്യത്തിന്റെ ഭാഗമായി അയച്ച സൈന്യത്തെ പിൻവലിക്കില്ലെന്ന് ഐറിഷ് പ്രസിഡന്റ് മിഷേൽ ഡി ഹിഗ്ഗിൻസ് വ്യക്തമാക്കി. സമാധാനപാലകരായ സൈന്യത്തിനെതിരായ ഭീഷണി ക്രൂരമാണെന്നും അദ്ദേഹം പറഞ്ഞു.

347 ഐറിഷ് സൈനികരാണ് യൂനിഫിൽ ദൗത്യസംഘത്തിന്റെ ഭാഗമായി ലബനാനിലുള്ളത്. ദക്ഷിണ ലബനാനിലാണ് ഇവരെ വിന്യസിച്ചിട്ടുള്ളത്. ഗോലാൻ കുന്നിനോട് ചേർന്ന് ലബനാനെ ഇസ്രായേലിൽനിന്ന് വേർതിരിക്കുന്ന മേഖലയിലുള്ള 25 ഔട്ട്പോസ്റ്റുകളിൽ രണ്ടെണ്ണം ഐറിഷ് സൈനികരുടെ നിയന്ത്രണത്തിലാണുള്ളത്. ലബനാനിൽ കരയാക്രമണം കടുപ്പിക്കുന്നതിനിടെ ഇവരെ തിരിച്ചുവിളിക്കണമെന്ന് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു.

സെപ്റ്റംബർ 30ന് ലബനാനിൽ ആരംഭിച്ച കരയാക്രമണത്തിനു മുൻപ് സൈന്യത്തെ മാറ്റാൻ ഇസ്രായേൽ നിർദേശിച്ചിരുന്നതായി യുഎൻഐഫിൽ വക്താവ് ആൻഡ്രിയ ടെനെന്റി അറിയിച്ചു. നിലവിലുള്ള കേന്ദ്രങ്ങളിൽതന്നെ ദൗത്യസേന തുടരും. ലബനാനിൽ യുഎൻ പതാക തുടർന്നും പാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐറിഷ് സൈന്യത്തിന്റെ താവളത്തിനടുത്ത് വരെ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ഇതിൽ യുഎൻ ആശങ്ക പ്രകടിപ്പിച്ചു. ഇത് തീർത്തും അപകടകരമായ സ്ഥിതിയാണ്. യുഎൻ രക്ഷാസമിതി നിർദേശിച്ച സമാധാനദൗത്യവുമായി ലബനാനിലുള്ള സേനയുടെ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അംഗീകരിക്കാനാകില്ലെന്നും യുഎൻ പ്രസ്താവനയിൽ പറഞ്ഞു.

Summary: Italy summons Israeli ambassador after UNIFIL soldiers wounded in attack in Lebanon

TAGS :

Next Story