Quantcast

‘ഇസ്രായേലിന് ആയുധങ്ങൾ നൽകരുത്’; അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥനയുമായി ജോർഡൻ

‘ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നത് നിരോധിക്കാൻ യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയം പാസാക്കണം’

MediaOne Logo

Web Desk

  • Published:

    12 Oct 2024 4:33 PM GMT

Jordans Foreign Minister Ayman Safadi
X

അമ്മാൻ: ഗസ്സയിലെയും ലെബനാനിലെയും യുദ്ധം അവസാനിപ്പിക്കുന്നതിനായി സമ്മർദം ചെലുത്താൻ ഇസ്രായേലിനുമേൽ ആയുധ ഉപരോധം ഏർപ്പെടുത്തണമെന്ന് അയൽ രാജ്യമായ ജോർഡൻ ആഹ്വാനം ചെയ്തു. നേരത്തേ ഫ്രാൻസും സ്​പെയിനും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

അന്താരാഷ്ട്ര സമൂഹം ആയുധങ്ങൾ നൽകുന്നത് തുടർന്നി​ല്ലായിരുന്നുവെങ്കിൽ ഈ ആക്രമണമൊന്നും അഴിച്ചുവിടാൻ ഇസ്രായേലിന് കഴിയില്ലായിരുന്നുവെന്ന് ജോർഡാൻ വിദേശകാര്യ മന്ത്രി അയ്മൻ സഫാദി ‘എക്സി’ൽ കുറിച്ചു. പല രാജ്യങ്ങളും ഇപ്പോഴും അവർക്ക് ആയുധങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നത് നിരോധിക്കാൻ യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയം പാസാക്കണം. തെക്കൻ ലെബനാനിൽ യുഎൻ സമാധാന സംഘമായ യുനിഫിൽ അംഗങ്ങൾക്ക് ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. അതിനാൽ തന്നെ സെക്യൂരിറ്റി കൗൺസിൽ നിരോധനം ഏർപ്പെടുത്താൻ യാതൊരു തടസ്സവു​മില്ലെന്നും അയ്മൻ സഫാദി കൂട്ടിച്ചേർത്തു.

ഗസ്സയിലെ യുദ്ധം, മസ്ജിദുൽ അഖ്സയുടെ ഉടമസ്ഥാവകാശം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ജോർഡനും ഇസ്രായേലും തമ്മിൽ ഒരു വർഷമായി ബന്ധം വഷളായിട്ടുണ്ട്. അയ്മൻ സഫാദിയുടെ പുതിയ പ്രസ്താവനയും ബന്ധം കൂടുതൽ വഷളാക്കും. 1994ൽ ഇരുരാജ്യങ്ങളും സമാധാന കരാറിൽ ഒപ്പുവെച്ചിട്ടുള്ളതാണ്.

കഴിഞ്ഞയാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് എന്നിവരും ഇസ്രായേലിന് ആയുധങ്ങൾ നൽകരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇസ്രായേലിലേക്കുള്ള ആയുധവിതരണം ഗണ്യമായി വെട്ടിക്കുറക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ കഴിഞ്ഞ ജൂലൈയിൽ തീരുമാനിച്ചിരുന്നു. കൂടാതെ ജർമനിയും ആയുധവിതരണം കുറച്ചിട്ടുണ്ട്.

അതേസമയം, ഏറ്റവുമധികം ആയുധം നൽകുന്ന അമേരിക്ക ഇപ്പോഴും നിലപാട് മാറ്റിയിട്ടില്ല. യുദ്ധത്തിലുടനീളം ഇസ്രായേലിന്റെ പല നയങ്ങളെയും അമേരിക്ക വിമർശിക്കുന്നുണ്ടെങ്കിലും ആയുധവിതരണം നിർബാധം തുടരുകയാണ്. ഇതിന്റെ പിൻബലത്തിലാണ് ഗസ്സയിലും ലെബനാനിലും ഇസ്രായേൽ കൂട്ടക്കൊലകൾ തുടരുന്നത്.

കഴിഞ്ഞദിവസം ഗസ്സയിലെ ജബാലിയയിൽ താമസകേന്ദ്രത്തിൽ ഇസ്രായേൽ കൂട്ടക്കൊലയിൽ 22 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ഗസ്സ സിറ്റിയിലും ആക്രമണം നടത്തി. തുഹഫയിലെ ഒരു വീടിനു നേരയുണ്ടായ ഇസ്രായേൽ ബോംബാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിലേക്ക് വെള്ളവും ഭക്ഷണവും മരുന്നും വിലക്കിയ ഇസ്രായേൽ നടപടി ഉപരോധ സമാനമായ സാഹചര്യമാണ് സൃഷ്ടിച്ചത്. ഇസ്രായേൽ കൂട്ടക്കൊലക്ക് അമേരിക്കൻ സഹായമുണ്ടെന്ന് ഹമാസ് ആരോപിച്ചു. കൂടാതെ ജബലിയയിൽ മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ച് ഇസ്രായേൽ സൈന്യത്തെ നേരിട്ടതായി ഹമാസിന്റെ സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്സും അറിയിച്ചു.

ലെബനാനിൽ യുഎൻ സമാധാന സേനയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് പിന്നാലെ ആംബുലൻസുകൾക്കും ഇസ്രായേൽ സൈന്യം ആക്രമണ മുന്നറിയിപ്പ് നൽകി. ആംബുലൻസ് വഴി ഹിസ്ബുല്ലയുടെ ആയുധങ്ങൾ കടത്തുന്നുവെന്നാണ് ആരോപണം. തെക്കൻ ലബനാനിലെ 22 അതിർത്തി ഗ്രാമങ്ങളിലേക്ക് കടന്നുകയറിയ ഇസ്രായേൽ സേന ഗ്രാമീണരോട് ഉടൻ വീടൊഴിഞ്ഞുപോകണമെന്ന് ഭീഷണി മുഴക്കി. അവാലി നദിക്കപ്പുറത്തേക്ക് മാറിപ്പോകാനാണ് മുന്നറിയിപ്പ്.

അതേസമയം, ഇസ്രായേലിലെ ഹൈഫയിലേക്കും ഗോലാൻ കുന്നിലേക്കും ശനിയാഴ്ചയും ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തി. വിവിധ ഇസ്രായേൽ നഗരങ്ങളിൽ മിസൈൽ സൈറണുകൾ മുഴങ്ങി.

TAGS :

Next Story