Quantcast

'നെതന്യാഹു പെരുംനുണയൻ, വൃത്തികെട്ടവൻ; ഒപ്പമുള്ളവരും കള്ളന്മാർ'-ഗുരുതര പരാമർശങ്ങളുമായി ബൈഡൻ, വെളിപ്പെടുത്തലുമായി പുസ്തകം

കോവിഡ്-19 ലോകത്തെ പിടിമുറുക്കിക്കൊണ്ടിരുന്ന സമയത്ത് ട്രംപ് രഹസ്യമായി പുടിനു വേണ്ടി ടെസ്റ്റ് യന്ത്രങ്ങൾ അയച്ചെന്നും ഇതു രഹസ്യമാക്കി വയ്ക്കാൻ റഷ്യൻ പ്രസിഡന്റ് ആവശ്യപ്പെട്ടെന്നും ബോബ് വുഡ്‌വാർഡിന്റെ പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-10-16 11:56:11.0

Published:

16 Oct 2024 8:28 AM GMT

US president Joe Biden calls Israel PM Benjamin Netanyahu fucking liar, son of a bitch: Bob Woodwars new book, War, reveals, Donald Trump, Vladimir Putin
X

വാഷിങ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള അവിശ്വാസം പരസ്യമാക്കുന്ന വെളിപ്പെടുത്തലുമായി പുതിയ പുസ്തകം. മുതിർന്ന അമേരിക്കൻ മാധ്യമപ്രവർത്തകനായ ബോബ് വുഡ്‌വാർഡിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'വാർ' എന്ന പുസ്തകത്തിലാണ് ബൈഡന്റെ ഗുരുതര പരാമർശങ്ങളെ കുറിച്ച് വെളിപ്പെടുത്തലുള്ളത്. നെതന്യാഹുവിനെ ബൈഡൻ പെരും നുണയനെന്നും വൃത്തികെട്ടവനെന്നും വിളിച്ചതായാണു പുസ്തകത്തിൽ ആരോപിക്കുന്നത്.

തന്റെ ഒരു സഹായിയുമായി നടത്തിയ സ്വകാര്യസംഭാഷണത്തിനിടയിലാണ് ബൈഡൻ നെതന്യാഹുവിനെ കുറിച്ച് കടുത്ത പരാമർശങ്ങൾ നടത്തിയതെന്നാണു വെളിപ്പെടുത്തൽ. പെരുംനുണയനെന്നാണ് സംസാരത്തിൽ നെതന്യാഹുവിനെ യുഎസ് പ്രസിഡന്റ് വിശേഷിപ്പിച്ചത്. 'തെണ്ടിയുടെ മകൻ', 'വൃത്തികെട്ട മനുഷ്യൻ' എന്നെല്ലാം കടന്നുപറയുകയും ചെയ്തുവത്രെ. 2024ന്റെ ആരംഭത്തിൽ ഗസ്സയിൽ ഇസ്രായേൽ ആക്രമണം കടുപ്പിക്കുമ്പോഴായിരുന്നു ഈ പരാമർശങ്ങൾ.

പുസ്തകത്തിലെ വെളിപ്പെടുത്തലിനെ കുറിച്ചു ചോദിച്ചപ്പോൾ ഇതിനുമപ്പുറം ബൈഡൻ പറഞ്ഞിട്ടുണ്ടെന്നായിരുന്നു ബോബ് വുഡ്‌വാർഡ് പ്രതികരിച്ചത്. നെതന്യാഹുവിനു വേണ്ടി പ്രവർത്തിക്കുന്ന സഹായികളിൽ 19ൽ 18 പേരും നുണയന്മാരാണെന്നായിരുന്നുവത്രെ ബൈഡൻ പറഞ്ഞത്. എന്നാൽ, ഇതേ സമയം തന്നെ നമ്മൾ ഇസ്രായേൽ സഖ്യകക്ഷികളാണെന്ന നയതന്ത്ര-ഭൗമതന്ത്ര യാഥാർഥ്യം അവിടെ നിലനിൽക്കുന്നുണ്ടെന്നും ബോബ് വുഡ്‌വാർഡ് സൂചിപ്പിക്കുന്നു. ബൈഡന്റെ നയവും ഇസ്രായേൽ അനുകൂലമായിരുന്നു. ഇതിൽ അടിയുറച്ചുനിൽക്കുകയായിരുന്നു അദ്ദേഹവും ചെയ്തതെന്നും ബോബ് വുഡ്‌വാർഡ് പറഞ്ഞു.

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെ കുറിച്ചും ബൈഡൻ സമാനമായ പരാമർശം നടത്തുന്നുണ്ട്. 'വൃത്തികെട്ട പുടിൻ' എന്നായിരുന്നുവത്രെ ബൈഡൻ വിശേഷിപ്പിച്ചത്. പുടിൻ പിശാചാണെന്നും പൈശാചികതയുടെ മൂർത്തീഭാവമാണെന്നും അദ്ദേഹം കടന്നാക്രമിക്കുന്നുണ്ട്. റഷ്യ യുക്രൈനിൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ഓവൽ ഓഫിസിൽ ഉപദേഷ്ടാക്കളുമായുള്ള സംസാരത്തിലായിരുന്നു ബൈഡന്റെ പരാമർശം.

