'നെതന്യാഹുവിനെ കാണാന്‍ താല്‍പര്യമില്ല'; കൂടിക്കാഴ്ചയ്ക്കു കൂട്ടാക്കാതെ ഗോലാന്‍ കുന്ന് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍
ഹിസ്ബുല്ല ആക്രമണത്തിനു തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
തെല്‍അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ കാണാന്‍ കൂട്ടാക്കാതെ ഗോലാന്‍ കുന്നില്‍ ഹിസ്ബുല്ല റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍. ഇന്നോ നാളെയോ നേരിട്ട് കൂടിക്കാഴ്ചയൊരുക്കാനായിരുന്നു നീക്കം. ഇതിനായി നെതന്യാഹുവിന്റെ ഓഫിസ് കുടുംബങ്ങളെ ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം.
നെതന്യാഹുവിനു നേരില്‍ കാണാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിലെ മുതിര്‍ന്ന വൃത്തങ്ങളാണു കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബങ്ങളെ ബന്ധപ്പെട്ടതെന്ന് ഇസ്രായേല്‍ മാധ്യമമായ 'ഹാരെറ്റ്‌സ്' റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, നെതന്യാഹുവിനെ കാണാന്‍ താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്ന ഇവരെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂലൈ 28നായിരുന്നു ഇസ്രായേല്‍ അധിനിവിഷ്ട ഗോലാന്‍ കുന്നില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം നടന്നത്. ഗോലാനിലെ മജ്ദല്‍ ശംസില്‍ നടന്ന ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 12 ഇസ്രായേല്‍ പൗരന്മാരാണു കൊല്ലപ്പെട്ടത്. ഫുട്‌ബോള്‍ ടര്‍ഫില്‍ റോക്കറ്റ് പതിച്ചാണു കുട്ടികള്‍ കൊല്ലപ്പെട്ടത്.
ഹിസ്ബുല്ല ആക്രമണത്തിനു തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എപ്പോള്‍, ഏതു രീതിയില്‍ പ്രത്യാക്രമണം വേണമെന്ന് താനും പ്രതിരോധ മന്ത്രി യോവ് ഗാലന്റും ചേര്‍ന്നു തീരുമാനിക്കുമെന്നാണ് നെതന്യാഹു പ്രതികരിച്ചത്. മജ്ദല്‍ ശംസിലെ ആക്രമണത്തിനു പിന്നാലെ ദക്ഷിണ ലബനാനിലെ വിവിധ നഗരങ്ങളില്‍ മിസൈല്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഹുല, മര്‍കബ, ഖിയാം, ഷാഹീന്‍, ഐതല്‍ ശബാബ് തുടങ്ങിയ നഗരങ്ങളിലെല്ലാം ആക്രമണം തുടരുകയാണെന്നാണ് ലബനാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Summary: Families of kids killed in Golan rocket attack refuse to meet Israel PM Benjamin Netanyahu
Adjust Story Font
16