ബൈഡനു പുറമെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഉൾപ്പെടെയുള്ള മറ്റ് യുഎസ് വൃത്തങ്ങളും നെതന്യാഹുവും തമ്മിലും വലിയ അഭിപ്രായ ഭിന്നത നിലനിന്നിരുന്നതായും പുസ്തകത്തിൽ പറയുന്നുണ്ട്. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ നെതന്യാഹുവിനെ സ്വാധീനിക്കാനോ നിയന്ത്രിക്കാനോ ഒന്നും ബ്ലിങ്കനായില്ലെന്ന് ബോബ് വുഡ്‌വാർഡ് നിരീക്ഷിക്കുന്നു. വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ 'ഇരട്ടത്താപ്പി'ൽ നെതന്യാഹു അസംതൃപ്തനായിരുന്നുവത്രെ. മറയ്ക്കു പിന്നിൽ സൗഹാർദപൂർവം പെരുമാറുകയും പരസ്യമായി ഇസ്രായേലിനെ വിമർശിക്കുകയും ചെയ്‌തെന്നാണു വിമർശനം. ജൂലൈയിൽ നടന്ന ഒരു യോഗത്തിനുശേഷമാണ് ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതിയെ കമല ഹാരിസ് പരസ്യമായി വിമർശിച്ചത്. ഇതിൽ നെതന്യാഹു ക്ഷുഭിതനായിരുന്നുവെന്ന് പുസ്തകം പറയുന്നു. ഇതോടൊപ്പം കമലയെ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാക്കിയതിലും ഇസ്രായേലിന് എതിർപ്പുണ്ട്.

മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും തമ്മിലുള്ള രഹസ്യ ഇടപാടുകളുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിലൂടെ ബോബ് വുഡ്‌വാർഡിന്റെ 'വാർ' നേരത്തെ തന്നെ വിവാദങ്ങൾക്കു തിരികൊളുത്തിയിരുന്നു. കോവിഡ്-19 ലോകത്തെ പിടിമുറുക്കിക്കൊണ്ടിരുന്ന ആദ്യഘട്ടങ്ങളിൽ പുടിനു വേണ്ടി ട്രംപ് രഹസ്യമായി പരിശോധനാ യന്ത്രങ്ങൾ അയച്ചെന്നാണു വെളിപ്പെടുത്തൽ. അബോട് പോയിന്റ് ഓഫ് കെയർ കോവിഡ് ടെസ്റ്റ് മെഷീനുകളായിരുന്നു ഇത്. വ്യക്തിപരമായ ഉപയോഗത്തിനു വേണ്ടിയായിരുന്നുവത്രെ ഇത് നൽകിയത്.


കോവിഡ് ടെസ്റ്റ് മെഷീൻ അയച്ച വിവരം പരസ്യമാക്കരുതെന്ന് പുടിൻ ട്രംപിനോട് നിർദേശിക്കുകയും ചെയ്തിരുന്നുവത്രെ. അതു വലിയ കാര്യമല്ലെന്ന് ട്രംപ് പ്രതികരിച്ചപ്പോൾ, വിവരം പുറത്തറിഞ്ഞാൽ ജനരോഷം നേരിടേണ്ടിവരുമെന്നു പുടിൻ മുന്നറിയിപ്പ് നൽകി. സ്വന്തം കാര്യത്തിൽ അത്തരം ഭയമൊന്നും തനിക്കില്ലെന്നും പുടിൻ പറഞ്ഞു.

പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഇറങ്ങിയ ശേഷവും ട്രംപ് ഇടയ്ക്കിടെ പുടിനുമായി ഫോണിൽ സംസാരിക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹായിയെ ഉദ്ധരിച്ച് പുസ്തകത്തിൽ ബോബ് വുഡ്‌വാർഡ് വെളിപ്പെടുത്തുന്നുണ്ട്. ചുരുങ്ങിയത് ഏഴു പ്രാവശ്യമെങ്കിലും ഇത്തരത്തിൽ സംസാരിച്ചതായാണു വിവരം.

എന്നാൽ, പുസ്തകത്തിലെ ആരോപണങ്ങൾ ട്രംപ് അടുത്തിടെ നിഷേധിച്ചിരുന്നു. ബോബ് വുഡ്‌വാർഡ് പടച്ചുണ്ടാക്കിയ കഥകളൊന്നും ശരിയല്ലെന്നായിരുന്നു ട്രംപിന്റെ വക്താവ് സ്റ്റീവൻ ചിയൂങ് പ്രതികരിച്ചത്. ബൈഡനെ കുറിച്ചുള്ള വെളിപ്പെടുത്തൽ വൈറ്റ് ഹൗസിലെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി എമിലി സിമൺസും നിഷേധിച്ചു. ബൈഡനും നെതന്യാഹുവും തമ്മിൽ ദീർഘകാലത്തെ സൗഹൃദമുണ്ടെന്നും വളരെ വിശ്വസ്തവും ഗാഢവുമായ ബന്ധമാണെന്നുമാണ് എമിലി വ്യക്തമാക്കിയത്.

Summary: US president Joe Biden calls Israel PM Benjamin Netanyahu 'fucking liar', 'son of a bitch': Bob Woodwar's new book, 'War', reveals

TAGS :

Next Story